തലച്ചോറിനെ തിന്നുന്ന രോഗാണു മലപ്പുറത്ത്; പത്ത് വയസുകാരിയുടെ മരണം അപൂര്‍വ രോഗം മൂലമെന്ന് സ്ഥിരീകരണം

പെരിന്തല്‍മണ്ണയില്‍ പത്ത് വയസ്സുകാരിയുടെ മരണം അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. അപൂര്‍വ്വമായി ഉണ്ടാകുന്ന ഈ രോഗം ഗ്ലേറിയ ഫൗലേരി എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്. മലപ്പുറം അരിപ്ര സ്വദേശിയായ ഐശ്വര്യ ഇന്നലെയാണ് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

വെള്ളത്തിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പടരുന്നത്. പുഴയിലും ക്വാറികളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗാണുവിന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന പറഞ്ഞു.

2016 മാര്‍ച്ചില്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി അമീബിക് മെനിഞ്ചൈറ്റിസ് എന്ന അപൂര്‍വ്വ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ചുങ്കം സ്വദേശിയുമായ 17 വയസുകാരനാണ് അന്ന് ഈ അസുഖം ബാധിച്ച് മരിച്ചത്. കടുത്ത പനിയും തലവേദനുമായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ച കുട്ടിയ്ക്ക് മസ്തിഷിക ജ്വരം അഥവാ മെനിഞ്ചൈറ്റിസിനുള്ള ചികിത്സയാണ് ആദ്യം നല്‍കിയത്.

കുട്ടി കായലില്‍ കുളിച്ചിരുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അമീബിക് മെനിഞ്ചൈറ്റിസിന്റെ സാധ്യത പരിശോധിച്ചത്. പരിശോധനയില്‍ ഈ നിഗമനം ശരിയാണെന്ന് തെളിഞ്ഞു. നിഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവി (അമീബ) ഉണ്ടാക്കുന്ന അസുഖമാണ് അമീബിക് മെനിഞ്ചെറ്റിസ്. ജലാശയങ്ങളിലാണ് ഈ ഏകകോശ ജീവിയെ സാധാരണ കണ്ടു വരുന്നത്.

കുളിക്കുമ്പോഴോ നീന്തുമ്പോഴോ മൂക്കിലൂടെയാവും ഇത് മനുഷ്യശരീരത്തില്‍ പ്രവേശിക്കുക. മറ്റു മെനിഞ്ചൈറ്റിസ് രോഗങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ തലച്ചോറില്‍ നാശം വരുത്തുന്നതാണു അമീബിക് മെനിഞ്ചൈറ്റിസ്. രാജ്യത്താകെ തന്നെ പത്തോളം പേര്‍ക്ക് മാത്രമാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളുവെന്നാണ് വിവരം.

മൂക്കിനുള്ളിലൂടെ ശരീരത്തിലെത്തുന്ന അമീബ നേരെ മസ്തിഷ്‌കത്തിലേക്കാണ് പ്രവേശിക്കുക. തലച്ചോറിനുള്ളില്‍ മണം അറിയാനുള്ള ഞരമ്പിലാവും ഇവയുടെ സാന്നിധ്യമുണ്ടാവാറ്. തലച്ചോറില്‍ സംവേദനത്തിനുപയോഗിക്കുന്ന രാസവസ്തുക്കളാണ് ഇവയുടെ ഭക്ഷണം. ഈ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്നാണ് വിദഗ്ധാഭിപ്രായം.

മണ്ണിലും ഈ ഏകകോശ ജീവിയുടെ സാന്നിധ്യമുണ്ടെങ്കില്‍ അവിടെ നിര്‍ജീവമായിരിക്കും. എന്നാല്‍ മലിനപ്പെട്ടതും അല്‍പം ചൂടുള്ളതുമായ വെള്ളം ലഭിച്ചാല്‍ ഈ ഏകകോശ ജീവി വളരെ വേഗം പെറ്റുപെരുകും. തടാകങ്ങള്‍, പുഴകള്‍, തോടുകള്‍, നീന്തല്‍കുളങ്ങള്‍ എന്നിവയില്‍ ഇവ കാണപ്പെടാം.

മൂക്കിലൂടെ വെള്ളം ശക്തിയായി കടന്നു പോകുന്നതാണു രോഗബാധക്ക് കാരണം. വേനലും ജലാശയ മലിനീകരണവും ഒന്നിച്ചായാല്‍ ഇത്തരം രോഗാണു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 46 ഡിഗ്രീ വരെ താപനിലയുള്ള വെള്ളത്തെ അതിജീവിക്കാന്‍ ഈ കോശജീവികള്‍ക്കാവും എന്നാല്‍ തീരെ തണ്ണുത്ത വെള്ളത്തിലും ഉപ്പ് വെള്ളത്തിലും ഇവയ്ക്ക് അതിജീവനം സാധ്യമല്ല.

Similar Articles

Comments

Advertismentspot_img

Most Popular