മോദിയുടെ ഹെലികോപ്റ്ററില്‍ ദുരൂഹമായ പെട്ടി; ദൃശ്യങ്ങള്‍ പുറത്ത്

ബംഗളൂരു: ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പുറാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍നിന്ന് ദുരൂഹമായ പെട്ടി ഇറക്കിയതായി ആരോപണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സയാണ് ഹെലികോപ്റ്ററില്‍നിന്ന് ഇറക്കിയെന്ന് അവകാശപ്പെടുന്ന പെട്ടി കാറില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്തെത്തി. പെട്ടി എന്തുകൊണ്ട് സെക്യൂരിറ്റി പ്രോട്ടോക്കോളില്‍ ഉള്‍പ്പെട്ടില്ല, അത് കൊണ്ടുപോയ കാര്‍ എന്തുകൊണ്ട് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ടില്ല എന്നീ ചോദ്യങ്ങളും വീഡിയോ ദൃശ്യത്തോടൊപ്പം ശ്രീവത്സ ട്വീറ്റ്‌ചെയ്തു.

ദൃശ്യങ്ങള്‍ ജെ.ഡി.എസും കെ.പി.സി.സി. പ്രസിഡന്റും റീട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കണമെന്നും കെ.പി.സി.സി. പ്രസിഡന്റിന്റെ ട്വീറ്റില്‍ പറയുന്നു. അതിവേഗമാണ് സാമൂഹികമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍നിന്ന് ഇറക്കിയ പെട്ടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ജെ.ഡി.എസും ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

ഒരു ഹെലികോപ്റ്ററില്‍നിന്നിറക്കിയ കറുത്ത പെട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് താങ്ങിയെടുത്ത് കൊണ്ടുപോകുന്നതും അല്പം ദൂരെയായി നിര്‍ത്തിയിട്ട കാറില്‍ക്കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇത് പ്രധാനമന്ത്രിയെത്തിയ ഹെലികോപ്റ്ററാണെന്നാണ് ശ്രീവത്സയുടെ ആരോപണം. ഒമ്പതിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി ചിത്രദുര്‍ഗയിലെത്തിയിരുന്നു. എന്നാല്‍, ദൃശ്യത്തിന്റെ ആധികാരികത തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7