തിരുവനന്തപുരം: അയ്യപ്പനാമത്തില്‍ വോട്ട് തേടിയ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കളക്ടര്‍ സ്വന്തം ജോലിയാണ് ചെയ്തത്. അത് അവര്‍ക്ക് നന്നായി ചെയ്യാനറിയാം. അവരെ ചട്ടം പഠിപ്പിക്കേണ്ടതില്ല. നോട്ടീസയച്ചതിനെതിരെ കളക്ടര്‍ക്കെതിരെ സംസാരിച്ച സുരേഷ് ഗോപിയുടെ നടപടി കുറ്റകരമാണെന്നും ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
”ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം. പക്ഷേ, ദൈവത്തിന്റെയും അയ്യപ്പന്റെയും പേരില്‍ വോട്ട് തേടുന്നത് ജനങ്ങളുടെ വികാരം വഷളാക്കി വോട്ടിന് വേണ്ടി ഉപയോഗിക്കരുത്. അത് വളരെ വ്യക്തമാണ്. മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണത്. അത് കൃത്യമായി ചട്ടത്തില്‍ പറഞ്ഞിട്ടുണ്ട്”, ടിക്കാറാം മീണ വ്യക്തമാക്കി.
ഇപ്പോള്‍ തനിക്ക് വിഷയത്തില്‍ ഇടപെടേണ്ട കാര്യമില്ല. ചട്ടലംഘനമുണ്ടെന്ന് നല്ല രീതിയില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കളക്ടര്‍ നോട്ടീസയച്ചിരിക്കുന്നത്. ആ നോട്ടീസിന് മറുപടി സുരേഷ് ഗോപി തരട്ടെ. അത് കളക്ടര്‍ പരിശോധിക്കും. വരണാധികാരി കൂടിയായ കളക്ടര്‍ വേണ്ട നടപടിയെടുക്കും – ടിക്കാറാം മീണ പറഞ്ഞു.
”കളക്ടര്‍മാരെ മാതൃകാ പെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട കാര്യം രാഷ്ട്രീയപാര്‍ട്ടികള്‍ക്കില്ല. കളക്ടര്‍മാര്‍ക്ക് നന്നായി പെരുമാറ്റച്ചട്ടം അറിയാം”, മീണ പറയുന്നു. മാതൃകാപെരുമാറ്റച്ചട്ടം രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെ ചര്‍ച്ച ചെയ്താണ് ഉണ്ടാക്കിയത്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിച്ചേല്‍പിച്ചതല്ല. മതം, ജാതി, ദൈവം എന്നിവയുടെ ഒക്കെ പേരില്‍ വോട്ട് ചോദിക്കുന്നത് തെറ്റാണെന്ന് വളരെ വ്യക്തമായി പറഞ്ഞ കാര്യമാണ്. അത് അറിയില്ലെന്ന് പറയുന്നത് ബാലിശമാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകിട്ടാണ് തേക്കിന്‍കാട് മൈതാനിയില്‍ നടന്ന എന്‍ഡിഎയുടെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി അയ്യപ്പനാമത്തില്‍ വോട്ട് ചോദിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടര്‍ ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസയച്ചത്. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ജില്ലാ കളക്ടര്‍ സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ സമയത്തിനുള്ളില്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ മറ്റ് നടപടികളിലേക്ക് കടക്കുക.
സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെയായിരുന്നു:
”ശബരിമലയുടെ പശ്ചാത്തലത്തിലാണ് ഞാനീ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്റെ അയ്യപ്പന്‍, എന്റെ അയ്യന്‍.. നമ്മുടെ അയ്യന്‍ … ആ അയ്യന്‍ ഒരു വികാരമാണെങ്കില്‍ ഈ കിരാതസര്‍ക്കാരിനുള്ള മറുപടി ഈ കേരളത്തില്‍ മാത്രമല്ല, ഭാരതത്തില്‍ മുഴുവന്‍ ആ വികാരം അയ്യന്റെ വികാരം അലയടിപ്പിച്ചിരിക്കും. അത് കണ്ട് ആരെയും കൂട്ടു പിടിക്കണ്ട ഒരു യന്ത്രങ്ങളെയും കൂട്ടുപിടിക്കണ്ട. മുട്ടു മടങ്ങി വീഴാന്‍ നിങ്ങള്‍ക്ക് മുട്ടുണ്ടാകില്ല.”
പ്രത്യക്ഷത്തില്‍ത്തന്നെ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് വ്യക്തമായ പ്രസംഗം സൂക്ഷ്മമായി പരിശോധിച്ചാണ് ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ബിജെപി ഉന്നയിച്ചത്. കളക്ടര്‍ക്ക് വിവരക്കേടാണെന്നും വനിതാ മതിലിലടക്കം പങ്കെടുത്ത കളക്ടര്‍ക്ക് സിപിഎമ്മിന് ദാസ്യവേല ചെയ്യുകയാണെന്നും ചാലക്കുടിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ക്കൂടിയാണ് കളക്ടറെ ചട്ടം പഠിപ്പിക്കേണ്ടതില്ലെന്ന മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്.