കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് ; ഒരാള്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധ

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് ബാധ. 49 പേര്‍ക്ക് രോഗമുക്തി.

ഇന്ന് പോസറ്റീവായവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.

കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 49 കണ്ണൂര്‍ സ്വദേശികള്‍ ഇന്ന് രോഗമുക്തരായി.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 29ന് അബൂദബിയില്‍ നിന്ന് ഇവൈ 8211 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 50കാരന്‍, ജൂലൈ 10ന് കുവൈറ്റില്‍ നിന്ന് കെയു 1727 വിമാനത്തിലെത്തിയ ആലക്കോട് തേര്‍ത്തല്ലി സ്വദേശി 54കാരന്‍, 11ന് സൗദി അറേബ്യയില്‍ നിന്നെത്തിയ വേങ്ങാട് സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 30ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശി 38കാരന്‍, ജൂലൈ ഒന്‍പതിന് ഇന്‍ഡിഗോ 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 27കാരി, ജൂലൈ 11ന് എത്തിയ 19 വയസ്സുകാരായ രണ്ട് ചെമ്പിലോട് സ്വദേശികള്‍, മുംബൈയില്‍ നിന്ന് ജൂലൈ അഞ്ചിന് നേത്രാവതി എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ കണ്ണപുരം സ്വദേശി 25കാരി, മംഗലാപുരത്ത് നിന്ന് ജൂലൈ 11നെത്തിയ കരിവെള്ളൂര്‍ സ്വദേശി 50കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് സ്വദേശികളാണ്. അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥനായ കോടിയേരി സ്വദേശി 34കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 760 ആയി. ഇവരില്‍ 458 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന 20 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍, ശ്രീകണ്ഠാപുരം സ്വദേശി 45കാരന്‍, കോട്ടയം മലബാര്‍ സ്വദേശികളായ 39കാരന്‍, 27കാരി, എടക്കാട് സ്വദേശികളായ 24കാരന്‍, 30കാരന്‍, മാട്ടൂല്‍ സ്വദേശി 45കാരന്‍, കീഴല്ലൂര്‍ സ്വദേശി 39കാരന്‍, മാലൂര്‍ സ്വദേശി 23കാരി, ചിറ്റാരിപ്പറമ്പ് സ്വദേശി 45കാരന്‍, പേരാവൂര്‍ സ്വദേശി 22കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 33കാരന്‍, മുണ്ടേരി സ്വദേശി 47കാരന്‍, മുഴപ്പിലങ്ങാട് സ്വദേശി 36കാരന്‍, കതിരൂര്‍ സ്വദേശികളായ 44കാരന്‍, 45കാരന്‍, 53കാരന്‍, ഉദയഗിരി സ്വദേശി 75കാരി, പെരിങ്ങോം സ്വദേശി 36കാരന്‍, മട്ടന്നൂര്‍ സ്വദേശികളായ 18കാരന്‍, 29കാരന്‍, തളിപ്പറമ്പ് സ്വദേശി 45കാരന്‍, ചെമ്പിലോട് സ്വദേശി 33കാരന്‍, പായം സ്വദേശി 27കാരന്‍, കൂത്തുപറമ്പ് സ്വദേശി 27കാരി, മയ്യില്‍ സ്വദേശി 62കാരന്‍, മഞ്ചേരി ഗവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചെറുകുന്ന് സ്വദേശി 53കാരന്‍ എന്നിവരാണ് രോഗം ഭേദമായി ഇന്ന് വീടുകളിലേക്കു മടങ്ങിയത്.

കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 25294 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 242 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 78 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 35 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ എട്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 31 പേരും വീടുകളില്‍ 24884 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 18986 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 18738 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ ഇനി 248 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്‌.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7