തിരുവനന്തപുരം: സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ ശുപാര്‍ശ പരിഗണിച്ചാണിത്. സാമ്പത്തികവശം ഉള്‍പ്പെടെ പരിശോധിച്ചേ അന്തിമ തീരുമാനത്തിലെത്തൂ. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച യോഗം ചേരും.
പ്രകൃതിക്ഷോഭങ്ങളുടെ സമയത്തും മറ്റും അടിയന്തര സഹായമെത്തിക്കുന്നതിനും മാവോവാദി നിരീക്ഷണങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാങ്ങുകയോ വാടകയ്‌ക്കെടുക്കുകയോ ചെയ്യണമെന്നാണ് ശുപാര്‍ശ. മുമ്പ് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും ഇത്തരത്തിലുളള നീക്കമുണ്ടായിരുന്നു. അന്നത് സര്‍ക്കാര്‍ തള്ളി.
അടുത്തകാലത്ത് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് വീണ്ടും ആലോചന സജീവമായത്. തുടര്‍ന്ന് രണ്ട് കമ്പനികള്‍ പോലീസിനെ സമീപിച്ചു. വാടകകൂടുതലെന്നതിനാല്‍ ടെന്‍ഡര്‍ വിളിക്കണമെന്ന് ആഭ്യന്തരവകുപ്പ് നിലപാടെടുത്തു. തുടര്‍ന്നാണ് വാടക നിരക്ക്, മറ്റ് സാമ്പത്തിക കാര്യങ്ങള്‍, വ്യവസ്ഥകള്‍ എന്നിവ തീരുമാനിക്കാന്‍ യോഗം വിളിച്ചത്.