ആശങ്കപ്പെടരുത്; ദുരിതമനുഭവിക്കുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

സംസ്ഥാനത്ത് പ്രളയക്കെടുതികളില്‍ അകപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

1. കുടുങ്ങി കിടക്കുന്നവര്‍ മൊബൈലില്‍ ‘ലൊക്കേഷന്‍’ ഓണ്‍ ചെയ്തശേഷം ഗൂഗിള്‍ മാപ്പ് തുറന്നു നിങ്ങള്‍ ഇപ്പോള്‍ ഉള്ള സ്ഥലത്ത് ആ മാപ്പില്‍ തന്നെ വിരല്‍ വച്ചാല്‍ ഒരു ചുവപ്പ് ഫ്‌ലാഗ് വരും, കൂടെ മുകളില്‍ കുറച്ച് അക്കങ്ങളും. അതാണു നിങ്ങള്‍ ഉള്ള സ്ഥലത്തിന്റെ യഥാര്‍ഥ അടയാളം (coordinates), ഇതാണു ദുരന്ത നിവാരണ സേനയ്ക്കും മറ്റും നിങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കുക. പെരുവെള്ളത്തില്‍ വിലാസം നല്‍കുന്നതിനെക്കാളും ഇതാവും ഉപയോഗപ്രദം. ആ അക്കങ്ങള്‍ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവര്‍ക്കു മെസേജ് അയയ്ക്കുക (ഉദാഹരണത്തിന്: 9.330692, 76.610598)

2. കുടുങ്ങി കിടക്കുന്നവര്‍ മൊബൈല്‍ ഉള്ളവരെ കൊണ്ട് എസ്ടിഡി കോഡ് ചേര്‍ത്ത് 1077 എന്ന നമ്പറില്‍ വിളിപ്പിക്കുക. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തുനിന്നുവേണം വിളിക്കേണ്ടത്. ആ സ്ഥലമാണ് റവന്യു വകുപ്പ് ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന ലൊക്കേഷനുകളിലേക്കു രക്ഷാപ്രവര്‍ത്തകര്‍ എത്തും.

3. കെട്ടിടങ്ങളുടെ പരമാവധി മുകളില്‍ അഭയം പ്രാപിക്കുക. വൈദ്യുതി, മൊബൈല്‍ ഫോണ്‍ ഉപയോഗം പരമാവധി കുറയ്ക്കുക. സന്ദേശങ്ങള്‍ കൈമാറാന്‍ മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക. ചാര്‍ജ് പോകാതിരിക്കാനായി ഒരു വീട്ടിലെ എല്ലാ മൊബൈലുകളും ഒരുമിച്ച് ഉപയോഗിക്കരുത്. ബാക്കിയുള്ളവര്‍ ഫോണിലെ എയര്‍പ്ലെയ്ന്‍ മോഡ് ഓണ്‍ ആക്കി വയ്ക്കുന്നതാണ് ഉത്തമം. അടിയന്തരസാഹചര്യം ഉണ്ടായാല്‍ സ്വിച്ച് ഓഫ് ചെയ്ത മൊബൈലുകള്‍ ഓണ്‍ ആക്കാനുള്ള സമയം ഇതുവഴി ലാഭിക്കാം.

4. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക. കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്. പരിഭ്രമിക്കാതിരിക്കുക.
5 ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ ശ്രദ്ധിക്കണം
6. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.

7. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. വെള്ളക്കെട്ടുകളിലും മറ്റും ഇറങ്ങാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
8. മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

9 മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം
10. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ അതീവ ജാഗരൂകരായിരിക്കണം
11. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത്.

12. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.
13. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.
14. യാത്രകള്‍ പരമാവധി ഒഴിവാക്കുക. മിക്ക റോഡുകളും വെള്ളക്കെട്ടിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular