പാലക്കാട് ജില്ലയില്‍ ആവേശം വിതറി ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര ‘ജയ് ഹോ’ മുന്നേറുന്നു. ഓരോ സ്വീകരണ സ്ഥലങ്ങളിലും പ്രവര്‍ത്തകരില്‍ നിന്ന് ആവേശകരമായ വരവേല്‍പ്പാണ് പദയാത്രയ്ക്ക് ലഭിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന യാത്ര രണ്ട് ദിവസത്തിനുള്ളില്‍ തന്നെ അണികളില്‍ ആവേശമുണ്ടാക്കിയതോടെ പാര്‍ട്ടി നേതൃത്വവും ആത്മവിശ്വാസത്തിലാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വന്‍ ചലനമുണ്ടാക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. യാത്രയിലൂടെ അണികളെ കയ്യിലെടുക്കാന്‍ കഴിഞ്ഞ വി.കെ. ശ്രീകണ്ഠനെ തന്നെ മുന്‍നിര്‍ത്തി പാലക്കാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.
കൊഴിഞ്ഞാമ്പാറയില്‍ നിന്ന് ആരംഭിച്ച പദയാത്ര കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ 88 പഞ്ചായത്തുകളിലും 7 നഗരസഭകളിലും 5 ദിവസങ്ങളിലായി 361 കിലോമീറ്റര്‍ ചുറ്റിസഞ്ചരിച്ച് മാര്‍ച്ച് 14ന് യാത്ര പാലക്കാട് ടൗണില്‍ സമാപിക്കും. സമാപനസമ്മേളനത്തോടനുബന്ധിച്ച് പാലക്കാട്ട് റാലിയും പൊതുസമ്മേളനവും ഒരുക്കിയിട്ടുണ്ട്.
42 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പദയാത്ര നടത്തുന്നത്. 1977ല്‍ അന്നത്തെ ഡി.സി.സി പ്രസിഡന്റ് പി. ബാലനാണ് ഇതിനു മുന്‍പ് ജില്ല മുഴുവന്‍ പദയാത്ര നടത്തിയിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം ശക്തമായുണ്ടായിരുന്ന പാലക്കാട് ജില്ലയെ ഇളക്കിമറിച്ച ആ പദയാത്രയില്‍ മുഴുവന്‍ സമയം പങ്കെടുത്ത അഞ്ച് പേര്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്. മുന്‍ മന്ത്രി വി.സി കബീര്‍, കെ.പി ലോറന്‍സ്, അര്‍ജുനന്‍ മാസ്റ്റര്‍, എസ്.എ റഹ്മാന്‍, രാജന്‍ എന്നിവര്‍.
അതേസമയം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലക്കാട് ലോക്‌സഭാ സീറ്റില്‍ മത്സരരംഗത്തിറങ്ങുമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ കെ.പി.സി.സി. സ്ഥാനാര്‍ഥിനിര്‍ണയ സമിതിയുടെയും ഹൈക്കമാന്‍ഡിന്റെയും തീരുമാനമാണ് അന്തിമം. പാലക്കാട് യു.ഡി.എഫിനുവേണ്ടി പരമ്പരാഗതമായി കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണെന്ന് ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.