കല്‍പ്പറ്റ: ഗുജറാത്തിനെതിരേയുള്ള രഞ്ജി ട്രോഫി ക്വാര്‍ട്ടറിന്റെ രണ്ടാം ദിനം ആരാധകരുടെ ഹൃദയം കീഴടക്കി സഞ്ജു വി സാംസണ്‍. വിരലിനേറ്റ പരിക്ക് വകവെയ്ക്കാതെ ഗ്രൗണ്ടിലിറങ്ങിയാണ് സഞ്ജു ആരാധകരുടെ കൈയടി നേടിയത്. കേരളത്തിന്റെ രണ്ടാം ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റും പോയതോടെ സഞ്ജു ക്രീസിലെത്തുകയായിരുന്നു.
ഒമ്പതാമനായി സന്ദീപ് വാര്യര്‍ പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്സ് അവസാനിച്ചുവെന്ന് കരുതിയതാണ്. രണ്ടാം ഇന്നിങ്സില്‍ സഞ്ജു കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ക്രീസിലുള്ള ജലജ് സക്സേനയ്ക്ക് കൂട്ടായി സഞ്ജു കളിക്കാനിറങ്ങുകയായിരുന്നു. സഞ്ജുവിന്റെ ധീരമായ ഈ തീരുമാനത്തെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് കാണികള്‍ സ്വീകരിച്ചത്.
സഞ്ജുവിനെ കൂട്ടുപിടിച്ച് ജലജ് എട്ടു റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. എട്ടു പന്ത് ഇടങ്കൈ കൊണ്ട് ബാറ്റുവീശി ബ്ലോക്ക് ചെയ്ത സഞ്ജുവിനെ ഒമ്പതാം പന്തില്‍ അക്സര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി.
ആദ്യ ഇന്നിങ്സില്‍ ബാറ്റു ചെയ്യുന്നതിനിടെയാണ് സഞ്ജുവിന്റെ വലതു കൈവിരലിന് പരിക്കേറ്റത്. 17 റണ്‍സെടുത്ത് നില്‍ക്കെ ചിന്തന്‍ ഗജയുടെ പന്ത് സഞ്ജുവിന്റെ വലതു കൈയിലെ വിരലില്‍ കൊള്ളുകയായിരുന്നു. വേദന സഹിക്കാനാകാതെ താരം അപ്പോള്‍ തന്നെ ക്രീസ് വിട്ടു. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം നാലാഴ്ച്ചത്തെ വിശ്രമമാണ് സഞ്ജുവിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.