ചേര്‍ത്തല : ചേര്‍ത്തലയില്‍ നിന്ന് കാണാതായ അധ്യപകയെയും വിദ്യാര്‍ഥിയെയും പോലീസ് പിടികൂടിയത് ചെന്നൈയില്‍ വീട് വാടയ്ക്ക് എടുത്ത് താമസത്തിന് ഒരുങ്ങുന്നതിനിടെ. തണ്ണീര്‍മുക്കത്തു നിന്നു കഴിഞ്ഞ ഞായറാഴ്ച യാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയെയും അധ്യാപികയെയും കാണാതാവുന്നത്. ഇവരെ ചേര്‍ത്തലയില്‍നിന്നു ചെന്നൈയിലെത്തിയ പൊലീസ് സംഘം ഇന്നലെ പുലര്‍ച്ചെ പിടികൂടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നായിരുന്നു പൊലീസ് നീക്കം.
തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ അധ്യാപിക ചേര്‍ത്തല നഗരസഭ 24ാം വാര്‍ഡ് ഗിരിജാലയത്തില്‍ ഡെറോണി തമ്പിയും (മിനി 41) ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമാണ് ഒന്നിച്ചു നാടുവിട്ടത്. ഡെറോണിയെ കോടതി റിമാന്‍ഡ് ചെയ്തു. പിന്നീടു ജാമ്യം ലഭിച്ചു.
വിദ്യാര്‍ഥിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം അയച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അധ്യാപികയ്‌ക്കെതിരേ കേസെടുത്തെന്ന് ചേര്‍ത്തല ഡിവൈഎസ്പി എ.ജി.ലാലും മുഹമ്മ എസ്‌ഐ എം.അജയ്‌മോഹനനും അറിയിച്ചു.
അധ്യാപിക നേരത്തേ വിദ്യാര്‍ഥിക്കു മൊബൈല്‍ ഫോണും ഷര്‍ട്ടും വാങ്ങി നല്‍കിയിരുന്നു. ഇതേപ്പറ്റി വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ഗുരുശിഷ്യ ബന്ധം മാത്രമേയുള്ളൂ എന്നാണ് അധ്യാപിക പറഞ്ഞത്. തുടര്‍ന്നു വിദ്യാര്‍ഥിയുടെ വീട്ടിലെത്തി അധ്യാപിക സംസാരിച്ചിരുന്നു. അധ്യാപികയെ യാത്രയാക്കാന്‍ ബസ് സ്റ്റോപ്പിലേക്കെന്നു പറഞ്ഞു വിദ്യാര്‍ഥി ഒപ്പം പോയി. തുടര്‍ന്ന് ഇരുവരും ചേര്‍ത്തലയിലേക്കും അവിടെനിന്നു തിരുവനന്തപുരത്തേക്കും പോയി. യാത്രയ്ക്കിടയില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.
തിരുവനന്തപുരത്തുനിന്നു സ്വകാര്യ ബസില്‍ തിങ്കളാഴ്ച ചെന്നൈയിലെത്തി. അവിടെ ഹോട്ടലില്‍ താമസിച്ചുകൊണ്ടു വാടകയ്ക്കു വീടെടുക്കാന്‍ ശ്രമിച്ചു. വീടു കണ്ടെത്തി 40000 രൂപ അഡ്വാന്‍സ് നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. ചെലവുകള്‍ക്കായി സ്വര്‍ണ പാദസരം വിറ്റു 59,000 രൂപ സമാഹരിച്ചിരുന്നു. ഇതില്‍ നിന്നാണ് അഡ്വാന്‍സ് നല്‍കിയത്. 10,000 രൂപ ആറമ്പാക്കത്ത് ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിലും നല്‍കി.
ചെന്നൈയില്‍നിന്നു സിം കാര്‍ഡ് വാങ്ങി ഫോണില്‍ ഉപയോഗിച്ചതോടെ പൊലീസിന് ഇവരെക്കുറിച്ചു കൃത്യമായ വിവരം കിട്ടി. ഇങ്ങനെയാണു പൊലീസ് ചെന്ന് ഇവരെ പിടികൂടി വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിച്ചത്. പിന്നീടു ചേര്‍ത്തല ഡിവൈഎസ്പി ഓഫിസിലെത്തിച്ചു മൊഴിയെടുത്തു. അധ്യാപികയുടെ 10 വയസ്സുള്ള മകന്‍ അകന്നു കഴിയുന്ന ഭര്‍ത്താവിനൊപ്പമാണ്.