കൊച്ചി: നാല് താരങ്ങള്‍ക്കെതിരേ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരിച്ച സസ്പെന്‍ഷന്‍ ഒഴിവാക്കി. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ രോഹന്‍ പ്രേം, എം.ഡി നിധീഷ്, സന്ദീപ് വാര്യര്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നീ കളിക്കാര്‍ക്കെതിരെ എടുത്ത നടപടിയാണ് കേരള ക്രിക്ക്റ്റ് അസോസിയേഷന്‍ റദ്ദാക്കിയത്. എന്നാല്‍ മൂന്ന് മത്സരങ്ങളുടെ മാച്ച് ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ല. അതേസമയം, റൈഫി വിന്‍സെന്റ് ഗോമസിനെതിരെ എടുത്ത നടപടി തുടരും.
സസ്‌പെന്‍ഷന്‍ നേരിട്ട നാല് കളിക്കാരും അസോസിയേഷന്‍ അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് കെസിഎ ഭാരവാഹികളുടെ യോഗം സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അപ്പീല്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് പരിഗണിക്കാന്‍ തക്കതായ കാരണങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നാല് കളിക്കാരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതെന്ന് കെസിഎ സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി നായര്‍ അറിയിച്ചു.