പുണെ: 53 റണ്‍സ് ജയം എന്ന മാജിക് സംഖ്യ മനസ്സില്‍വച്ചു കളത്തിലിറങ്ങിയ പഞ്ചാബിന് ചെന്നൈയോടു തോറ്റു മടങ്ങാനായി യോഗം. രാഹുലും ഗെയ്‌ലും ഫിഞ്ചും മില്ലറും നിരാശപ്പെടുത്തിയപ്പോള്‍ ആദ്യം ബാറ്റു ചെയ്ത പഞ്ചാബിന് 153 റണ്‍സ് മാത്രം. മറുപടി ബാറ്റിങില്‍ ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍ പഞ്ചാബ് 19.4 ഓവറില്‍ 153ന് പുറത്ത്. ചെന്നൈ 19.1 ഓവറില്‍ 5–159.
പഞ്ചാബും തോറ്റതോടെ പോയിന്റ് പട്ടികയില്‍ നാലാമതുള്ള രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക്. പഞ്ചാബ് 53 റണ്‍സിനു ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാന്‍ പുറത്താവുമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ പഞ്ചാബിനെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മനോജ് തിവാരി–- മില്ലര്‍ സഖ്യമാണ് വന്‍ തകര്‍ച്ചയില്‍നിന്നു കരകയറ്റിയത്.
60 റണ്‍സ് ചേര്‍ത്ത ശേഷം 12–ാം ഓവറിലാണ് സഖ്യം വേര്‍പിരിഞ്ഞത്. 35 റണ്‍സെടുത്ത തിവാരിയെ ജഡേജ മടക്കി. തൊട്ടടുത്ത ഓവറില്‍ മില്ലറ ബ്രാവോ ബോള്‍ഡാക്കിയതോടെ പഞ്ചാബ് ഇന്നിങ്‌സ് വീണ്ടും തകര്‍ച്ചയിലായി. പിന്നീടെത്തിയ കരുണ്‍ നായരുടെ ബാറ്റിങ് (26 പന്തില്‍ 54) മാത്രമാണ് പഞ്ചാബിന് ആശ്വസിക്കാനുണ്ടായത്. 19–ാം ഓവറില്‍ കരുണ്‍ നായരും പുറത്തായതോടെ പഞ്ചാബ് സ്‌കോര്‍ 153ല്‍ അവസാനിച്ചു. പത്തു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ എന്‍ഗിഡി ചെന്നൈ ബോളര്‍മാരില്‍ മികച്ചുനിന്നു. എന്‍ഗിഡിയാണ് മാന്‍ ഓഫ് ദി മാച്ച്.
മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈയെ വിറപ്പിച്ച ശേഷമാണ് പഞ്ചാബ് കീഴടങ്ങിയത്. അഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ 3ന് 27 എന്ന നിലയിലായിരുന്നു ചെന്നൈ. നൂറില്‍ത്താഴെ റണ്‍സിന് ചെന്നൈയെ പുറത്താക്കി പഞ്ചാബ് പ്ലേ ഓഫ് ഉറപ്പിക്കുമെന്നുവരെ തോന്നിച്ചു. എന്നാല്‍ സുരേഷ് റെയ്‌നയും (61*), ദീപക് ചഹാറും (20 പന്തില്‍ 39) ചെന്നൈയുടെ വിജയം ഉറപ്പാക്കി.