മുസ്ലീം ആയതിനാല്‍ തനിക്ക് മുംബൈയില്‍ വീട് ലഭിക്കുന്നില്ലെന്ന് സീരിയല്‍ താരത്തിന്റെ തുറന്നുപറച്ചില്‍. എല്ലാവരും അറിയുന്ന താരമായിരുന്നിട്ടും തനിക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് യേ ഹേന്‍ മൊഹബത്തേന്‍ സീരിയലിലൂടെ പ്രശസ്തയായ ഷിറീന്‍ മിര്‍സ വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഷിറീന്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.
താന്‍ വീട് അന്വേഷിക്കുകയാണെന്നും എന്നാല്‍ മുസ്ലീമും അവിവാഹിതയും നടിയുമായതിനാല്‍ തനിക്ക് ആരും വീട് നല്‍കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മുംബൈയില്‍ വീട് കിട്ടാന്‍ ഞാന്‍ അര്‍ഹയല്ല, കാരണം ഞാന്‍ മുസ്ലീമും അവിവാഹിതയും നടിയുമാണ് ഷിറീന്‍ പറയുന്നു.
ഞാനൊരു അഭിനേത്രിയാണ്. ഞാന്‍ മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യില്ല. എനിക്ക് ക്രിമിനല്‍ പശ്ചാത്തലവുമില്ല. പിന്നെങ്ങനെ എന്റെ പ്രൊഫഷന്‍ വച്ച് എന്നെ അവര്‍ വിലയിരുത്തും. പിന്നെ അവര്‍ പറയുന്നത് അവിവാഹിതയായതിനാല്‍ വീട് ലഭിക്കില്ലെന്നാണ്. അതെന്താ കുടുംബായിട്ട് താമസിക്കുന്നവര്‍ ബഹളമുണ്ടാക്കില്ലേ താരം ചോദിക്കുന്നു.
വീടിനായി വിളിക്കുമ്പോള്‍ ആളുകള്‍ തന്നോട് ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിക്കാറുണ്ടെന്നും മുസ്ലിമാണെന്ന് പറഞ്ഞാല്‍ വീട് നല്‍കില്ലെന്നും പകരം ഏതെങ്കിലും ഹിന്ദു സുഹൃത്തുക്കളുടെ പേരില്‍ വീടെടുക്കാന്‍ പറയുമെന്നും താരം പറഞ്ഞു. ആളുകളുടെ ചോരയില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും മുംബൈ പോലൊരു കോസ്മോപൊളിറ്റന്‍ സിറ്റിയില്‍ മതത്തിന്റെ പേരില്‍ ആളുകളെ വേര്‍തിരിക്കുന്നു എന്നത് തന്നെ ഞെട്ടിച്ചുവെന്നും താരം പറഞ്ഞു.