കൊരങ്ങിണി വനത്തിലെ തീപിടിത്തം: എട്ടു പേര്‍ വെന്തുമരിച്ചു, 15 പേര്‍ക്കു ഗുരുതര പൊള്ളല്‍, കാണാതായവരില്‍ മലയാളികളും

തേനി: കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. 25 പേരെ രക്ഷപ്പെടുത്തി. പൊള്ളലേറ്റ 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നാലുപേര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റ ഒമ്പതുപേരെ ബോഡിനായ്ക്കന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സേലം ഈറോഡ് എന്നിവിടങ്ങളിലെ ഐ.ടി.ഐകളില്‍ നിന്ന് ട്രക്കിംഗ് പരിശീലനത്തിന് എത്തിയ 24 പെണ്‍കുട്ടികളും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരായ 12 പേരുമാണ് വനത്തില്‍ അകപ്പെട്ടത്. മൂന്നാറില്‍ നിന്ന് ഉദ്ദേശം 60 കിലോമീറ്റര്‍ അകലെ കൊളുക്കുമല തേയില തോട്ടത്തിന്റെയും മീശപ്പുലിമലയുടെ താഴ്വരയിലെ കൊരങ്ങിണി വനത്തിലാണ് കാട്ടുതീ ഉണ്ടായത്. പരിക്കേറ്റ 10 പേര്‍ ഇപ്പോഴും വനത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതില്‍ കോട്ടയം സ്വദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

കാട്ടുതീ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കമാന്‍ഡോകളും എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമായ ഇടത്താണു പലരും കുടുങ്ങിക്കിടക്കുന്നത്. വ്യോമസേനയുടെ സഹായത്താല്‍ ഇവരെ രക്ഷപ്പെടുത്താനാണു ശ്രമം.

ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ മണ്ഡലത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. പനീര്‍സെല്‍വവും മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസനും സംഭവസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിനു വ്യോമസേനയ്ക്ക് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കി. മലഞ്ചെരുവില്‍ തീയോടൊപ്പം ശക്തമായ കാറ്റുവീശുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular