മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ യൂത്ത് ലീഗ് നേതാവിൻ്റെ വക പൊതുമധ്യത്തിൽ ഭീഷണി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് യുഎ റസാഖിൻ്റേതാണ് ഭീഷണി. വേണ്ടിവന്നാൽ ഡോക്ടർമാരെ വഴിയിൽ കൈകാര്യം ചെയ്യുമെന്നാണ് ഇയാൾ ഭീഷണി മുഴക്കിയത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ അനാസ്ഥ കാണിക്കുന്നെന്നാരോപിച്ച് യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ജനകീയ പോസ്റ്റ്മോർട്ടം എന്ന പേരിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് യു.എ.റസാഖ് ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയത്.
തിരൂരങ്ങാടിയിലെ ചില തെമ്മാടികളായ ഡോക്ടർമാർ ഡോക്ടർ രാജ് നടത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവരെ ആശുപത്രിൽവച്ച് കൈകാര്യം ചെയ്താലല്ലേ പ്രശ്നമുള്ളൂ. വേണ്ടിവന്നാൽ അത്തരം ആളുകളെ വഴിയിലിട്ട് കൈകാര്യം ചെയ്യും. സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. പരിധിക്കപ്പുറമുള്ള പെരുമാറ്റവുമായി ഡോക്ടർമാർ വന്നാൽ അവരെ കൈകാര്യം ചെയ്യുകതന്നെ ചെയ്യും.
മാത്രമല്ല അതിന്റെ പേരിൽ ജയിലിലാകേണ്ടിവന്നാൽപ്പോലും അത് അഭിമാനത്തോടെ ഏറ്റെടുക്കാൻ തയ്യാറാണ്. ഡോക്ടർമാർ തെമ്മാടിത്തരം അവസാനിപ്പിച്ചില്ലെങ്കിൽ അതിനെ ശക്തമായി നേരിടാൻ തന്നെയാണ് തീരുമാനം. അത് ഇനി കേസല്ല. അതിനപ്പുറം സംഭവിച്ചാലും പോരാട്ടം തുടരുമെന്നും യുഎ റസാഖ് പറഞ്ഞു. ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരെ രാവിലെ ഒൻപതുമുതൽ വൈകീട്ട് മൂന്നുവരെയായിരുന്നു പ്രതിഷേധം.
കൂടാതെ ഫേസ്ബുക്ക് പോസ്റ്റും റസാഖ് ഇട്ടിരുന്നു. പോസ്റ്റ് ഇങ്ങനെ:
നന്ദി…,
ഉപവാസ സമരം വിജയിപ്പിച്ചവര്‍ക്കും പിന്തുണച്ചവര്ക്കും നന്ദി. കക്ഷി ബേധമന്യേയായിരുന്നു സമരത്തിനുള്ള പിന്തുണ. നിയോജക മണ്ഡലത്തിലെ ഒട്ടുമിക്ക ജനപ്രതനിധികളും സമരത്തില്‍ വിവിധ സമയങ്ങളില്‍ പങ്കാളികളായി. സന്തോഷം. ഒരിക്കല്‍ കൂടി നന്ദി. പോരാട്ടം നിലക്കുന്നില്ല. ഡോക്ടര്‍മാര്‍ മനുഷ്യത്വ രഹിത സമീപനം തിരുത്തുന്നത് വരെ പോരാട്ടം തുടരും.
പ്രസംഗത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഭീഷണി മുഴക്കിയ എനിക്കെതിരെ കേസ് കൊടുക്കാന്‍ ഇന്നലെ ചേര്‍ന്ന അവന്മാരുടെ യോഗം തീരുമാനിച്ചത്രേ. ഞാന്‍ ആകെ പേടിച്ചിരിക്കാണ്. ആദ്യ കേസല്ലേ. ഡോക്ടര്‍മാര്‍ തെമ്മാടിത്തരം അവസാനിപ്പിച്ചില്ലെങ്കില്‍ അതിനെ ശക്തമായി നേരിടാന്‍ തന്നെയാണ് തീരുമാനം. അത് ഇനി കേസല്ല. അതിനപ്പുറം സംഭവിച്ചാലും പോരാട്ടം തുടരും.