സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിളിച്ചോതാന്‍ പുതിയ സോഷ്യല്‍ മീഡിയാ സംഘം; ചെലവ് പ്രതിമാസം 41 ലക്ഷം, 25 അംഗ സംഘത്തലവന്റെ ശമ്പളം ഒന്നേകാല്‍ ലക്ഷം രൂപ

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ പുതിയ സംഘത്തെ നിയമിക്കാന്‍ തീരുമാനം. കരാര്‍ അടിസ്ഥാനത്തിലുള്ള 25 അംഗ പ്രൊഫഷണല്‍ ടീമാകും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത്.

ഇതിനായി പ്രതിമാസം 41 ലക്ഷം രൂപ ചെലവ് കണക്കാക്കുന്നു. സംഘത്തലവന് മാത്രം പ്രതിമാസം ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം നല്‍കും. സംഘത്തിന് പ്രവര്‍ത്തിക്കാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനു കീഴില്‍ സോഷ്യല്‍ മീഡിയ സെല്‍ രൂപീകരിക്കുന്നതിനു ഭരണാനുമതിയായി.

ടീം ലീഡര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ നാലു കണ്ടന്റ് മാനേജര്‍മാരുണ്ടാകും. ഇവര്‍ക്ക് 75,000 രൂപ വീതം പ്രതിമാസം ലഭിക്കും. ആറ് കണ്ടന്റ് ഡവലപ്പര്‍മാര്‍ക്ക് 25,000 രൂപ വീതമാണു ശമ്പളം. രണ്ടു ഡേറ്റാ അനലിസ്റ്റുകള്‍ക്ക് അര ലക്ഷം രൂപ വീതവും മൂന്നു കണ്ടന്റ് അസിസ്റ്റന്റുമാര്‍ക്ക് 25,000 രൂപ വീതവും പ്രതിഫലം തീരുമാനിച്ചിട്ടുണ്ട്. കണ്ടന്റ് ഡവലപ്മെന്റ് വെണ്ടര്‍മാര്‍ക്ക് ആകെ മൂന്നു ലക്ഷം രൂപയും ഡേറ്റാ വെണ്ടര്‍മാര്‍ക്ക് രണ്ടു ലക്ഷം രൂപയും ക്യാംപെയ്ന്‍ വെണ്ടര്‍മാര്‍ക്ക് എട്ടു ലക്ഷം രൂപയും ചെലവിടും. സോഷ്യല്‍മീഡിയയില്‍ നിന്ന് എഴുത്തുകള്‍, ഓഡിയോ, വീഡിയോ തുടങ്ങിയ ഉള്ളടക്കങ്ങള്‍ ശേഖരിച്ചു മറിച്ചു വില്‍ക്കുന്ന കമ്പനികള്‍ക്കു 10 ലക്ഷം രൂപ നല്‍കി ഡേറ്റാബേസ് സ്വന്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും അറിയിപ്പുകള്‍ കൈമാറാനും മുഖ്യമന്ത്രിക്കായി പ്രത്യേക സോഷ്യല്‍ മീഡിയ സംഘവും മന്ത്രിമാര്‍ക്ക് പിആര്‍ഒമാരും ഇപ്പോഴുണ്ട്. സര്‍ക്കാര്‍ നടപടികളെ പുകഴ്ത്തുന്ന മുഖ്യമന്ത്രിയുടെ ടിവി പരമ്പരയുമുണ്ട്. ഇതിന് പുറമെയാണു പ്രതിമാസം ലക്ഷങ്ങള്‍ ദൂര്‍ത്തടിച്ചുകൊണ്ടുള്ള സോഷ്യല്‍മീഡിയ സംഘത്തെ ഇറക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7