ആറന്മുള: ഒരുമിച്ചിരുന്നുള്ള മദ്യപാനത്തിനിടെ അനന്തരവന്റെ മുഖത്ത് ആസിഡൊഴിച്ച അമ്മാവൻ പിടിയിൽ. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പിൽ വീട്ടിൽ ബിജു വർഗീസി(55)നെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. ആസിഡാക്രമണത്തിൽ ഇയാളുടെ സഹോദരിയുടെ മകൻ കല്ലേലിമുക്ക് പുതുപറമ്പിൽ വീട്ടിൽ വർഗീസ് മാത്യു (38)വിന്റെ മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റു. ചൊവ്വാഴ്ച പുലർച്ചെ പത്തനംതിട്ട ജനറലാശുപത്രിയിൽ എത്തിച്ച വർഗീസിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലേക്ക് മാറ്റി.
എല്ലാദിവസവും ജോലികഴിഞ്ഞുവന്ന് ഒരുമിച്ചിരുന്ന് ഇരുവരും മദ്യപിക്കാറുണ്ട്. തിങ്കളാഴ്ച രാത്രി 10.30-ന് മദ്യപാനത്തെത്തുടർന്ന് വാക്കുതർക്കം ഉണ്ടായപ്പോൾ ബിജു വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡെടുത്ത് വർഗീസിന്റെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു. ആസിഡ് വായിലും കണ്ണിലും മുഖത്തും വീണു. അരയ്ക്കുമുകളിലേക്ക് ഗുരുതരമായി പൊള്ളലേറ്റു.
തീയിട്ടത് എന്തിന്? കമ്പമലയിലെ വനം വെറുതെ കത്തിയതല്ല, മനഃപൂര്‍വം കത്തിച്ചതാണ്, തീയിട്ടയാളെ പിടികൂടി
സഹോദരി നൽകിയ പരാതിയിൽ ബിജുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ, ഒരുകുപ്പി ആസിഡ് പോലീസ് കണ്ടെത്തി. മുമ്പും ബിജുവിന്റെ ഭാഗത്തുനിന്ന് ആക്രമണം മകന് നേരിടേണ്ടിവന്നിട്ടുണ്ടെന്ന് വർഗീസിന്റെ അമ്മ ആലീസ് പോലീസിനോട് പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഇനി തിരിച്ചുവരരുതെന്നും, വന്നാൽ കൊല്ലുമെന്നും ബിജു ഭീഷണിപ്പെടുത്തി.
പോലീസ് നടത്തിയ തിരച്ചിലിൽ ഇയാളെ കല്ലേലിമുക്കിൽനിന്ന് പിടികൂടി. ആറന്മുള ഇൻസ്പെക്ടർ വി.എസ്. പ്രവീണിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിഷ്ണു, പി.വിനോദ്, മധു, എ.എസ്.ഐ.മാരായ സലിം, ജ്യോതിസ്, എസ്.സി.പി.ഒ. പ്രദീപ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.