തിരുവനന്തപുരം: ഗുണ്ടാത്തലവൻ ആൽത്തറ വിനീഷ് വധക്കേസിൽ കേരളത്തിലെ ആദ്യ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോൺ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതേ വിട്ടു. തിരുവനന്തപുരം അഞ്ചാം അഡീ. സെഷൻസ് കോടതിയുടെയാണ് ഉത്തരവ്. വിചാരണ വേളയിൽ പ്രധാന സാക്ഷികൾ മരിച്ചതും മറ്റ് സാക്ഷികൾ കൂറുമാറിയതും പ്രതികൾക്ക് സഹായകമാവുകയായിരുന്നു.
കേസിൽ അനിൽകുമാർ, രാജേന്ദൻ, ശോഭ ജോൺ, രതീഷ്, ചന്ദ്രബോസ്, സാജു, വിമൽ, രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ പ്രതികൾ. 2009 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഗുണ്ടാ നേതാവായ ആൽത്തറ വിനീഷ് സിറ്റി പോലീസ് കമ്മിഷണറുടെ മുന്നിൽ ജാമ്യവ്യവസ്ഥ പാലിക്കാനായി ഹാജരായി റജിസ്റ്ററിൽ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടൻ സമീപത്തുള്ള ആൽത്തറ ജങ്ഷനിൽ വച്ച് ഗുണ്ടാ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. നഗരത്തിൽ ശോഭാ ജോൺ നടത്തിവന്ന നിയമവിരുദ്ധ ബിസിനസുകളിൽ നിന്നും ഗുണ്ടാപിരിവ് ചോദിച്ചതും ശോഭയുടെ ഭർത്താവ് കേപ്പൻ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതിൽ വിനീഷ് പ്രധാന പങ്കു വഹിച്ചതും നഗരത്തിലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് വിനീഷിന്റെ കൊലയ്ക്ക് കാരണമായതെന്നാണ് കേസ്.
അതേസമയം കേരളത്തിൽ ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വനിതാ കുറ്റവാളിയാണ് ശോഭാ ജോൺ. ശബരിമല തന്ത്രിക്കേസ്, ആൽത്തറ വിനീഷ് വധം, വരാപ്പുഴ പെൺവാണിഭം, തട്ടിക്കൊണ്ടു പോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ കേരളത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ശോഭാ ജോണിനെതിരെ കേസുണ്ടായിരുന്നു. ആൽത്തറ വിനീഷ് വധക്കേസിൽ അറസ്റ്റിലായ ശോഭയെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു.
ഉള്ളൂരിലെ ബ്യൂട്ടി പാർലറിലെത്തുന്നവരെ ഇടപാടുകാരാക്കി പെൺവാണിഭം തുടങ്ങി. പെൺകുട്ടികളെ കാഴ്ചവച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ രഹസ്യമായി ക്യാമറയിലാക്കി ‘ബ്ലാക്ക്മെയിൽ’ ചെയ്തു പണം തട്ടുകയാണു ഇവരുടെ പ്രധാന പരിപാടിയെന്നു പോലീസ് പറയുന്നത്. ബ്ലേഡ് മാഫിയ വഴി കൊള്ളപ്പലിശയ്ക്കു പണം നൽകുക, ഗുണ്ടാസംഘങ്ങളെ വിട്ട് എതിരാളികളെ ഭീഷണിപ്പെടുത്തുക എന്നിവയും പതിവായിരുന്നുവെന്നും പോലീസ് പറയുന്നു. ഇതുപോലെ വരാപ്പുഴ പീഡനക്കേസിൽ പോലീസ് റജിസ്റ്റർ ചെയ്ത 34 കേസുകളിൽ 26 ലും ശോഭാ ജോൺ ഒന്നാം പ്രതിയായിരുന്നു.


















































