ന്യൂയോർക്ക് ∙ ലാഗാർഡിയ വിമാനത്താവളത്തിലെ റൺവേയിൽ അഗ്നിശമന സേനയുടെ ട്രക്കുമായി കൂട്ടിയിടിച്ച് എയർ കാനഡ വിമാനത്തിലെ പൈലറ്റും സഹപൈലറ്റും മരിച്ചു. 39 യാത്രക്കാർക്ക് പരുക്കേറ്റു. ഇതിൽ ഏതാനും പേരുടെ പരുക്ക് ഗുരുതരമാണ്. മോൺട്രിയലിൽ നിന്നു 72 യാത്രക്കാരും 4 ജീവനക്കാരുമായെത്തിയ ‘ജാസ് ഏവിയേഷൻ’ വിമാനമണ് ഞായറാഴ്ച രാത്രി വൈകി റൺവേയിൽ അപകടത്തിൽപ്പെട്ടത്.
എയർ കാനഡ വിമാനം ലാൻഡ് ചെയ്യുന്നതിന്അ തൊട്ടുമുമ്പ്, അസ്വഭാവിക ഗന്ധം അനുഭവപ്പെടുന്നതായി വിമാനത്താവളത്തിലുണ്ടായിരുന്ന മറ്റൊരു യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ പൈലറ്റ് അറിയിച്ചതിനെ തുടർന്ന്, ആ വിമാനത്തിനു സമീപത്തേക്ക് പോകുകയായിരുന്ന അഗ്നിശമന സേനയുടെ വാഹനമാണ് അപകടത്തിന് ഇടയാക്കിയത്.എയർ കാനഡ വിമാനം ഈ സമയത്ത് ലാൻഡ് ചെയ്യുകയായിരുന്നു. ട്രക്ക് നിർത്താൻ എയർപോർട്ട് കൺട്രോൾ വിഭാഗം നിർദേശിച്ചെങ്കിലും സാധിച്ചില്ല. അപകടത്തിൽ വിമാനത്തിന്റെ മുൻഭാഗം തകരുകയും പൈലറ്റും കോ- പൈലറ്റും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു.പരുക്കേറ്റ നാൽപതോളം യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ പുക കണ്ടതിനെത്തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനത്തിനായി ഫയർ ട്രക്കിന് അനുമതി നൽകിയ കൺട്രോളർക്ക് സംഭവിച്ച ചെറിയൊരു പിഴവാണ് വലിയൊരു അപകടത്തിലേക്ക് നയിച്ചത്. എയർ കാനഡ വിമാനം ലാൻഡ് ചെയ്തുകൊണ്ടിരുന്ന അതേ റൺവേ മുറിച്ചുകടക്കാൻ ഫയർ ട്രക്കിന് അനുമതി നൽകിയത് കൺട്രോളറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയായി. സെക്കൻഡുകൾക്ക് ശേഷം പിഴവ് തിരിച്ചറിഞ്ഞ കൺട്രോളർ “സ്റ്റോപ്പ്, ട്രക്ക് 1, സ്റ്റോപ്പ്!” എന്ന് അലറി വിളിച്ചെങ്കിലും വിമാനം ട്രക്കിൽ ഇടിച്ചിരുന്നു. “ഞാൻ ഒരു വലിയ തെറ്റ് ചെയ്തു” എന്ന് കൺട്രോളർ തന്നെ വിളിച്ചുപറയുന്നത് അപകട ശേഷം പുറത്തുവന്ന ഓഡിയോയിൽ വ്യക്തമായി കേൾക്കാം.
എന്തുകൊണ്ടാണ് പരിചയസമ്പന്നനായ ഒരു കൺട്രോളർക്ക് ഇത്തരമൊരു വീഴ്ച സംഭവിച്ചത് എന്നതിനെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. അപകടം വ്യോമയാന മേഖലയെ പിടിച്ചുകുലുക്കിയിട്ടുണ്ടെങ്കിലും യാത്രക്കാർ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ലഗ്വാർഡിയ വിമാനത്താവളത്തിൽ റൺവേയിലെ തടസങ്ങൾ തിരിച്ചറിയാൻ ASDE-X പോലുള്ള നൂതന റഡാർ സംവിധാനങ്ങൾ നിലവിലുണ്ട്. ഇവയ്ക്ക് എന്തുകൊണ്ട് തടസ്സം തിരിച്ചറിയാൻ സാധിച്ചില്ല എന്നത് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് വിശദമായി പരിശോധിക്കുകയാണ്.















































