തിരുവനന്തപുരം : തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഉത്തർപ്രദേശിൽ നിന്നുള്ള അഘോരി വിഭാഗത്തിൽ പെടുന്ന സന്യാസിമാർ ഉൾപ്പെടുന്ന സംഘം തിരുവനന്തപുരത്ത്. സന്യാസിസംഘം ബിജെപി ജില്ലാ ഓഫിസിലും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും സന്ദർശിച്ചു. അതേസമയം തമിഴ്‌നാട്ടില്‍നിന്നുള്ള യാത്രയ്ക്കിടെ തിരുവനന്തപുരത്ത് എത്തിയ സന്യാസിമാര്‍ രാജീവ് ചന്ദ്രശേഖറിനെ കാണാന്‍ ആഗ്രഹം അറിയിച്ചപ്പോള്‍ സമ്മതം നല്‍കുകയായിരുന്നുവെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ വിവാദത്തിന്റെ ആവശ്യമില്ലെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു. രണ്ട് സന്യാസിമാരും ഒരു അഘോരിയുമാണ് സംഘത്തിലുണ്ടായിരുന്നത്.
യുപിയിൽ നിന്ന് കാറിലാണ് സംഘം യാത്ര നടത്തുന്നത്. രാവിലെയോടെയാണ് സന്യാസിമാര്‍ ബിജെപി ജില്ലാ ആസ്ഥാനത്തിനു മുന്നില്‍ എത്തിയത്. കാശിയില്‍നിന്നാണു വരുന്നതെന്നും ബിജെപി എംഎല്‍എമാരെ കണ്ട് ആശീര്‍വദിക്കാന്‍ എത്തിയതാണെന്നുമാണ് ഇവര്‍ പറഞ്ഞു.
കേരളത്തില്‍ ബിജെപിക്ക് എംഎല്‍എമാര്‍ ആരും ഇല്ലെന്നു പറഞ്ഞപ്പോള്‍ ഇത്തവണ ഉറപ്പായും ബിജെപി ജയിക്കുമെന്നായിരുന്നു ഇവരുടെ മറുപടി. തുടര്‍ന്ന് സംഘം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രചാരണം നടത്തിയിരുന്ന നെടുങ്കാട് എത്തി അദ്ദേഹത്തെ അനുഗ്രഹിച്ചു. ചുറ്റുമുണ്ടായിരുന്നവരും അഘോരിയുടെ അനുഗ്രഹം തേടി. തിരുവനന്തപുരത്തുനിന്ന് നേരെ കാശിയിലേക്കാണെന്നും സന്യാസിമാര്‍ പറഞ്ഞു.















































