മുംബൈ: മുംബൈയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത യുവതിക്ക് വിചിത്രമായ അനുഭവം. ലക്ഷ്യസ്ഥാനത്ത് എത്താൻ ഒരു കിലോമീറ്റർ മാത്രം ബാക്കിയുള്ളപ്പോൾ ഓട്ടോ ഡ്രൈവർ യുവതിയെ വഴിയിലിറക്കി വിട്ടു. യുവതി പിന്നീട് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പ് വൈറലായി മാറിയിട്ടുണ്ട്. അദിതി ഗൺവീർ എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്.
“ഇന്നലെ എൻറെ ഓട്ടോ ഡ്രൈവർ ഓഫീസിലേക്ക് ഒരു കിലോമീറ്റർ ദൂരമുള്ളപ്പോൾ എന്നെ ഇറക്കിവിട്ടു, ‘മാഡം, എനിക്ക് അത്രയും ദൂരം പോകാൻ പറ്റില്ല’ എന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞുവെന്നും അദിതി കുറിച്ചു. 19 കിലോമീറ്റർ ദൂരമുണ്ടായിരുന്ന യാത്രയിൽ 18 കിലോമീറ്ററും ഓടിച്ച ശേഷമാണ് ഡ്രൈവർ ഇങ്ങനെ പറഞ്ഞതെന്നും അവർ വ്യക്തമാക്കി.
ഡ്രൈവർ പിന്നീട് തന്നോട് അനാവശ്യ സംഭാഷണങ്ങൾ ആരംഭിച്ചുവെന്നും അദിതി വിശദീകരിച്ചു. “അയാൾ എൻറെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യാൻ തുടങ്ങി” അവർ എഴുതി. ജോലിസ്ഥലത്ത് നിന്ന് ദൂരെ താമസിക്കുന്നതിനെക്കുറിച്ചും ദിവസവും ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനെക്കുറിച്ചും ഡ്രൈവർ ചോദിച്ചതായും അവർ കൂട്ടിച്ചേർത്തു.
യാത്ര തുടരുമ്പോൾ ഡ്രൈവർ തൻറെ ശമ്പളത്തെക്കുറിച്ച് ഊഹങ്ങൾ നടത്താനും, താൻ എത്ര സമ്പാദിക്കുന്നുണ്ടെന്ന് കണക്കാക്കാനും ശ്രമിച്ചുവെന്നും യുവതി പറയുന്നു. പരിഹാസവും നർമ്മവും കലർത്തിയാണ് അദിതി തൻറെ കുറിപ്പ് അവസാനിപ്പിച്ചത്: “ചിലപ്പോൾ നിങ്ങളുടെ യാത്ര മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കാം, അവർ നിങ്ങളെ വഴിയിൽ ഉപേക്ഷിക്കും. അതൊന്നും സാരമില്ല. അവർക്ക് ഒരു സ്റ്റാർ റേറ്റിംഗ് നൽകി മുന്നോട്ട് പോകുക” – യുവതി കുറിച്ചു.
ഈ പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും നിരവധി പേർ സമാനമായ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുകയും ചെയ്തു. “18 കിലോമീറ്റർ സത്യസന്ധത, ഒരു കിലോമീറ്റർ അനാവശ്യ ജീവിതോപദേശം. ഇന്ത്യയിലെ ഓട്ടോ യാത്രകൾ ശരിക്കും ഒരു ഫുൾ-സ്റ്റാക്ക് അനുഭവമാണ് നൽകുന്നത്” ഒരു ഉപയോക്താവ് കുറിച്ചു. “അവർക്ക് ഉപഭോക്താവിനോട് ഇത് ചെയ്യാൻ മടിയില്ലെങ്കിൽ, സ്വന്തം മകളോ ഭാര്യയോ സഹോദരിയോ ആയിരുന്നെങ്കിൽ ഇവർ ഇങ്ങനെ ചെയ്യുമോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു,” മറ്റൊരാൾ എഴുതി.