കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് യുവാവിനെ വീട്ടിൽ വിളിച്ച് വരുത്തി വിഷം കൊടുത്ത് കൊന്ന സംഭവം പാറശ്ശാല ഷാരോൺ വധക്കേസിന് സമാനം. എറണാകുളം കോതമംഗലത്തിന് സമീപമുള്ള ഒരു ഗ്രാമ പ്രദേശമാണ് മാതിരപ്പള്ളി. ആ നാട്ടുകാരനായ അൻസിൽ, അൻസിലിന്‍റെ പെൺ സുഹൃത്തായിരുന്നു അദീന.
ഏറെ നാളായി അടുപ്പത്തിലായിരുന്ന അൻസിലിനെ അദീന വിഷം കൊടുത്ത് കൊന്നു. അൻസിലിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഈ കടും കൈ. കളനാശിനി നൽകിയാണ് കൊലപാതകം. പാറശ്ശാല ഷാരോൺ വധക്കേസിന് ശേഷം കേരളം വീണ്ടും നടുങ്ങിയ സമാനമായ സംഭവമാണ് കോതമംഗലത്ത് യുവാവിന്‍റെ കൊലപാതകം.
ഷാരോൺ വധക്കേസിലെ കുറ്റവാളി ഗ്രീഷ്മയെ കേരളം മറക്കില്ല. ഏറെക്കുറെ സമാനമായ നടുക്കുന്ന കൊലപാതകമാണ് എറണാകുളം കോതമംഗലത്ത് നടന്നത്. മാതിരപ്പിള്ളി കരയിൽ മേലേത്ത് മാലിൽ വീട്ടിൽ അലിയാർ മകൻ 38 വയസ്സുള്ള അൻസിൽ ഇന്നലെ രാത്രിയാണ് വിഷമുള്ളിൽ ചെന്നുള്ള ചികിത്സയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. ഏറെക്കാലമായി അടുപ്പത്തിലായിരുന്ന അന്‍സിലിനെ ഒഴിവാക്കാൻ ചേലാട് സ്വദേശിനി അദീന നടത്തിയ ക്രൂരകൃത്യമാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.
വിവാഹതിനായിരുന്ന അൻസിൽ ഇടയ്ക്കിടെ കോതമംഗലം ചെമ്മീൻ കുത്തിൽ അദീന ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തുമായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. ഒടുവിൽ ഇരുവർക്കും ഇടയിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തു.അങ്ങനെ അന്‍സിലിനെ ഇല്ലാതാക്കാൻ അദീന തീരുമാനിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രി അന്‍സിലിനെ തന്ത്രപരമായിഅദീന തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അർദ്ധരാത്രി സമയത്ത് വിഷം കലക്കി നൽകിയതായാണ് പൊലീസ് പറയുന്നത്. പിന്നാലെ അദീന അൻസിലിന്റെ ബന്ധുക്കളെ വിളിച്ചു കാര്യവും പറഞ്ഞു. അവശനിലയിലായ അൻസിൽ ഉടൻ പൊലീസിനെയും വിളിച്ചു.