ചെന്നൈ: തിരുപ്പൂരിൽ തർക്കം തീർക്കാനെത്തിയ എസ്ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതി പോലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രതി മണികണ്ഠനാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
അതേസമയം പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റ മറ്റൊരു പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കേസിലെ തന്നെ മറ്റ് രണ്ട് പ്രതികൾ ഇന്നലെ പോലീസിൽ കീഴടങ്ങിയിരുന്നു. കഴിഞ്ഞ ദിവസാണ് സ്‌പെഷ്യൽ എസ്ഐ ഷൺമുഖ സുന്ദരം കൊല്ലപ്പെട്ടത്. അച്ഛനും മക്കളും തമ്മിലുളള തർക്കം തീർക്കാനെത്തിയ എസ്ഐയെ അറസ്റ്റ് തടയുന്നതിനായി മകൻ ആക്രമിക്കുകയായിരുന്നു.
അതേസമയം അണ്ണാഡിഎംകെ എംഎൽഎയായ സി മഹേന്ദ്രന്റെ ഫാം ഹൗസിൽ ജീവനക്കാരനും മക്കളും തമ്മിൽ തർക്കമുണ്ടായത്. മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അയൽക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. മൂർത്തിയും മക്കളായ മണികണ്ഠനും തങ്കപാണ്ടിയുമാണ് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയത്. സംഭവം അന്വേഷിക്കാനായി ഷൺമുഖ സുന്ദരമുൾപ്പെടെ മൂന്ന് പോലീസുകാർ സ്ഥലത്തെത്തിയിരുന്നു. അറസ്റ്റ് ചെയ്യുമെന്ന ഘട്ടമായപ്പോഴാണ് മണികണ്ഠൻ സമീപത്തുണ്ടായിരുന്ന അരിവാളെടുത്ത് ഷൺമുഖ സുന്ദരത്തെ വെട്ടിയത്. കൂടെയുണ്ടായിരുന്ന പോലീസുകാർ ഉടൻ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് കൂടുതൽ പോലീസുകാർ സ്ഥലത്തെത്തിയാണ് ബാക്കിയുളളവരെ അറസ്റ്റ് ചെയ്തത്. ഇതിനിടെ മണികണ്ഠനും സഹോദരനും ഓടിരക്ഷപ്പെട്ടു.
പിന്നാലെ ഇവർക്കായി തിരച്ചിൽ നടക്കുന്നതായി വാർത്തകളുണ്ടായിരുന്നു. ഇന്ന് രാവിലെയോടെ ഏറ്റുമുട്ടലിൽ മണികണ്ഠൻ കൊല്ലപ്പെട്ടുവെന്ന വാർത്ത വന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി അക്രമാസക്തനാവുകയായിരുന്നെന്നും മറ്റ് വഴികളില്ലാതെ വെടിയുതിർത്തുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.