ആലപ്പുഴ : ജി.സുധാകരനു പെൻഷൻ വാങ്ങി വീട്ടിൽ ഇരുന്നാൽ പോരെയെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കമ്മിറ്റിയംഗം എ.ഓമനക്കുട്ടൻ. സുധാകരൻ എന്ന മാൻഡ്രേക്കിനെ ഇനി കോൺഗ്രസുകാർ സഹിക്കട്ടെ. കോൺഗ്രസ് 14 കഷണം ആണെങ്കിൽ സുധാകരൻ അതിനെ 28 കഷണമാക്കുമെന്നും ഓമനക്കുട്ടൻ പരിഹസിച്ചു.സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുന്നതിൽ പ്രതിഷേധിച്ചും പാർട്ടിയെ വഞ്ചിച്ചെന്ന് ആരോപിച്ചും പുന്നപ്ര പറവൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഈ പരാമർശം.
മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ ഡ്രാക്കുള എന്നു വിളിച്ച ആളാണു മുൻമന്ത്രി ജി.സുധാകരനെന്നും അങ്ങനെയെങ്കിൽ തന്നെ പൊളിറ്റിക്കൽ ക്രിമിനൽ എന്നു വിളിച്ചതിൽ വിഷമമില്ലെന്നും എച്ച്.സലാം എംഎൽഎ പറഞ്ഞു.
സുധാകരന്റെ അടിസ്ഥാന വികാരം അധികാരം ലഭിക്കണം എന്നു മാത്രമാണ്. അദ്ദേഹത്തെ പല പരിപാടികൾക്കു ക്ഷണിച്ചപ്പോഴും ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന മറുപടിക്കത്താണു ലഭിച്ചത്. എന്നിട്ടും ക്ഷണിച്ചില്ലെന്ന പ്രചാരണം മാധ്യമങ്ങൾ വഴി നടത്തി. എല്ലാം അദ്ദേഹത്തിന്റെ തെറ്റിധാരണയാണ്. സുധാകരൻ കൂടി അധ്വാനിച്ചുണ്ടാക്കിയ പാർട്ടിയാണെന്നും അതു മറക്കുന്നില്ലെന്നും സലാം പറഞ്ഞു.
എല്ലാത്തിനും മീതെയാണു പാർട്ടിയെന്നു പഠിപ്പിച്ച ജി.സുധാകരനു ശത്രുപാളയത്തിലെത്താൻ എങ്ങനെ സാധിച്ചുവെന്നു മനസ്സിലാകുന്നില്ലെന്നു കേന്ദ്രകമ്മിറ്റിയംഗം സി.എസ്.സുജാത പറഞ്ഞു. രക്തസാക്ഷിയായ സ്വന്തം സഹോദരൻ ജി.ഭുവനേശ്വരനെ തള്ളിപ്പറഞ്ഞതു സഹിക്കാനാകുന്നില്ല. 75 വയസ്സ് കഴിഞ്ഞ മറ്റുള്ളവരെ പോലെ സുധാകരനും പാർട്ടിയെ നയിക്കുകയാണു വേണ്ടിയിരുന്നതെന്നും സുജാത പറഞ്ഞു.












































