മലപ്പുറം: മലപ്പുറത്ത് കല്യാണം മുടങ്ങിയതിന്റെ പേരിൽ കൂട്ടയടി. കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കളാണ് വിവാഹം മുടക്കി എന്നാരോപിച്ച് പെരുന്താട്ടിരിയിലെ യുവാവിന്റെ വീട്ടിലെത്തിയത്. യുവാവിന്റെ ബന്ധുക്കളോട് പരാതി പറയുന്നതിനിടെ യുവാവും സുഹൃത്തുക്കളും ചേർന്ന് ഇവരെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെയും പെരുന്താട്ടിരി സ്വദേശിയായ യുവാവിന്റെയും വിവാഹം ഉറപ്പിച്ചത്.
അധികം വൈകാതെ വിവാഹം മുടങ്ങുകയായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെത്തി പരാതി ഉന്നയിച്ചു. വിവാഹം മുടക്കി എന്ന തരത്തിൽ യുവാവിനെതിരെ ആയിരുന്നു ഇവരുടെ പരാതി. ഇതിൽ പ്രകോപിതനായ യുവാവ് സുഹൃത്തുക്കളുമായി ചേർന്ന് പെൺകുട്ടിയുടെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ആക്രമണത്തിൽ പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കുമടക്കം മർദനമേറ്റതായാണ് വിവരം. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബം മലപ്പുറം പോലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















































