ബെംഗളൂരു∙ റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയി മരണത്തിന് മുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി എംഡി ടി.എ.ജോസഫ് . അശോക് നഗർ പൊലീസ് സ്റ്റേഷനിൽ ടി.എ.ജോസഫ് സമർപ്പിച്ച പരാതിയിലാണ് സംഭവ ദിവസത്തെക്കുറിച്ചുള്ള വിവരങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകാനായി ടി.എ.ജോസഫിനൊപ്പം റോയ് ഓഫിസിലെത്തി. പിന്നാലെ തന്റെ ക്യാബിനിലേക്ക് പോയ റോയി അമ്മയോട് സംസാരിക്കണമെന്ന് ജോസഫിനോട് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അതേതുടർന്ന്, പുറത്തേക്കിറങ്ങിയ ജോസഫ് തിരികെ എത്തിയപ്പോൾ ക്യാബിനിലേക്ക് കയറാൻ സെക്യൂരിറ്റി സമ്മതിച്ചില്ല. ആരെയും ക്യാബിനിലേക്ക് കയറ്റി വിടരുതെന്ന് റോയ് അറിയിച്ചെന്നായിരുന്നു വിശദീകരണം. 10 മിനിറ്റിന് ശേഷം ജോസഫ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്നും പ്രതികരണമുണ്ടായില്ല. കതക് ഉള്ളിൽ നിന്നും ലോക്കിട്ട നിലയിലായിരുന്നു. കതക് തകർത്ത് ഉള്ളിൽ കയറിയപ്പോൾ ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു റോയി. പൾസ് ഇല്ലെന്ന് മെഡിക്കൽ സ്റ്റാഫ് സ്ഥിരീകരിച്ചു. ഉടൻ തന്നെ ആംബുലൻസ് വിളിച്ചു ബെംഗളൂരുവിലെ നാരായണ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണു സ്ഥാപനത്തിന്റെ ആവശ്യം. കടുംകൈ ചെയ്യാൻ റോയിയെ പ്രേരിപ്പിച്ച തരത്തിലുള്ള സമ്മർദം ഉണ്ടായിരുന്നോ എന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരതുരമായ ആരോപണങ്ങളാണു റോയിയുടെ കുടുംബം ഉന്നയിക്കുന്നത്.
ഐ-ടി ഉദ്യോഗസ്ഥർ ഡിസംബറിൽ 2 തവണ ഓഫിസ് സന്ദർശിച്ചിരുന്നു. റെയ്ഡുകൾക്കിടെ ആവശ്യപ്പെട്ട രേഖകൾ റോയി സമർപ്പിക്കുകയും ചെയ്തിരുന്നു. ഡിസംബർ അവസാന വാരം റെയ്ഡിനായി എത്തുമെന്ന് റോയിയെ മുൻപ് അറിയിച്ചിരുന്നതായും അദ്ദേഹം അവർക്കായി കാത്തിരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. തുടർച്ചയായ റെയ്ഡുകൾ കാരണം തനിക്കുള്ള ഉത്കണ്ഠയും മാനസിക സമ്മർദ്ദവും റോയ് പലരോടും പങ്കുവെച്ചിരുന്നുവെന്നും പറയുന്നു.
















































