ഇസ്ലാമാബാദ്: സാമ്പത്തിക സഹായത്തിനായി ലോകരാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടേണ്ടിവരുന്നതില്‍ അങ്ങേയറ്റം ലജ്ജിക്കുന്നുവെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. രാജ്യത്തെ പ്രമുഖ കയറ്റുമതിക്കാരുമായി ശനിയാഴ്ച ഇസ്ലാമാബാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി വെളിപ്പെടുത്തൽ നടത്തിയത്.
രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വായ്പകൾ തേടുന്നത് ആത്മാഭിമാനത്തിന് വലിയ ആഘാതമാണെന്നും സഹായം ചോദിക്കുമ്പോൾ തന്റെയും ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും തലകൾ നാണക്കേടുകൊണ്ട് കുനിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹായം നൽകുന്ന രാജ്യങ്ങൾ മുന്നോട്ടുവെക്കുന്ന പല നിബന്ധനകളും തള്ളിക്കളയാൻ സാധിക്കാത്ത വിധം തങ്ങൾ വിട്ടുവീഴ്ചകൾക്ക് നിർബന്ധിതരാകുന്നുണ്ടെന്നും ഷെരീഫ് കൂട്ടിച്ചേർത്തു.
2008- മുതൽ പാകിസ്താൻ്റെ സാമ്പത്തികനില അസ്ഥിരമായി തുടരുകയാണ്. 2021-ൽ പണപ്പെരുപ്പം കൂടുകയും രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. നിലവിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ഏകദേശം ഇരട്ടിയായിട്ടുണ്ടെങ്കിലും അതിൽ സുഹൃദ് രാജ്യങ്ങളിൽനിന്നുള്ള കടങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ കൊടുത്തുതീർക്കാനുള്ള കടം സംബന്ധിച്ച് അന്താരാഷ്ട്ര നാണയ നിധിയുമായി (ഐഎംഎഫ്) പാകിസ്താൻ ചർച്ച നടത്തിവരികയാണ്.
വായ്പാ പദ്ധതിയുടെയും കാലാവസ്ഥാ ധനസഹായത്തിന്റെയും ഭാഗമായി പാകിസ്താന് അടുത്തിടെ 1.2 ബില്യൺ ഡോളർ ഐഎംഎഫിൽ നിന്ന് ലഭിച്ചിരുന്നു. പഴയ കടങ്ങൾ വീട്ടുന്നതിനും വിദേശനാണ്യ ശേഖരം മെച്ചപ്പെടുത്തുന്നതിനും ഈ തുക സഹായകമായിട്ടുണ്ട്. വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി മൂലധന ലഭ്യത ഉറപ്പാക്കാൻ ധനമന്ത്രാലയത്തിനും സെൻട്രൽ ബാങ്കിനും പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ബിസിനസ് രംഗത്തെ പ്രമുഖരുടെ നിർദേശങ്ങൾ കേൾക്കാനും ധീരമായ തീരുമാനങ്ങൾ എടുക്കാനും സ്റ്റേറ്റ് ബാങ്ക് ഗവർണർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.














































