ഇറാനും അമേരിക്കയും ഇപ്പോ പൊട്ടിക്കും ഇപ്പോ പൊട്ടിക്കും എന്ന നിലയിൽ മിഡിൽ ഈസ്റ്റിനെ ആശങ്കയിലാഴ്ത്താൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. അമേരിക്കയുടെ യുദ്ധക്കപ്പൽ എബ്രഹാം ലിങ്കൺ ഇറാന്റെ സമുദ്ര പരിസരത്തേക്ക് അടുപ്പിക്കുന്നു എന്ന വാർത്ത വളരെ ഭീതിയോടെയാണ് ലോകം കേട്ടത്. എന്നാൽ ഇറാൻ തങ്ങളെ ആക്രമിച്ചാൽ വെറുതെ കൈയും കെട്ടി ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കിയതോടെ ഒരു യുദ്ധം ആസന്നമാണെന്ന് തന്നെയാണ് ലോകം കരുതുന്നത്. ഇതിനിടെ യൂറോപ്യൻ യൂണിയൻ ഇറാന്റെ സേനയായ റെവലൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
ചരിത്രപരമായ പശ്ചാത്തലം
ഇറാൻ- അമേരിക്ക സംഘർഷത്തിന്റെ വേരുകൾ 1953-ലെ സിഐഎയുടെ ഇടപെടലിലേക്ക് ചെന്നെത്തുന്നതാണ്, അന്ന് അമേരിക്കയും ബ്രിട്ടനും ചേർന്ന് ഇറാനിലെ പ്രധാനമന്ത്രി മൊഹമ്മദ് മൊസാദെക്കിനെ അട്ടിമറിച്ചു. എന്നാൽ 1979-ലെ ഇസ്ലാമിക വിപ്ലവത്തിൽ, അമേരിക്കൻ എംബസി പിടിച്ചെടുത്തതോടെ ബന്ധങ്ങൾ കൂടുതൽ വഷളായി. പിന്നാലെ 1980-കളിൽ ഇറാഖ്- ഇറാൻ യുദ്ധത്തിൽ അമേരിക്ക ഇറാഖിനെയും സദ്ദാമിനെയുമാണ് പിന്തുണച്ചത്. അതും ഇറാനും അമേരിക്കയും തമ്മിലുള്ള വൈരത്തിന്റെ ചരിത്രപരമായ കാരണങ്ങളിലൊന്നാണ്. പിന്നീട് നിരവധി തവണ ഇവർ തമ്മിൽ അന്താരാഷ്ട്ര വേദികളിൽ പരസ്പരം പോരടിക്കുകയും ഉപരോധങ്ങൾ ഏർപെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ഇറാന്റെ ആണവ പദ്ധതികളുടെ പേരിൽ നിരന്തരം ആ രാജ്യത്തിനെതിരെ ഉപോരോധങ്ങൾ കടുപ്പിച്ചുകൊണ്ടേ ഇരുന്നു. പിന്നീട് 2020-ൽ ജനറൽ ഖാസിം സുലൈമാനിയുടെ വധമാണ് ഈ സംഘർഷത്തെ കൂടുതലായി രൂക്ഷമാക്കിയത്. അതിനു ശേഷം കഴിഞ്ഞ വർഷം, 2025 ജൂണിൽ, അമേരിക്ക ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തി, ഇതും ഇപ്പോഴത്തെ പിരിമുറുക്കത്തിന്റെ പശ്ചാത്തലമാണ്. എന്നാൽ ഈ ആക്രമണത്തിനുശേഷം, ഇറാൻ തങ്ങളുടെ ആണവപരിപാടി പുനരാരംഭിക്കുകയും, ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുകയും ചെയ്തു,
സമീപകാല സംഭവങ്ങൾ
2025 അവസാനത്തോടെ, ഇറാനിൽ സാമ്പത്തിക പ്രതിസന്ധി, അഴിമതി, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാൽ ഇറാൻ സർക്കാർ ഈ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തി, അമേരിക്ക ഇറാൻ സർക്കാരിന്റെ നടപടിയെ ശക്തമായി അപലപിച്ചു എന്ന് മാത്രമല്ല ഇറാനിലെ പ്രക്ഷോഭകാരികൾക്ക് എല്ലാ സഹായവും വാഗ്ദാനവും ചെയ്തു. ആവശ്യമെങ്കിൽ സൈനിക സഹായവും നൽകുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. ട്രംപ് ഇറാനെ “ഭീകരരാഷ്ട്രം” എന്ന് വിശേഷിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോൾ യൂറോപ്യൻ യൂണിയൻ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിലെ സ്ഥിതി
2026 ജനുവരി 30-ന്, അമേരിക്ക ഇറാനു സമീപമുള്ള യുഎസ്എസ് അബ്രഹാം ലിങ്കൺ വിമാന വാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള ഒരു “ആക്രമണകാരിയായ സേനയെ” വിന്യസിച്ചിരിക്കുന്നു. ട്രംപ് ഇറാനോട് ആണവകരാർ ചർച്ചകൾക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, അല്ലെങ്കിൽ “കഴിഞ്ഞതിനെക്കാൾ വളരെ മോശമായ” ആക്രമണം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകിയിരിക്കുന്നു. പിന്നാലെ യുഎസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സൈന്യം “തയ്യാറാണ്” എന്ന് പ്രഖ്യാപിച്ചു. റീജിം ചേഞ്ച് പ്രോത്സാഹിപ്പിക്കാൻ ട്രംപ് ഇറാൻ നേതാക്കളെയും സുരക്ഷാസേനകളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ പരിഗണിക്കുന്നുണ്ടെന്നും വാർത്തകളുണ്ട്.
മറുവശത്ത് ഇറാനും “യുദ്ധസന്നദ്ധത” പ്രഖ്യാപിച്ചു, 1000 സ്ട്രാറ്റജിക് ഡ്രോണുകൾ ഇതിനകം വിന്യസിച്ചു കഴിഞ്ഞു, തങ്ങൾക്കു നേരെ എന്ത് നീക്കമുണ്ടായാലും യുഎസ് ബേസുകളെയും വിമാനവാഹിനിക്കപ്പലുകളെയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ഇറാൻ ഡ്രോണുകൾ യുഎസ് കപ്പലുകളെ ചുറ്റിപ്പറന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഡിപ്ലോമാറ്റിക് ശ്രമങ്ങൾ
സംഘർഷം ഒഴിവാക്കാൻ ഡിപ്ലോമാറ്റിക് ശ്രമങ്ങൾ തീവ്രമായി തന്നെ ഇതിനിടയിൽ നടക്കുന്നുണ്ട്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇതിനിടെ തുർക്കി സന്ദർശിച്ചു, പിന്നാലെ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് തുർക്കി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇറാൻ “ഭീഷണികൾക്ക് കീഴിൽ” ചർച്ചകൾ നടത്തില്ലെന്ന് ആത്മീയ നേതാവ് അലി ഖമനേയി വ്യക്തമാക്കുകയും ചെയ്തു, എന്നാൽ “ന്യായമായ” ആണവക്കരാറിന് തയ്യാറാണെന്നും അദ്ദേഹം സമ്മതിച്ചു. അതോടൊപ്പം സൗദി അറേബ്യയും യുഎഇയും തങ്ങളുടെ ആകാശമേഖല യുഎസ് ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മേഖലയിലെ രാഷ്ട്രങ്ങളല്ലെങ്കിലും ചൈനയും റഷ്യയും സംയമനം ആവശ്യപ്പെട്ടിട്ടുണ്ട്.
ആഘാതങ്ങളും പ്രത്യാഘാതങ്ങളും
ഈ പിരിമുറുക്കം നിലവിൽ എണ്ണവിലകൾ ഉയർത്തുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്തു കഴിഞ്ഞു. സ്വർണ്ണ വില കുതിച്ചുയരുന്നതും ഇതിന്റെ ഒരു പ്രതിഫലനമാണ്. നിലവിൽ മിഡിൽ ഈസ്റ്റിലെ സമാധാനം അപകടത്തിലാണ്, ഇസ്രായേൽ- ഇറാൻ സംഘർഷം വർദ്ധിക്കാം. അതുപോലെ യുഎസ് ബേസുകൾ ഇറാൻ മിസൈലുകളുടെ ഭീഷണിയിലാണ്.
ഇറാനിലെ പ്രതിഷേധക്കാർ ഇപ്പോഴും ട്രംപിനോട് സഹായം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, യുദ്ധം ആരംഭിച്ചാൽ, അത് വ്യാപകമായ മനുഷ്യനാശത്തിനും സാമ്പത്തിക നാശത്തിനും കാരണമാകും. ഇറാൻ തങ്ങളുടെ പ്രോക്സി ഗ്രൂപ്പുകളായ ഹിസ്ബുള്ള, ഹൂതികൾ എന്നിവയിലൂടെ തിരിച്ചടിക്കുമെന്നുറപ്പാണ്, ഇത് യെമൻ, ലെബനൻ എന്നിവിടങ്ങളിലെ സംഘർഷങ്ങളെ വർദ്ധിപ്പിക്കും. അതോടെ ആണവപ്രസരണം തടയാൻ ഉദ്ദേശിച്ച ഈ നീക്കങ്ങൾ, ഇറാനെ കൂടുതൽ ആണവായുധങ്ങൾ വികസിപ്പിക്കാൻ പ്രേരിപ്പിക്കുന്നതിലേക്ക് തന്നെ നയിക്കും.
ഇപ്പോൾ ഈ നിമിഷവും, ഇറാൻ- അമേരിക്ക സംഘർഷം യുദ്ധത്തിന്റെ വക്കിലാണ്, എന്നാൽ ഡിപ്ലോമസി ഇപ്പോഴും സാധ്യമാണ്. ട്രംപിന്റെ “പീസ് ത്രൂ സ്ട്രെങ്ത്” നയം ഇറാനെ ചർച്ചകൾക്ക് നിർബന്ധിക്കുമോ, അതോ യുദ്ധത്തിലേക്ക് നയിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ആഗോള സമൂഹം സംയമനം ആവശ്യപ്പെടുന്നു, കാരണം ഈ സംഘർഷം ലോകമെമ്പാടും പ്രതിഫലിക്കും. ഇറാനിലെ ജനങ്ങൾ സമാധാനവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നു, എന്നാൽ അവിടത്തെ ആഭ്യന്തര പ്രശ്നങ്ങളിൽ അന്താരാഷ്ട്ര ഇടപെടൽ അപകടകരമാണ്. അതോടൊപ്പം വെനിസ്വേലയിലെ എണ്ണയിൽ നിയന്ത്രണം സ്ഥാപിച്ച അമേരിക്കക്ക് ഇറാനെ വീഴ്ത്തിയാൽ ആഗോള എണ്ണ വിപണിയെ നിയന്ത്രിക്കാമെന്ന ആഗ്രഹവും ഈ നീക്കങ്ങൾക്ക് പിന്നിലുണ്ടാവാം.
2025 ൽ ലോക സമാധാനത്തിനായി നടന്ന ട്രംപും അമേരിക്കയും ഇപ്പോൾ രണ്ടു മാസത്തിനിടയിൽ ലോകസമാധാനത്തെ മുഴുവൻ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് ഏർപെട്ടു കൊണ്ടിരിക്കുന്നത്. അത് ഗ്രീൻലാന്റിലായാലും വെനിസ്വേലയിലായാലും ഇപ്പോൾ ഇറാനിലായാലും.












































