കെ റെയിൽ വരും കേട്ടോ… ഈ വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് ഇപ്പോ വർഷം 4 കഴിഞ്ഞു. ഇതാ ഇപ്പോൾ സർക്കാരിന്റെ കാലാവധി അവസാനിക്കാൻ പോകുന്നു. കിലുക്കം സിനിമയിലെ രോവതിയുടെ കഥാപാത്രം പറയുന്ന പോലെ ജ്യോതീം വന്നില്ല, പുകയും വന്നില്ല എന്ന് മലയാളികൾ പരിഹസിക്കാൻ തുടങ്ങിയതോടെ ഈ സർക്കാരിന് ഒരിക്കലും നടത്താൻ കഴിയാത്തതെന്നുറപ്പുള്ള ബജറ്റിൽ പുതിയ ഒരു റെയിലുമായി വന്നിരിക്കുകയാണ് രണ്ടാം പിണറായി സർക്കാർ. RRTS എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. ബജറ്റിൽ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പോരാത്തതിന് കെ റെയിൽ വരും കേട്ടോ എന്ന നിലപാടിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുന്നുണ്ട്. അതോടെ ആകെ ആശയക്കുഴപ്പത്തിലായിരിക്കുന്നത് മലയാളികൾ ആണ്.
രണ്ടാം പിണറായി സർക്കാർ വന്നത് മുതൽ തന്നെ ചർച്ചയിലുള്ള കാര്യമാണ് കെ റെയിൽ എന്ന സെമി സ്പീഡ് റെയിൽ പദ്ധതി. കേരളത്തിൽ മുമ്പ് UDF സർക്കാർ എക്സ്പ്രസ് ഹൈവേ കൊണ്ടു വന്നപ്പോൾ എതിർത്തവരാണെങ്കിലും വൈകി വിവേകമുദിക്കുന്ന ശീലമുള്ളതിനാൽ 20 വർഷങ്ങൾക്കിപ്പുറം വേഗത്തിൽ യാത്ര ചെയ്യേണ്ടത് ആവശ്യമാണെന്ന് പാർട്ടിക്ക് മനസിലാവുകയും അതിവേഗ റെയിൽ നടപ്പാക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ പ്രായോഗിക തലത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി എതിർപ്പ് തുടങ്ങുകയും കെ റെയിൽ അലൈൻമെന്റ് തയ്യാറാക്കി റവന്യൂ വകുപ്പ് ഏറ്റെടുക്കേണ്ട ഭൂമിയിൽ കുറ്റികൾ സ്ഥാപിക്കാൻ തുടങ്ങുകയും ചെയ്തതോടെ കാര്യം കയ്യാങ്കളിയിലെത്തുകയായിരുന്നു.
പ്രതിപക്ഷത്തിനൊപ്പം പൊതു ജനങ്ങളും പദ്ധതിയുടെ നടത്തിപ്പിനെതിരെ തിരിഞ്ഞതോടെ സിപിഎം ഇത് ഒരു അഭിമാന പ്രശ്നമായി ഏറ്റെടുക്കുകയും കാര്യമായ പ്രചാരണത്തോടെ മുന്നോട്ട് പോവാനുറപ്പിക്കുകയും ചെയ്തിരുന്നു.എംവി ഗോവിന്ദന്റെ അപ്പം വിൽപന കഥയും രാഹുൽ മാങ്കൂട്ടത്തിൽ ജെയ്കിനെ നിർത്തിപൊരിച്ചതുമെല്ലാം ഈ വിഷയത്തെ ആലോചിക്കുമ്പോൾ നിങ്ങളുടെ ഓർമയിൽ വരുന്നുണ്ടാവും. ആ സമയത്താണ് പി ടി തോമസിന്റെ മരണത്തെ തുടർന്ന് തൃക്കാക്കര നിയസഭ മണ്ഡലത്തിലേക്ക് ഉപ തെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പിലെ പ്രധാന ചർച്ച തന്നെ കെറെയിൽ ആയിരുന്നു, കാരണം തൃക്കാക്കര മണ്ഡലത്തിൽ നിരവധി പേരുടെ സ്ഥലം ഈ പദ്ധതിക്കായി ഏറ്റെടുക്കേണ്ടതായിട്ടുണ്ടായിരുന്നു. സിപിഎം ഇത് അഭിമാന പോരാട്ടമായി തന്നെ കരുതി കാടടച്ച പ്രചരണമാണ് നൽകിയത്. ലിസി ഹോസ്പ്റ്റലിലെ ഡോക്ടറായ ജോ ജോസഫിനെയാണ് ഇടത് സ്വതന്ത്രനായി LDF മത്സരിപ്പിച്ചത്. മന്ത്രിമാരും MLA മാരും ക്യാമ്പ് ചെയ്ത് നടത്തിയ പ്രചരണത്തിൽ പിണറായി വിജയൻ നേരിട്ട് പങ്കെടുക്കുകയും ചെയ്തിരുന്നു. അത്തരമൊരു പരിപാടിയിലെ പ്രസംഗത്തിലാണ് കെ റെയിൽ വരും കേട്ടോ എന്ന പ്രശസ്തമായ ഡയലോഗ് പിറന്നതും. കൂടാതെ നിലവിൽ 99 സീറ്റുള്ള LDF ന് സെഞ്ചുറി തികയ്ക്കാനുള്ള അവസരമാണ് കൈവന്നിട്ടുള്ളതെന്ന രീതിയിലും ഉപതെരഞ്ഞെടുപ്പിനെ അവർ വ്യാഖ്യാനിക്കുകയുണ്ടായി.
എന്നാൽ ഉപതെരഞ്ഞെടുപ്പിൽ LDF ന് ദയനീയ തോൽവിയാണുണ്ടായത്. തൃക്കാക്കരയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉമാ തോമസ് അവിടെ നേടിയത്. അതോടെ കെ റെയിൽ നടപടികൾ ഒന്ന് പതിയെ ആവുകയും കേന്ദ്രത്തിൽ നിന്നുള്ള അനുമതികൾ ലഭ്യമാവാതിരുന്നതോടെ കെ റയിൽ പദ്ധതി ഏകദേശം നിലയ്ക്കുകയും ചെയ്തു. ഇതിനായി ഇട്ട കുറ്റികൾ ജനങ്ങൾ തന്നെ പറിച്ചെറിയുകയും ചെയ്തതോടെ കെ റെയിൽ നടപ്പാവുന്നത് സംബന്ധിച്ച് വലിയ ആശങ്കകൾ ഉയരുകയും ചെയ്തു. ഇതിനിടെ കേന്ദ്ര സർക്കാർ വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിൽ അവതരിപ്പിക്കുകയും അതിന് വലിയ ജനശ്രദ്ധ കിട്ടുകയും ചെയ്തതോടെ കെ റെയിൽ ഏകദേശം വിസ്മതിയിലേക്ക് മറായാൻ തുടങ്ങുകയായിരുന്നു. മുഖ്യമന്ത്രിയുടെ പഴയ പഞ്ച് ഡയലോഗ് അതോടെ ട്രോളൻമാരുടെ കൈയിലെ പൂമാലയായി മാറുകയും ചെയ്തു.
കേന്ദ്ര സർക്കാരുമായി ഇതിനിടയ്ക്കും സർക്കാർ കെ റെയിലിനായുള്ള ശ്രമങ്ങൾ തുടരുന്നുണ്ടായരുന്നു. കേന്ദ്രത്തിലെ സംസ്ഥാന സർക്കാർ പ്രതിനിധി കെവി തോമസ് നിരന്തരം ചർച്ചകളും നടത്തിക്കൊണ്ടിരുന്നു. എന്നാൽ പദ്ധതി അപ്രായോഗികമാണെന്ന നിലപാടിൽ തന്നെ കേന്ദ്രവും കേന്ദ്രത്തിന്റെ പ്രതിനിധയായ ഇ ശ്രീധരനും ഉറച്ച് നിന്നതോടെ ഒരു ബദൽ പദ്ധതിക്കായുള്ള ശ്രമങ്ങളും ആരംഭിച്ചു.
അതിനിടെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തിരുവനന്തപുരത്ത് സന്ദർശനം നടത്തിയതിനു പിന്നാലെ ഇ ശ്രീധരൻ സെമി സ്പീഡിനു പകരം ഒരു അതിവേഗ റെയിൽ തന്നെ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ അവതരിപ്പിച്ചത്. കേരള ഹൈസ്പീഡ് റെയിൽ എന്ന് പേരിട്ട പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ കൂടി സമ്മതത്തോടെയാണ് ഇ ശ്രീധരൻ പ്രോജക്ട് അവതരിപ്പിച്ചതെന്നും കെ വി തോമസ് പറഞ്ഞതോടെ ഇനി കെ റെയിൽ ഇല്ല പകരം ഈ ഹൈസ്പീഡ് റെയിൽ ആയിരിക്കും വരിക എന്ന് ചിന്തിച്ചിരുന്ന മലയാളികളെ അമ്പരപ്പിച്ചുകൊണ്ടാണ് ബജറ്റിൽ പുതിയ സംസ്ഥാനത്തിന്റെ അതിവേഗ റെയിൽ അവതരിപ്പിച്ചതും അതിനു അവസാനമായി കെ റെയിൽ വരും കേട്ടോ എന്ന് ഒന്നുകൂടി ആവർത്തിച്ചതും.
ആകെയുള്ള ഈ ഇട്ടാവട്ടത്ത് മൂന്ന് അതിവേഗ പാതകളാണ് ഇപ്പോൾ മലയാളികളെ കാത്തിരിക്കുന്നത്. ഇതിൽ ഏതെങ്കിലും നടക്കുമോ എന്നതാണ് ആകാംഷ. മുമ്പത്തെ പ്രകടന പത്രികയിൽ ഉണ്ടായിരുന്ന സിൽവർ ലൈൻ സംസ്ഥാന സർക്കാർ ഉപേക്ഷിക്കുമോ അതോ RRTS ഉപേക്ഷിക്കുമോ, അതോ രണ്ടും ഉപേക്ഷിച്ചു കേന്ദ്രത്തിന്റെ പദ്ധതിയിൽ പങ്കാളിയാവുമോ എന്നതൊക്കെ കാത്തിരുന്നു തന്നെ കാണേണ്ട കാര്യമാണ്. എന്തായാലും ഈ ബജറ്റിലെ 100 കോടി എവിടെയെങ്കിലും കൊള്ളിക്കണമല്ലോ എന്ന് കരുതി ബാലഗോപാൽ ഇട്ടതാണോ എന്നും പറയാനാവില്ല. മുൻ വർഷങ്ങളിലെ പോലെ ലോകസമാധാനത്തിന് കോടികൾ വകയിരുത്തുന്ന പോലത്തെ പ്രഹസനങ്ങൾ അല്ലല്ലോ എന്നാശ്വസിക്കാം.













































