തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് അവതരണത്തെ വിമർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി .സതീശൻ. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്നും ബജറ്റിന്റെ പവിത്രത കളങ്കപ്പെടുത്തിയ അവതരണമാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്നും സതീശൻ ആരോപിച്ചു.
‘ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി. അനാവശ്യമായ രാഷ്ട്രീയം കലർത്തി. ആളുകളെ കബളിപ്പിക്കുന്ന ബജറ്റ്, യാതൊരു വിശ്വാസ്യതയുമില്ല. കേരളത്തിന്റെ ചരിത്രത്തിലെ മോശം ബജറ്റ്. 38 ശതമാനം പോലും ചെലവാക്കിയില്ല. പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിന്റെ സാമ്പത്തിക രംഗം. ട്രഷറിയിൽ നിയന്ത്രണം ഉണ്ട്. പത്ത് ലക്ഷം രൂപയ്ക്കുമേൽ പിൻവലിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. മുൻപ് ചില പ്രത്യേക സമയങ്ങളിൽ മാത്രമായിരുന്നു നിയന്ത്രണം’. സതീശൻ പറഞ്ഞു
‘ന്യൂ നോർമൽ എന്ന് പറഞ്ഞതാണ് ശരി. തോന്നിയതുപോലെ ബജറ്റ് തയാറാക്കുക. അത് നടപ്പാക്കാതിരിക്കുക. അതാണ് ന്യൂനോർമൽ. കേരളത്തിന് സംഭവിച്ചിരിക്കുന്നത് പരിതാപകരമായ അന്ത്യം. മുൻപ് 2500 രൂപ ക്ഷേമ പെൻഷൻ ആക്കുമെന്ന് പറഞ്ഞു. നാലേമുക്കാൽ കൊല്ലം നടപ്പാക്കാതെ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് 400 രൂപ കൂട്ടി. നിലവിൽ കേരളമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനം. മാർക്കറ്റിൽ സർക്കാർ ഇടപെടുന്നില്ല. ഇടപെടാൻ സാധിക്കാത്തത് ഖജനാവിൽ പൈസ ഇല്ലാത്തതുകൊണ്ടാണ്. ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണ്’.സതീശൻ പറഞ്ഞു
‘റവന്യു വരുമാനം 15,000 കോടി എസ്റ്റിമേറ്റിൽ നിന്ന് കുറഞ്ഞു. റവന്യു കമ്മി 9000 കോടി വർധിച്ചു. ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചത് അധികാരത്തിൽ വരില്ലെന്ന ഉറപ്പുള്ളതിനാലാണ്. 2024ലാണ് കമ്മീഷൻ പ്രവർത്തനം ആരംഭിക്കേണ്ടി ഇരുന്നത്. അതെല്ലാം കഴിഞ്ഞ് പോകുന്ന പോക്കിൽ കമ്മീഷനെ പ്രഖ്യാപിക്കുകയാണ്. നടപ്പിലാക്കേണ്ടത് അടുത്ത സർക്കാരിന്റെ ഉത്തരവാദിത്വമാക്കി മാറ്റി. അതുപോലെ ഡിഎ കുടിശിക പ്രഖ്യാപിച്ചതും തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ്. ഒരു ലക്ഷം കോടി രൂപയാണ് നിലവിൽ കൊടുത്തു തീർക്കേണ്ട ഡിഎ കുടിശിക’’ – സതീശൻ പറഞ്ഞു
‘വന്യജീവി ആക്രമണം തടയുന്നതിനു ഉള്‍പ്പെടെ മാറ്റിവച്ച തുകയില്‍ പകുതി മാത്രമാണ് കഴിഞ്ഞ 5 വര്‍ഷം ചെലവിട്ടത്. ഇതെല്ലാം മറച്ചുവച്ചാണ് ഇപ്പോള്‍ തുക വര്‍ധിപ്പിച്ചിരിക്കുന്നത്. കിഫ്ബി പദ്ധതികൾ നടപ്പിലാക്കുന്നില്ല. നിരവധി മേഖലകളിൽ വലിയ അവകാശ വാദം നടത്തിയെങ്കിലും പലതിലും കോടിക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയിരിക്കുകയാണ്. അങ്കണവാടി വർക്കർമാരെ നേരത്തെ പരിഹസിച്ചവരാണ് എൽഡിഎഫ് സർക്കാർ. അവരുടെ വേതനം വർദ്ധിപ്പിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടിട്ടും കൂട്ടിക്കൊടുക്കില്ലെന്ന് പറഞ്ഞവർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വേതനം കൂട്ടുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നു. എന്തായാലും കേരളത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് അടുത്ത യുഡിഎഫ് സർക്കാർ പ്രഖ്യാപിക്കും’. വിഡി സതീശൻ പറഞ്ഞു.

















































