കൊച്ചി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്ത് പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവാങ്കുളം മാമല കക്കാട് സ്വദേശി മഹേഷ്-രമ്യ ദമ്പതികളുടെ ഏകമകൾ ആദിത്യ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ വീടിന് സമീപത്തെ ശാസ്താംമുകൾ ഭാഗത്തുള്ള പാറമടയിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ
ചൊവ്വാഴ്ച രാവിലെ പതിവുപോലെ സ്‌കൂൾ യൂണിഫോം ധരിച്ച്, ഉച്ചഭക്ഷണവും കരുതി സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ വീട്ടിൽ നിന്നിറങ്ങിയത്. ഇതിനിചെ പാറമടയുടെ കരയിൽ സ്‌കൂൾ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പരിശോധന നടത്തിയത്. തുടർന്ന് വെള്ളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതേസമയം ആദിത്യയുടെ ബാഗിൽ നിന്നും പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവ് ജനുവരി 19-ന് മരിച്ചെന്നും ആ വേർപാടിൽ മനംനൊന്താണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നുമാണ് കുറിപ്പിലുള്ളത്. ചോറ്റാനിക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
കൂടാതെ കുട്ടി പറഞ്ഞ കൊറിയൻ യുവാവ് യഥാർത്ഥത്തിൽ മരിച്ചിട്ടുണ്ടോ? ഈ സൗഹൃദത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ? മരണത്തിലേക്ക് നയിച്ച മറ്റ് പ്രേരണകൾ എന്തെങ്കിലും ഉണ്ടോ? തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
















































