ന്യൂഡൽഹി: ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് കീഴ്ക്കോടതികളോട് സുപ്രീം കോടതിയുടെ ചോദ്യം. മാത്രമല്ല, ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ആസിഡ് ആക്രമണത്തിൽ പ്രതിചേർക്കപ്പെട്ടവരുടെ എല്ലാ സ്വത്തുക്കളും ലേലം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചു. അതിജീവിച്ചവർക്ക് ശക്തമായ സാമ്പത്തിക പുനരധിവാസം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
സ്ത്രീധന മരണ കേസുകളിൽ നിലവിലുള്ള നിയമവ്യവസ്ഥകൾ മാതൃകയാക്കിയാണ് ഈ നിർദേശം. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (CJI) സൂര്യകാന്തും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും ഉൾപ്പെട്ട ബെഞ്ചാണ് ആസിഡ് ആക്രമണത്തിൽ നിന്ന് അതിജീവിച്ച ഷഹീൻ മാലിക് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചത്. ആസിഡ് കുടിക്കാൻ നിർബന്ധിതരായ ഇരകൾക്കും നിയമപരമായ അംഗീകാരവും പ്രത്യേക സംരക്ഷണവും നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ, മാലിക്കിന്റെ കേസിലെ എല്ലാ പ്രതികളും വെറുതെ വിട്ടതായി കോടതിയെ അറിയിച്ചു. ഇതിനെതിരെ അവർ ക്രിമിനൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഇതോടെ മാലിക്കിന് നിയമസഹായം നൽകാമെന്ന് ബെഞ്ച് അറിയിച്ചു.
കോടതിയിൽ നേരിട്ട് ഹാജരായ ഷഹീൻ മാലിക്, 16 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പ്രതികൾ വെറുതെ വിട്ടത് തന്നെ തകർത്തുവെന്ന് പറഞ്ഞു. തന്റെ അപ്പീൽ ഹൈക്കോടതി അടിയന്തിരമായി പരിഗണിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. 26ാമത്തെ വയസിൽ ആസിഡ് ആക്രമണത്തിന് ഇരയായി തുടർന്ന് താൻ 25 ശസ്ത്രക്രിയകൾക്ക് വിധേയയായി, ഇതുപോലെ നിരവധി അതിജീവിതർ കാഴ്ച നഷ്ടപ്പെട്ട നിലയിൽ പുനരധിവാസത്തിനായി കാത്തിരിക്കുകയാണെന്നും മാലിക് കോടതിയെ അറിയിച്ചു.
അതേസമയം, രാജ്യത്തെ എല്ലാ ഹൈക്കോടതികളോടും ആസിഡ് ആക്രമണക്കേസുകളുടെ നില വിവരങ്ങൾ നൽകാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. കൊൽക്കത്ത, അലഹാബാദ്, ഗുജറാത്ത് തുടങ്ങിയ ചില ഹൈക്കോടതികളിൽ നിന്ന് റിപ്പോർട്ടുകൾ ലഭിച്ചെങ്കിലും, നിരവധി ഹൈക്കോടതികളിൽ നിന്നുള്ള വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതിയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം, 15 ഹൈക്കോടതികളാണ് ഇതുവരെ വിവരങ്ങൾ നൽകിയത്. ഉത്തർപ്രദേശിൽ 198 കേസുകളും, ഗുജറാത്തിൽ 114, പശ്ചിമ ബംഗാളിൽ 60, ബിഹാറിൽ 68, മഹാരാഷ്ട്രയിൽ 58 ആസിഡ് ആക്രമണക്കേസുകളും ഇപ്പോഴും പരിഗണനയിലാണ്. മറ്റ് ഹൈക്കോടതികളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിക്കാൻ കോടതി കാത്തിരിക്കുകയാണ്.
അതുപോലെ ആസിഡ് ആക്രമണക്കേസുകൾ മുൻഗണന നൽകി സമയബന്ധിതമായി തീർപ്പാക്കാൻ എല്ലാ ഹൈക്കോടതികളോടും സുപ്രീം കോടതി അഭ്യർത്ഥിച്ചു. കൂടാതെ, ആസിഡ് ആക്രമണ ഇരകൾക്ക് പുനരധിവാസം, നഷ്ടപരിഹാരം, ചികിത്സാസഹായം എന്നിവയ്ക്കായി നിലവിലുള്ള പദ്ധതികളുടെ വിശദാംശങ്ങൾ സംസ്ഥാന നിയമസഹായ അതോറിറ്റികൾ സമർപ്പിക്കണമെന്നും നിർദേശിച്ചു.
“ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട കേസുകൾ പിന്നത്തേക്കു മാറ്റിവെക്കാതെ സമയപരിധിക്കുള്ളിൽ തീർപ്പാക്കേണ്ടതിന്റെ ആവശ്യകത ഹൈക്കോടതികൾ പരിഗണിക്കണം. ഇരകൾക്കായുള്ള പുനരധിവാസവും ചികിത്സാസഹായവും സംബന്ധിച്ച എല്ലാ പദ്ധതികളുടെ വിവരങ്ങളും സമർപ്പിക്കണം,” ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
കൂടാതെ, എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നാലാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. ആസിഡ് ആക്രമണ സംഭവങ്ങളുടെ വർഷംതിരിച്ചുള്ള കണക്കുകൾ, ചാർജ്ഷീറ്റ് ഫയൽ ചെയ്ത കേസുകൾ, വിചാരണയുടെയും അപ്പീലുകളുടെയും നില, ഇരകളുടെ വിദ്യാഭ്യാസം, തൊഴിൽ, വിവാഹസ്ഥിതി, ചികിത്സാചെലവ് തുടങ്ങിയ മുഴുവൻ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തണം. ആസിഡ് കുടിക്കാൻ നിർബന്ധിതരായ ഇരകളുടെ പ്രത്യേക വിവരങ്ങളും വേണമെന്ന് കോടതി വ്യക്തമാക്കി.
ഇതിനിടെ, പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.“ഒരു വ്യക്തി ആസിഡ് ആക്രമണക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, അയാളുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ഇരയ്ക്ക് നഷ്ടപരിഹാരം നൽകാൻ എന്തുകൊണ്ട് കഴിയില്ല? ശക്തമായ, വേദനിപ്പിക്കുന്ന ശിക്ഷകളില്ലാതെ ഇത്തരം കുറ്റങ്ങൾ തടയാൻ കഴിയില്ല,” സുപ്രിംകോടതി നിരീക്ഷിച്ചു.
കൂടാതെ, ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിയമനിർമ്മാണ ഇടപെടൽ അനിവാര്യമാണെന്നും, സ്ത്രീധന മരണ കേസുകളെ പോലെ തെളിവ്, ബാധ്യത പ്രതികളിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. “ഇത് സ്ത്രീധന മരണ കേസുകൾക്ക് സമാനമായ കേസാണ്. ശക്തമായ നിയമവ്യവസ്ഥകൾ ഇവിടെ അനിവാര്യമാണ്,” കോടതി വ്യക്തമാക്കി
അതുപോലെ നിലവിലെ ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരമായ മൂന്നുലക്ഷം രൂപ, ഇരയുടെ ജീവിതാവസാനംവരെയുള്ള ചികിത്സയ്ക്കും നഷ്ടപ്പെട്ട ജീവിതം വീണ്ടെടുക്കുന്നതിനും പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാര പദ്ധതികളുടെ മെച്ചപ്പെട്ട നടപ്പാക്കൽ സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.
2013 ജൂലൈയിൽ, ആസിഡ് വിൽപ്പന കർശനമായി നിയന്ത്രിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സാധുവായ തിരിച്ചറിയൽ രേഖയോടെ മാത്രമേ ആസിഡ് വിൽക്കാൻ പാടുള്ളൂ, വാങ്ങുന്നവർ ഉദ്ദേശ്യം വ്യക്തമാക്കണം, വിൽപ്പന പോലീസിന് റിപ്പോർട്ട് ചെയ്യണം, 18 വയസിന് താഴെയുള്ളവർക്ക് ആസിഡ് വിൽക്കാൻ പാടില്ല എന്നിങ്ങനെയായിരുന്നു കോടതിയുടെ നിർദേശം.















































