ലഹോർ: ട്വന്റി20 ലോകകപ്പ് ടൂർണമെന്റിൽ പാക്കിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ച് സസ്പെൻസിടാൻ ശ്രമവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ. അന്തിമതീരുമാനം ഈ വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ പ്രഖ്യാപിക്കുമെന്ന് നഖ്‌വി അറിയിച്ചു. പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയ്ക്കു ശേഷമാണ് നഖ്‌വി ഇക്കാര്യം അറിയിച്ചത്. ‘‘പ്രധാനമന്ത്രിയുമായി ഫലപ്രദമായ ഒരു കൂടിക്കാഴ്ച നടത്തി, ഐസിസി വിഷയം അദ്ദേഹത്തെ അറിയിച്ചു. എല്ലാ സാധ്യതകളും പരിഗണിച്ച് തീരുമാനമെടുക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. വെള്ളിയാഴ്ചയോ (ജനുവരി 30) അടുത്ത തിങ്കളാഴ്ചയോ (ഫെബ്രുവരി 2) അന്തിമ തീരുമാനം എടുക്കാമെന്ന് ധാരണയായി’’– നഖ്‌വി ട്വീറ്റ് ചെയ്തു.
അതേസമയം ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരി 7നാണ് ലോകകപ്പ് ആരംഭിക്കുന്നത്. എന്നാൽ തീരുമാനം പ്രഖ്യാപിക്കുന്നത് ഫെബ്രുവരി 2 വരെ നീട്ടി പരമാവധി സമ്മർദം ചെലുത്തുകയാണ് പിസിബിയുടെ ലക്ഷ്യമെന്നാണ് സൂചന. ലോകകപ്പിൽനിന്നു പൂർണമായും പിന്മാറുന്നതിനു പകരം സഹ- ആതിഥേയരായ ഇന്ത്യയുമായുള്ള മത്സരം മാത്രം ബഹിഷ്കരിക്കുന്നതിനെക്കുറിച്ചും പിസിബി ആലോചിക്കുന്നതായാണ് സൂചന. മുൻധാരണപ്രകാരം ലോകകപ്പിൽ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ്. ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ– പാക്കിസ്ഥാൻ ആദ്യ മത്സരം.
ഇതിനിടെ ലോകകപ്പിൽനിന്ന് ഐസിസി പുറത്താക്കിയ ബംഗ്ലദേശിന് പാക്കിസ്ഥാൻ സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, മൊഹ്‌സിൻ നഖ്‌വിയോടു പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ലോകകപ്പിൽനിന്നു പിന്മാറുക, ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുക തുടങ്ങിയ എല്ലാ സാധ്യതകളും പരിശോധിക്കാനാണ് പ്രധാനമന്ത്രിയുടെ നിർദേശമെന്നും വൃത്തങ്ങൾ പറഞ്ഞു.
അതേസമയം ഇന്ത്യയിൽ മത്സരങ്ങൾ കളിക്കില്ലെന്ന് കർശന നിലപാടെടുത്തതോടെയാണ് ബംഗ്ലദേശിനെ ലോകകപ്പിൽനിന്ന് പുറത്താക്കിയത്. ഇവർക്കു പിന്തുണ അറിയിച്ചാണ് പാക്കിസ്ഥാനും ബഹിഷ്കരണ ഭീഷണി മുഴക്കി രംഗതത്തെത്തിയത്. വേദി മാറ്റണമെന്ന ബംഗ്ലദേശിന്റെ ആവശ്യത്തെ ഐസിസി യോഗത്തിൽ മറ്റു രാജ്യങ്ങളെല്ലാം എതിർത്തപ്പോൾ അനുകൂലിച്ചത് പാക്കിസ്ഥാൻ മാത്രമാണ്. ലോകകപ്പിൽ ബംഗ്ലദേശിന്റെ മത്സരങ്ങൾക്കു വേദിയൊരുക്കാൻ തങ്ങൾ തയാറാണെന്നും പാക്കിസ്ഥാൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഐസിസി മറുഭീഷണി മുഴക്കിയതോടെ ലോകകപ്പിനുള്ള 15 അംഗ ടീമിനെ പിസിബി പ്രഖ്യാപിക്കുകയായിരുന്നു. കൊളംബോയിൽ നെതർലൻഡസിനെതിരെ ഫെബ്രുവരി ഏഴിനാണ് പാക്കിസ്ഥാൻറെ ആദ്യമത്സരം നിശ്ചയിച്ചിരിക്കുന്നത്.















































