16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന നിയമം നടപ്പിലാക്കുന്നതിനുള്ള സാധ്യത ഗോവ സർക്കാർ പഠിച്ചുവരികയാണെന്ന് ഗോവ ടൂറിസം, ഇൻഫർമേഷൻ ടെക്നോളജി (ഐടി) മന്ത്രി റോഹൻ ഖൗണ്ടെ. കുട്ടികൾക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം അമിതമാകുന്നുവെന്നതിനെക്കുറിച്ച് നിരവധി മാതാപിതാക്കളിൽ നിന്ന് ഞങ്ങൾക്ക് ധാരാളം പരാതികൾ ലഭിച്ചു. സോഷ്യൽ മീഡിയപോലുള്ള ഓൺലൈ്‍ പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ ശ്രദ്ധയും ചിന്തയും തിരിക്കുന്ന ഇടങ്ങളായി മാറുകയാണ്, ഇത് വളരെയധികം സാമൂഹിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
‘16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നതിനുള്ള നിയമം ഓസ്‌ട്രേലിയ കൊണ്ടുവന്നിട്ടുണ്ട്. അവർ ഇതിനകം തന്നെ അത് ചെയ്തിട്ടുണ്ട്. ഞങ്ങളും അതേക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തെക്കുറിച്ച് അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ്, ഞങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിക്കും, ഈ നീക്കത്തെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ തുടർന്ന് പുറത്തുവിടും‘.റോഹൻ ഖൗണ്ടെ പറഞ്ഞു.
‘കുട്ടികൾ വിദ്യാഭ്യാസത്തിലും സാങ്കേതികവിദ്യയിലുമാകണം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകത്ത്, അവരെ നല്ല പൗരന്മാരാക്കാനും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവിയെ പരിപാലിക്കാനും കഴിയും വിധത്തിൽ അവരെ വഴിതിരിച്ചു വിടേണ്ടതും കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. അതു സാധ്യമാക്കാനായാൽ അതിന്റെ സാമൂഹിക ആഘാതം തീർത്തും പോസിറ്റീവ് ആയിരിക്കും, ഖൗണ്ടെ പറഞ്ഞു.
‘ഇന്ന്, കുട്ടികൾ സോഷ്യൽ മീഡിയയിൽ എപ്പോഴും മൊബൈലിലാണ്, അത് ഡൈനിംഗ് ടേബിളിലായാലും ടെലിവിഷൻ കാണുമ്പോഴായാലും കുടുംബത്തോടൊപ്പമായാലും. അതിനാൽ, സോഷ്യൽ മീഡിയ കൈവശപ്പെടുത്തിയിരിക്കുന്ന വ്യക്തിപരമായ ഇടം വളരെ വലുതാണ്, ഇത് കുട്ടികളിൽ ഒരുതരം സങ്കീർണ്ണത സൃഷ്ടിക്കുന്നു. ഇതിന്റെ ആഘാതം തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയ കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിലും രാജ്യത്തെ ഐടി നിയമങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്‘. അദ്ദേഹം കൂട്ടിച്ചേർത്തു.
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നത് ഓസ്‌ട്രേലിയയിലേതുപോലുള്ള ഒരു നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതൃത്വത്തിലുള്ള സർക്കാർ ആലോചിക്കുന്നുണ്ടെന്നും ഈ നിർദ്ദേശം പഠിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു മന്ത്രിതല സമിതി (ജിഒഎം) രൂപീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ആഴ്ച ആദ്യം ആന്ധ്രാപ്രദേശ് ഐടി, വിദ്യാഭ്യാസ മന്ത്രി നര ലോകേഷ് പറഞ്ഞിരുന്നു.അതിനു പിന്നാലെയാണ് ഗോവയും സോഷ്യൽമീഡിയ ഉപയോഗത്തിനായി പ്രായപരിധി നിശ്ചയിക്കും വിധമുള്ള പുതിയ നിയമ സാധ്യതകളെക്കുറിച്ചുള്ള ഗൗരവ പഠനത്തിലേയ്ക്കും ചർച്ചകളിലേയ്ക്കും കടന്നിരിക്കുന്നത്.















































