ബെയ്ജിങ്: യുഎസിനു രഹസ്യ വിവരങ്ങൾ ചോർത്തിക്കൊടുത്തെന്ന ആരോപണത്തിൽ സൈന്യത്തിന്റെ ഉപമേധാവിയായ ജനറൽ ഷാങ് യോക്സിയയെക്കുറിച്ച് ചൈന അന്വേഷണം ആരംഭിച്ചു. അഴിമതി മുതൽ ആണവായുധങ്ങളുടെ രഹസ്യ വിവരങ്ങൾ യുഎസിന് ചോർത്തി നൽകിയെന്ന ആരോപണങ്ങൾ വരെ ഷാങ് യോക്സിയയ്ക്കെതിരെ ഉയർന്നിട്ടുണ്ട്. ഗുരുതരമായ അച്ചടക്ക, നിയമ ലംഘനങ്ങൾ മൂലമാണ് അന്വേഷണം ആരംഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ചൈനീസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. ആണവ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് ചൈനീസ് അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ശനിയാഴ്ച ചൈനയുടെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് സെൻട്രൽ മിലിട്ടറി കമ്മീഷൻ (CMC) വൈസ് ചെയർമാനായ ജനറൽ ഷാങ് അന്വേഷണം നേരിടുന്നതായി സ്ഥിരീകരിച്ചത്. അതോടൊപ്പം CMC അംഗവും മുൻ ജോയിന്റ് സ്റ്റാഫ് ഡിപ്പാർട്ട്‌മെന്റ് മേധാവിയുമായ ജനറൽ ല്യൂ ഷെൻലിക്കും അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ദ വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അനുസരിച്ച്, ചൈനയുടെ ആണവായുധ പരിപാടിയുമായി ബന്ധപ്പെട്ട പ്രധാന സാങ്കേതിക വിവരങ്ങൾ യുഎസിന് ചോർത്തി നൽകിയെന്ന ആരോപണങ്ങളും ഇതിൽ ഉൾപ്പെടുന്നു. അന്വേഷണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് മുതിർന്ന ചൈനീസ് സൈനിക ഉദ്യോഗസ്ഥർക്കായി നടത്തിയ ഒരു ഉന്നതതല ആഭ്യന്തര ബ്രീഫിങ്ങിൽ പങ്കെടുത്തവരെ ഉദ്ധരിച്ചാണ് ദ വോൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്.
കൂടാതെ സൈന്യത്തിലെ സ്ഥാനക്കയറ്റങ്ങൾക്ക് പകരമായി വൻ തുക കൈക്കൂലി വാങ്ങിയെന്നും ആരോപണമുണ്ട്. ഇത് സൈന്യത്തിലെ വ്യാപകമായ അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 75 വയസ് പ്രായമുള്ള ഷാങ്, പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ വിശ്വസ്തനും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (PLA) മുതിർന്ന കമാൻഡിലെ ഒരു പ്രധാന വ്യക്തിയായുമാണ് അറിയപ്പെടുന്നത്.
മുൻ പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ ഉയർന്ന പദവികളിലേക്ക് ഉയർത്തുന്നതിൽ ഷാങ് നിർണായക പങ്കുവഹിച്ചിരുന്നുവെന്നും അതിന് പകരമായി വലിയ കൈക്കൂലി സ്വീകരിച്ചുവെന്നുമാണ് മറ്റൊരു ആരോപണം. 2023ൽ പൊതുജനങ്ങളിൽ നിന്ന് അപ്രത്യക്ഷനായ ലി ഷാങ്ഫുവിനെ പിന്നീട് പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കുകയും 2024ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു
അതേസമയം ഈ അന്വേഷണത്തിലെ ചില തെളിവുകൾ പുറത്തുവന്നത് ചൈന നാഷണൽ ന്യൂക്ലിയർ കോർപ്പറേഷന്റെ മുൻ ജനറൽ മാനേജർ ഗു ജൂണിനെതിരായ കേസിലൂടെയാണെന്നും റിപ്പോർട്ടുകളുണ്ട്. സിവിലിയൻ, സൈനിക ആണവ പദ്ധതികൾ കൈകാര്യം ചെയ്യുന്ന ഈ സ്ഥാപനത്തിലെ ക്രമക്കേടുകളാണ് അന്വേഷണത്തെ കൂടുതൽ വ്യാപിപ്പിച്ചത്.
.
സി ജിൻപിങ്ങിനെ പോലെ തന്നെ ഷാങും ഒരു “പ്രിൻസ്ലിങ്” വിഭാഗത്തിൽപ്പെടുന്ന നേതാവാണ്. ചൈനീസ് വിപ്ലവകാലത്ത് ഷാങിന്റെ പിതാവ്, സി ജിൻപിങ്ങിന്റെ പിതാവിനൊപ്പം പോരാടിയ വ്യക്തിയായിരുന്നു. “ഇത് ഉയർന്ന സൈനിക കമാൻഡിന്റെ പൂർണമായ തകർച്ചയാണ്,” എന്ന് ചൈന സ്ട്രാറ്റജീസ് ഗ്രൂപ്പിലെ ക്രിസ്റ്റഫർ ജോൺസൺ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ വിഭാഗങ്ങളുടെ രൂപവത്കരണം, സെൻട്രൽ മിലിട്ടറി കമ്മിഷനിലെ അധികാര ദുർവിനിയോഗം, സൈന്യത്തിലെ അഴിമതി തുടങ്ങിയ നിരവധി ആരോപണങ്ങൾ ഷാങ്ങിനെതിരെ ബ്രീഫിങ്ങിൽ വിശദീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. ചൈനയുടെ സൈനിക സംഭരണ സംവിധാനത്തിലെ അഴിമതിക്കെതിരായ വിശാലമായ നടപടികളുടെ ഭാഗമാണ് ഈ അന്വേഷണമെന്ന് വോൾ സ്ട്രീറ്റ് ജേണൽ സൂചിപ്പിക്കുന്നു.
അതേസമയം 2023 മുതൽ ചൈനയിൽ 50-ൽ അധികം മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും പ്രതിരോധ വ്യവസായ മേധാവികളെയും നീക്കം ചെയ്യുകയോ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഷാങ് യോക്സിയയെക്കുറിച്ചുള്ള അന്വേഷണം PLA ക്കുള്ളിൽ നിയന്ത്രണം പുനഃക്രമീകരിക്കാനും ഏകീകരിക്കാനുമുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.

















































