തിരൂർ: അതിവേഗ റെയിൽ പദ്ധതി ഉടനെന്ന പ്രഖ്യാപനവുമായി മുന്നോട്ട് വന്ന ഇ. ശ്രീധരനെ വിമർശിച്ച് മന്ത്രി വി. അബ്ദുറഹിമാൻ. തവനൂരിൽ ഒരു പാലം നിർമിക്കുന്നതിനെതിരെ കോടതിയിൽ പോയ ആളാണ് ഇ. ശ്രീധരൻ, കേരളത്തിന് ഗുണകരമാകുന്ന ഏത് പദ്ധതിയും ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നതാണ് തങ്ങളുടെ നിലപാടെന്നും മന്ത്രി പറഞ്ഞു.
അതിവേഗ റെയിൽ പദ്ധതിക്ക് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിഎംആർസിയെ ചുമതലപ്പെടുത്തിയതായി ഇ. ശ്രീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, സംസ്ഥാനത്ത് റെയിൽവേ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ തനിക്ക് അതുമായി ബന്ധപ്പെട്ട ഫയലുകളൊന്നും വന്നിട്ടില്ലെന്നായിരുന്നു അബ്ദുറഹിമാന്റെ മറുപടി.
ഇപ്പോൾ ഇ. ശ്രീധരൻ പറയുന്ന പദ്ധതിയെ സംബന്ധിച്ച് എനിക്കറിയില്ല. പക്ഷേ, ആരെ ഏൽപ്പിച്ചാലും കേരളത്തിന് ഗുണകരമാകുമെങ്കിൽ അത് നടക്കണമെന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. റെയിൽവേയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ എനിക്ക് വരേണ്ട ഫയലുകളൊന്നും ലഭിച്ചിട്ടില്ല. ചിലപ്പോൾ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടാകാം.കേരളത്തിന് ഗുണകരമാകുന്ന ഏത് പദ്ധതിയും രണ്ട് കൈയും നീട്ടി സ്വീകരിക്കുക എന്നതാണ് നിലപാട്. ഹൈസ്പീഡ് റെയിൽവേ കേരളത്തിന് ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
‘ഇ. ശ്രീധരൻ തവനൂരിൽ പുതിയ പാലവരുന്നതിനെ എതിർത്ത ആളാണ്. പാലം നിർമിക്കാൻ എല്ലാ സംവിധാനവും ഒരുക്കിയതായിരുന്നു. ഇ. ശ്രീധരൻ അതിനെതിരെ കോടതിയിൽ പോയി. അത്തരത്തിലുള്ള കാര്യങ്ങളിൽനിന്ന് അദ്ദേഹം വിട്ടുനിന്ന് നാടിന് ഗുണകരമായ കാര്യങ്ങൾക്കൊപ്പം അദ്ദേഹം നിൽക്കണം.’ വി. അബ്ദുറഹിമാൻ കൂട്ടിച്ചേർത്തു.
















































