തിരുവനന്തപുരം: അമ്മയെയും മകളെയും ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ഉമ്ണികൃഷ്ണന്റെ സഹോദരന്‍. ആത്മഹത്യ ചെയ്ത വിഷയത്തില്‍ മകളുടെ ഭർത്താവ്, അമ്പലത്തറ പരവൻകുന്ന് പഴഞ്ചിറയിൽ ബി.എം.ഉണ്ണികൃഷ്ണനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലാണ് ഇയാൾ പിടിയിലായത്. കമലേശ്വരം ആര്യൻകുഴി ശാന്തി ഗാർഡൻ സോമനന്ദനത്തിൽ പരേതനായ റിട്ട. അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ.രാജീവിന്റെ ഭാര്യ എസ്.എൽ.സജിതയും (54), മകൾ ഗ്രീമ എസ്.രാജിനെ (30) യുമാണ് കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ വീട്ടിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടത്.
സജിതയുടെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ണികൃഷ്ണനാണ് തങ്ങളുടെ മരണത്തിനു കാരണമെന്നും എഴുതിയിരുന്നു. ഇതേ കുറിപ്പുകൾ ഉണ്ണികൃഷ്ണന് ഗ്രീമയും അയച്ചിരുന്നു. അതേസമയം ആരോപണങ്ങൾ തെറ്റാണെന്ന് അറസ്റ്റിലായ ഉണ്ണികൃഷ്ണന്റെ ഇളയസഹോദരൻ ബി എം ചന്തു പറഞ്ഞു. ഗ്രീമയുടെയും തന്റെ സഹോദരന്റെയും സ്വകാര്യതയിലേക്ക് ഗ്രീമയുടെ അമ്മ ഇടപെട്ടതാണ് പ്രശ്‌നങ്ങൾക്കു ഇടയാക്കിയതെന്നാണ് ചന്തുവിന്റെ ആരോപണം.
പലഘട്ടങ്ങളിലും ഗ്രീമ അമ്മയ്‌ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഉണ്ണികൃഷ്ണൻ നാട്ടിലെത്തുമ്പോൾ വൈകീട്ടുവരെ വീട്ടിൽനിന്ന ശേഷം രാത്രി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോകുന്നതാണ് രീതി. ഇവരുടെ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായതിനെത്തുടർന്ന് നഗരത്തിലെ ഒരു വക്കീലിനെ കണ്ടിരുന്നു. ജോയിന്റ് പെറ്റീഷ്യനും നൽകിയിരുന്നുവെന്നും ചന്തു പറഞ്ഞു.
















































