വാഷിങ്ടൻ: ചൈനയുമായുള്ള വ്യാപാര കരാറുമായി മുന്നോട്ടുപോയാൽ കാനഡയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100% തീരുവ ചുമത്തുമെന്ന പതിവ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയുമായുള്ള കരാർ നടപ്പിലായാൽ ചൈന ‘കാനഡയെ ജീവനോടെ വിഴുങ്ങുമെന്ന്’ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ട്രംപ് ഉപദേശവും നൽകി.
‘‘ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് എത്തിക്കാനുള്ള ഒരു ഇടത്താവളമാക്കി കാനഡയെ മാറ്റാമെന്ന് കാർണി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് തെറ്റി. ചൈന കാനഡയെ ജീവനോടെ വിഴുങ്ങും. കാനഡയുടെ വ്യാപാരത്തെയും സാമൂഹിക ഘടനയെയും ജീവിതരീതിയെയും അത് പൂർണമായും നശിപ്പിക്കും’’– ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
അതേസമയം അടുത്തിടെ മാർക്ക് കാർണി ചൈന സന്ദർശിച്ചിരുന്നു. എട്ടു വർഷത്തിനുശേഷമായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ചൈന സന്ദർശിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാനഡയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ നികുതി ചൈന കുറയ്ക്കുമെന്ന് മാർക്ക് കാർണി പറഞ്ഞിരുന്നു. ഇതിനു പകരമായി ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ 6% നികുതി നിരക്കിൽ കാനഡയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കുമെന്നും കാർണി അന്നു പ്രഖ്യാപിച്ചിരുന്നു.
യുഎസിന്റെ മിസൈൽ പ്രതിരോധ പദ്ധതിയോട് കാനഡ മുഖം തിരിച്ചതോടെയാണ് ട്രംപ് കാനഡയ്ക്കെതിരെ തിരിഞ്ഞുതുടങ്ങിയത്. ഐക്യരാഷ്ട്ര സംഘടനയ്ക്കു ബദലായി അമേരിക്ക രൂപീകരിക്കുന്ന സമാധാനസമിതിയിലേക്ക് (ബോർഡ് ഓഫ് പീസ്) കാനഡയ്ക്കു നൽകിയ ക്ഷണം പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയിരുന്നു. ലോക സാമ്പത്തിക ഫോറത്തിൽ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ പ്രസംഗമാണു ട്രംപിനെ ചൊടിപ്പിച്ചത്. പ്രസംഗത്തിൽ പേരുപറയാതെ ട്രംപിന്റെ തീരുവ ഭീഷണിയെ കാർണി കുറ്റപ്പെടുത്തിയിരുന്നു.
അതുപോലെ യുഎസിന്റെ കടന്നുകയറ്റത്തിനെതിരെ മധ്യനിര ശക്തികൾ കൈകോർക്കണമെന്ന് ആഹ്വാനം ചെയ്ത ദാവോസിലെ കാർണിയുടെ പ്രസംഗത്തിനുശേഷം സദസ്സ് എഴുന്നേറ്റുനിന്നു കയ്യടിക്കുകയും ചെയ്തു. ബോർഡ് ഓഫ് പീസിലേക്കു ലഭിച്ച ക്ഷണം സ്വീകരിക്കുമെന്ന സൂചനയാണു കഴിഞ്ഞയാഴ്ച കാനഡ നൽകിയിരുന്നത്. കാർണിയുടെ പ്രസംഗത്തിൽ ക്ഷുഭിതനായ ട്രംപ്, കാനഡ ജീവിച്ചുപോകുന്നത് അമേരിക്കയുള്ളതുകൊണ്ടാണെന്നാണ് പ്രതികരിച്ചത്. എന്നാൽ ഞങ്ങൾ കനേഡിയക്കാരാണെന്നായിരുന്നു കാർണിയുടെ മറുപടി.
















































