മധുര: വണ്ണം കുറയ്ക്കാൻ യുട്യൂബ് വിഡിയോയിൽ കണ്ട മരുന്ന് കഴിച്ച 19കാരി മരിച്ചു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മീനമ്പൽപുരത്തെ കലയരസി എന്ന കോളജ് വിദ്യാർഥിനിയാണ് ശരീരഭാരം കുറയ്ക്കാൻ വെങ്ങാരം (ബോറാക്സ്) വാങ്ങികഴിച്ചത്.
ജനുവരി 16നാണ് യുട്യൂബ് വിഡിയോ കണ്ട് വിദ്യാർഥിനി മരുന്നുകടയിൽനിന്നും വെങ്ങാരം വാങ്ങിയത്. പിറ്റേന്ന് രാവിലെ ഇത് കഴിച്ചതിനെ തുടർന്ന് കടുത്ത ഛർദ്ദിയും വയറിളക്കവും ഉണ്ടായി. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ വൈകിട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടർന്ന് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.













































