തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎയായിരുന്ന അയിഷ പോറ്റി കോൺഗ്രസിൽ. ലോക്ഭവനിലെ കെപിസിസിയുടെ രാപ്പകൽ സമരവേദിയിലേക്കെത്തിയ അയിഷ, കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാലയിട്ട് സ്വീകരിച്ചു. തുടർന്ന് സമരവേദിയിൽവെച്ച് പോറ്റിക്ക് അംഗത്വം നൽകി. ഇത്തവണ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം. കഴിഞ്ഞ അഞ്ചുവർഷമായി സിപിഎമ്മുമായി അകന്നിരുന്നു. മൂന്നുതവണ കൊട്ടാരക്കരയിൽനിന്ന് എംഎൽഎയായിട്ടുണ്ട്.
അതേസമയം മൂന്നു പതിറ്റാണ്ടുനീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് അവർ കോൺഗ്രസിലെത്തുന്നത്. തൻറെ പ്രസ്ഥാനം തന്നെ ഒരുപാട് വിഷമിപ്പിച്ചെന്ന് അവർ കോൺഗ്രസ് വേദിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു. 25 കൊല്ലക്കാലം ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നിട്ട് വഞ്ചന കാണിച്ചുവോ എന്ന് പലർക്കും ചിന്തിക്കാം. ഇതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ വരും ദിവസങ്ങളിൽ കേൾക്കുമെന്ന് ഉറപ്പാണ്. സഖാക്കൾക്ക് എല്ലാം എന്നോട് ദേഷ്യമുണ്ടാകാം. വിമർശനങ്ങൾ നേരിടണം- അവർ പറഞ്ഞു.
അതുപോലെ എന്റെ നാടാണ് എന്നെ വളർത്തിയത്. സത്യസന്ധമായി ആളുകളുമായി ഇടപെടണം. ഞാനൊരു അധികാര മോഹിയല്ല. ആരെയും കുറ്റപ്പെടുത്താൻ എനിക്ക് സാധിക്കില്ല. ഞാൻ എന്നും മനുഷ്യനോടൊപ്പം നിൽക്കുന്നയാളാണ്. എല്ലാ പാർട്ടിയോടും മനുഷ്യരോടും എനിക്കിഷ്ടമാണ്. രാഷ്ട്രീയമോ, മതമോ, ജാതിയോ നോക്കാതെ മനുഷ്യനുവേണ്ടി പ്രവർത്തിക്കും. എംഎൽഎ ആയി ഇത്രനാൾ ഇരുന്നിട്ട് എനിക്കൊരു ജോലിയും ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.
അതേസമയം ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് എംഎൽഎയായ ഐഷ കൊട്ടാരക്കരയിൽനിന്നാണ് മൂന്ന് തവണയും എംഎൽഎയായത്. കഴിഞ്ഞതവണ സിപിഎം സീറ്റ് നിഷേധിച്ചത് മുതൽ പാർട്ടിയുമായി അകലത്തിലായിരുന്നു.


















































