സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ഇനി കേവലം മൂന്ന് മാസം മാത്രം. അടുത്ത മാസം ബഡ്ജറ്റ് അവതരിപ്പിക്കുകയും വേണം. ഖജനാവിലാണെങ്കിൽ നയാപൈസയുമില്ല. എടുക്കാനുള്ളതും അതിനപ്പുറവും കടമെടുത്ത് കഴിഞ്ഞിട്ടും ഒന്നും തികഞ്ഞിട്ടുമില്ല. അപ്പോ പിന്നെ എന്ത് ചെയ്യും. അതു തന്നെ. സാമ്പത്തിക ഉപരോധത്തിനെതിരെ കേന്ദ്രത്തിനു നേരെ സത്യാഗ്രഹ സമരം. ഇങ്ങനെ ആളുകളെ വിഡ്ഡികളാക്കാൻ സഖാക്കളെ കഴിഞ്ഞേ മറ്റാരുമുള്ളൂ.
ഈ സത്യാഗ്രഹ നാടകത്തിന്റെ കാരണങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിലെ വസ്തുതകളും കള്ളത്തരങ്ങളും കുറച്ച് പഴയ കഥകളും ഒന്നുനോക്കിയാലോ. ആദ്യം തന്നെ ഒരു കാര്യം പ്രത്യേകം പറയാനുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അല്ല, പകരം പിണറായി വിജയൻ എന്ന വ്യക്തഗത പേജിൽ ആണ് ഈ കദനകഥകൾ വിവരിക്കുന്നത്. ഔദ്യോഗിക പേജിൽ ഇല്ലാക്കഥകൾ പറഞ്ഞാൽ പണിയാവും എന്ന് തോന്നിയിട്ടാണോ എന്തോ എന്തു നുണയും പ്രചരിപ്പിക്കാവുന്ന സ്വന്തം പേജിൽ ഈ സമരകാരണങ്ങൾ വിശദീകരിച്ചത്.
എന്തായാലും നമുക്ക് സമരത്തിന്റെ കാരണങ്ങളിലേക്ക് തന്നെ പോകാം. ജനക്ഷേമവും വികസനവും വ്യവസായങ്ങളെ ശക്തിപ്പെടുത്തലും ഒക്കെയായി മുന്നോട്ട് പോകുന്ന എൽഡിഎഫ് സർക്കാരിന്റെ വികസന മുന്നേറ്റത്തെ തടസപ്പെടുത്തി സർക്കാരിനേയും നാടിനേയും ശ്വസം മുട്ടിക്കാൻ കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നു എന്നതാണ് പ്രധാന പരാതി. ഇനി ഈ ഉപരോധങ്ങൾ ഏതൊക്കെ എന്ന് അക്കമിട്ട് നിരത്തുന്നുണ്ട് മുഖ്യമന്ത്രി.
അതേതൊക്കെയാണ് എന്ന് നോക്കാം. നമ്മുടെ ഇവിടെ നിന്ന് പിരിച്ചു കൊണ്ട് പോയ നികുതിയുടെ പങ്കോ, നമുക്ക് ലഭിക്കേണ്ട പദ്ധതി വിഹിതമോ നമ്മുടെ സർക്കാരിന് ലഭിക്കേണ്ട വരുമാനം തടഞ്ഞു വച്ചിരിക്കുന്നതോ ഒക്കെ ആണോ എന്ന് അറിയണമല്ലോ.
ഒന്നാമത്തേത്. ഈ സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്ന് മാസത്തേക്ക് ലഭിക്കേണ്ട 12000 കോടി രൂപയുടെ വായ്പാനുമതിയിൽ 5900 കോടി രൂപ വെട്ടിക്കുറച്ചു. എങ്ങനുണ്ട്. അതായത് കടത്തിൽ മുങ്ങി നിൽക്കുന്ന സർക്കാരിന്റെ പരിധിക്കും മുകളിൽ കടമായപ്പോൾ കൂടുതൽ കടമെടുപ്പ് പറ്റില്ലാന്നു പറഞ്ഞു. കടമെടുത്ത് മുടിഞ്ഞ ശേഷം ഗർഭനിരേധന ഉറകൾക്ക് നികുതി കുറക്കാൻ പോലും അന്താരാഷ്ട്ര നാണയനിധിയുടെ അനുമതിക്കു കാക്കേണ്ടി വരുന്ന പാക്കിസ്ഥാന്റെ അനുഭവം നമുക്കു മുന്നിലുണ്ട്. അപ്പോഴാണ് കടമെടുക്കാനുള്ള അനുമതി വെട്ടിക്കുറച്ചതിനു സമരം ചെയ്യുന്നത്. വെട്ടിക്കുറച്ചതിന് കൃത്യമായ കാരണമുണ്ട്. മാത്രമല്ല, ഇവരുടെ സമരത്തിന്റെ ആവേശം കാണുമ്പോൾ കടം കൊടുത്തത് തിരിച്ചു തരാത്തതിനുള്ള സമരമാണെന്നാണ് ആർക്കും തോന്നുക.
ഇനി രണ്ടാമത്തേതോ. അതും കടം തന്നെ. ബജറ്റിനു പുറത്ത് എടുത്ത വായ്പകളുടെ പേരു പറഞ്ഞ് ഈ വർഷം 17000 കോടി രൂപയുടെ കടമെടുപ്പ് പരിധി കുറച്ചിരിക്കുന്നു. അതും ഉപരോധമാണ്. എങ്ങനുണ്ട്. 10 വർഷം മുമ്പ് അധികാരത്തിൽ വരുമ്പോൾ അതിനുമുമ്പത്തെ 60 കൊല്ലം ഭരിച്ച സർക്കാരുകൾ ആകെ വരുത്തിയ ബാധ്യത 1.5 ലക്ഷം കോടി ആയിരുന്നെങ്കിൽ ഇപ്പോൾ അത് വെറും 10 കൊല്ലം കൊണ്ട് മൂന്നിരട്ടിയായി വർധിപ്പിച്ച് 4.5 ലക്ഷം കോടിയാക്കിയിട്ടും ഇനിയും കടം തന്നെ ശരണം എന്നാണ് സർക്കാർ പറയുന്നത്.
മൂന്നാമത്തേതാണ് അതിലും വലിയ തമാശ. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ കേരളം 6000 കോടി രൂപ കൊടുത്തിരുന്നു. അത് സംസ്ഥാന സർക്കാരിന്റെ വലിയ നേട്ടമായി പോസ്റ്ററടിക്കുന്നതിൽ പൊതുമരാമത്ത് മന്ത്രി റിയാസും മുഖ്യനും മത്സരിച്ചിരുന്ന കാഴ്ച നമ്മൾ മറക്കാറായിട്ടില്ലല്ലോ. സത്യത്തിൽ ഏറ്റെടുക്കലിന്റെ 25 ശതമാനം മാത്രമാണ് സംസ്ഥാനം മുടക്കുന്നത്. ബാക്കി 75 ശതമാനവും നിർമ്മാണത്തിന്റെ 100 ശതമാനവും ദേശീയപാത അതോറിറ്റി നടത്തുന്ന പണിയിലാണ് ഈ എട്ടുകാലി മമ്മൂഞ്ഞ് കളിക്കാൻ ഇറങ്ങിയതെന്നും ഓർക്കണം. എന്നിട്ട് ഇപ്പോൾ പറയുന്നത് ആ 6000 കോടി കൊടുത്തതോണ്ട് വേറെ പകരം വേറെ 6000 കോടി കടമെടുക്കാൻ അനുമതി നൽകണമെന്ന് പറഞ്ഞിട്ട് ഇതുവരെ അനുമതി കിട്ടിയില്ല എന്ന്. എങ്ങനുണ്ട്. അപ്പോ മൂന്നാമത്തെ പോയിന്റും കടം തന്നെ.
ഇനി നാലാമത്തെയും അഞ്ചാമത്തേയും ഐജിഎസ്ടി കുടിശ്ശികയുടെ കാര്യവും കേന്ദ്രവിഹിതത്തിന്റെ ശതമാനം മറ്റു സംസ്ഥാനങ്ങൾക്ക് കൂടുതൽ ലഭിക്കുന്നതിനെയും കുറിച്ചാണ്. അതിന് ഈ സമരം ഇവിടെ നടത്തിയിട്ട് യാതൊരു കാര്യവുമില്ല. കാരണം ഈ ശതമാനം ഒക്കെ ധനകാര്യകമ്മീഷൻ കൃത്യമായ മാനദണ്ഡങ്ങൾക്കനുസൃതമായി അനുവദിച്ചിട്ടുള്ളതാണ്. രാജ്യത്ത് ഏറ്റവും പുറകിൽ നിൽക്കുന്നവർക്ക് കൂടുതൽ നൽകേണ്ടി വരും. കാരണം അവരെ ഒഴിവാക്കിയല്ല, അവരെ കൂടി മുൻനിരയിലേക്ക് കൊണ്ടുവന്നാണ് രാജ്യം മുന്നോട്ട് പോകേണ്ടത്. കേരളത്തിലെ കാര്യം എടുത്താൽ പിന്നോക്ക ജില്ലകളായ ഇടുക്കി വയനാട് പിന്നെ അട്ടപ്പാടി ഉൾപ്പെടുന്ന മണ്ണാർകാട് താലൂക്ക് എന്നിവിടങ്ങളിൽ സർക്കാർ ധാരാളം വികസന പ്രവർത്തനങ്ങൾക്കായി തുക അനുവദിക്കുന്നുണ്ട്. പക്ഷേ അവിടെ നിന്നും സർക്കാരിന് നികുതി വരുമാനം വളരെ കുറവായിരിക്കും. എറണാകുളം ജില്ലയിൽ നിന്നും വരുമാനം വളരെ കൂടുതലും കാണും. അപ്പോൾ എറണാകുളം മാത്രം വികസിച്ചാൽ മതി, മറ്റു പിന്നോക്ക ജില്ലകളെ അങ്ങനെ തന്നെ പിന്നിലാക്കി നിർത്തണം എന്ന് പറയാനാവില്ലല്ലോ. ഒരു രാജ്യം എന്ന നിലയിൽ പരിഗണിക്കുമ്പോൾ അങ്ങനെയേ സംഭവിക്കൂ. അതിന് സമരം നടത്തിയിട്ട് കാര്യമില്ല. ഈ കാര്യം ഒക്കെ പറഞ്ഞ് രണ്ട് കൊല്ലം മുമ്പ് കിട്ടാനുള്ള 57000 കോടി കിട്ടിയില്ല എന്ന പേരിൽ ഒരു കേസ് സുപ്രീം കോടതിയിൽ കൊടുത്തിരുന്നതല്ലേ. എന്നിട്ടെന്തായി. പത്തു പൈസ അനുവദിക്കാൻ സുപ്രീം കോടതി പറഞ്ഞില്ലല്ലോ.
ഇനി ആറാമത്തെ പോയിന്റ്. അതും നമ്മുടെ തുറുപ്പ് ചീട്ട് തന്നെ. കടം. സർക്കാർ വിവിധ സ്ഥാനപനങ്ങൾ എടുത്ത കടങ്ങൾക്ക് ഗ്യാരണ്ടി നിന്നപ്പോൾ ആ തുക സർക്കാരിന്റെ കൂടി ബാധ്യതയായി കണക്കാക്കി 3300 കോടി കൂടി വായ്പ എടുക്കാനുള്ള പരിധിയിൽ നിന്നും കുറച്ചു എന്നാണ് പറയുന്നത്. ഇതും സർക്കാരിന്റെ വരുമാനമോ, കടം കൊടുത്തത് കിട്ടാനോ ഉള്ള കാര്യമല്ല. മൂന്ന് മാസം കൂടി കഴിഞ്ഞാൽ ഇറങ്ങാനുള്ള സർക്കാർ അടുത്ത സർക്കാരുകൾക്ക് ഉണ്ടാക്കി വക്കാനുള്ള കടബാധ്യത കൂട്ടാൻ അനുവദിക്കുന്നില്ല എന്ന പരാതിയാണ്.
ഇനി അവസാനത്തെ പോയിന്റ്. കേന്ദ്രാവിഷ്കൃത പദ്ധതികളിലായി 5784 കോടി രൂപ കിട്ടാനുണ്ട് എന്നാണ് പറയുന്നത്. എന്നാൽ ഇത് സർക്കാരിന് ചെലവഴിക്കാനുള്ളതാണോ. അല്ല. അത് അതാത് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭിക്കാനുള്ളതാണ്. സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്ക് നയാപൈസ അതിൽ നിന്നും കിട്ടില്ല. എങ്കിലും മൊത്തം കടം മാത്രം പറയുന്നതിനിടയിൽ ഒരു ഗുമ്മിന് വേണ്ടി കൂട്ടി ചേർത്തു എന്ന് മാത്രം.
പിന്നെ സർക്കാരിന്റെ വരുമാനം വർധിച്ചതും വികസനം നടത്തിയതും ഒക്കെ ചെറുതായി വിവരിച്ചിട്ടുണ്ട് പോസ്റ്റിൽ. എന്നാൽ സംസ്ഥാന സർക്കാരിന്റെ കടം മൂക്കോളം മുട്ടിയത് മാത്രം മിണ്ടിയിട്ടില്ല. എന്തുകൊണ്ടാണ് ഈ കടമെടുപ്പ് പരിധി കുറച്ചതെന്നതിന്റെ കാരണം സിംപിംൾ ആണ്. കേരള സംസ്ഥാന സർക്കാരിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ എടുക്കാവുന്ന കടമേ എടുക്കാനാവൂ. അതിൽ കൂടുതൽ എടുത്ത് ശ്രീലങ്കയും പാക്കിസ്ഥാനും ഒക്കെ പെട്ട പോലെ ആവാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സമ്മതിക്കില്ല. കാരണം സഖാക്കൾക്ക് കടമെടുത്ത് മുടിപ്പിച്ച് പിന്നെ കൂളായി ഇറങ്ങി സമരം ചെയ്താൽ മതി. പക്ഷേ ഉത്തരവാദിത്തം ഉള്ള സർക്കാരുകൾക്ക് അത് പറ്റില്ല. മുമ്പ് കിഫ്ബിയുടെ പേരിൽ എടുത്ത കടം സർക്കാരിന്റ കടമായി കാണരുത് എന്ന് പറഞ്ഞ് കോടതിയിൽ പോയിരുന്നതാണ്. പക്ഷേ ബഡ്ജറ്റിൽ വരേണ്ട തുക കിഫ്ബി ലോണിലേക്ക് പോകുന്നതിനാൽ അങ്ങനെ കാണാൻ പറ്റില്ല എന്ന് പറഞ്ഞ് കോടതി തന്നെ തള്ളിയതോടെ ആ ഡയലോഗ് ഇപ്പോൾ എടുത്തിടുന്നില്ല.
ഇത് ഒരു സാധാരണ വ്യക്തയുടെ കാര്യവുമായി തട്ടിച്ചു നോക്കിയാൽ ആർക്കും എളുപ്പം മനസിലാവും. വരുമാനത്തിന്റെ പലമടങ്ങ് കടബാധ്യത ആയാൽ പിന്നെ ഒരു ബാങ്കും കടം നൽകില്ല. പിന്നെ ഭാര്യയുടേയും ബന്ധുക്കളുടേയും ഒക്കെ പേരിൽ കടം എടുക്കാൻ നോക്കി എടുക്കാവുന്നതിന്റെ പരമാവധി എടുത്ത ശേഷം ആരും കടം തരുന്നില്ലേ എന്ന് പറഞ്ഞ് നടന്നിട്ട് എന്തു കാര്യം. വരുമാനം വർധിപ്പിക്കുകയും നിലവിലെ കടബാധ്യതകൾ കുറക്കുകയും ചെയ്താൽ പരിധി സ്വാഭാവികമായും കൂടും. അല്ലാതെ സമരം ചെയ്തിട്ട് ആളുകളുടെ കണ്ണിൽ പൊടിയിടാമെന്നല്ലാതെ മറ്റൊന്നും നടക്കാൻ പോകുന്നില്ല. കൊല്ലം മുമ്പ് വ്യാപകമായി പ്രചരിപ്പിച്ചിരുന്ന 57000 കോടി കേന്ദ്രം തടഞ്ഞുവെച്ചുവന്ന കള്ളകഥ പോലെ ഇതും പതിയെ ആളുകൾ മറക്കും. പക്ഷേ ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഒരു ബഡ്ജറ്റ് അവതരണത്തിനു മുമ്പ് ഇങ്ങനൊരു സമരവുമായി സർക്കാർ ഇറങ്ങുന്നുണ്ടെങ്കിൽ ഒന്നുറപ്പാണ്. പ്രഖ്യാപിച്ച ഒരു ആനുകൂല്യവും നൽകാൻ സാധിക്കില്ല. അത് ഈ കാരണം പറഞ്ഞ് തടി കഴിച്ചിലാക്കാം എന്ന കുബുദ്ധി. പക്ഷേ ഇപ്പോൾ പഴയപോലെ ഇത്തരം തള്ളുകളും നുണകളുമൊന്നും ഏത്ര ഏൽക്കില്ല. കാരണം വിവരങ്ങളും കണക്കുകളും ആരുടേയും വിരൽ തുമ്പിൽ തന്നെയുണ്ടല്ലോ.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ നടത്തുന്ന സത്യാഗ്രഹ സമരത്തിൽ വിവിധ ജനപ്രതിനിധികളോടൊപ്പം ഈ നാട് അണിനിരക്കും.
ജനക്ഷേമവും പശ്ചാത്തല വികസനവും പൊതുമേഖലാ വ്യവസായങ്ങളുടെയും സേവനങ്ങളുടെയും ശക്തിപ്പെടുത്തലും അടിസ്ഥാനമാക്കി എല്ലാവർക്കും സംതൃപ്തിയോടെ ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ പ്രതിജ്ഞാബദ്ധമായ ഇടപെടലുകളുമായി മുന്നോട്ടുപോവുകയാണ് എൽഡിഎഫ് സർക്കാർ. ഇതുമൂലമുണ്ടായ വികസന മുന്നേറ്റത്തെ തടസ്സപ്പെടുത്തി സർക്കാരിനെയും നാടിനെയും ശ്വാസം മുട്ടിക്കാൻ കേന്ദ്രം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഉപരോധം വലിയ ജനരോഷമുയർത്തി കഴിഞ്ഞു.
കേന്ദ്രത്തിന്റെ അവഗണന എത്രത്തോളമുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു:
➡️ ഈ സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്നുമാസത്തേക്ക് ലഭിക്കേണ്ട 12,000 കോടി രൂപയുടെ വായ്പാനുമതിയിൽ 5,900 കോടി രൂപയാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്.
➡️ ബജറ്റിനു പുറത്തെടുത്ത വായ്പകളുടെ പേരുപറഞ്ഞ് ഈ വർഷം മാത്രം സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ 17,000 കോടി രൂപയുടെ കുറവ് വരുത്തിയിരിക്കുന്നു.
➡️ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ കേരളം നൽകിയ 6,000 കോടി രൂപയ്ക്ക് പകരമായി വായ്പ എടുക്കാനുള്ള അനുമതിയും കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്.
➡️ ഐ.ജി.എസ്.ടി (IGST) റിക്കവറി എന്ന പേരിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട 965 കോടി രൂപ കേന്ദ്രം പിടിച്ചെടുത്തിരിക്കുന്നു.
➡️ മറ്റു സംസ്ഥാനങ്ങൾക്ക് റവന്യൂ വരുമാനത്തിന്റെ 73% വരെ കേന്ദ്ര വിഹിതമായി ലഭിക്കുമ്പോൾ കേരളത്തിന് ലഭിക്കുന്നത് വെറും 25% മാത്രമാണ്.
➡️ ഗ്യാരണ്ടി നിക്ഷേപത്തിന്റെ പേരിൽ 3,300 കോടി രൂപയുടെ വായ്പാനുമതി കൂടി നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
➡️ നെല്ല് സംഭരണം, സമഗ്ര ശിക്ഷ കേരള, ജലജീവൻ മിഷൻ, യു.ജി.സി ആനുകൂല്യങ്ങൾ തുടങ്ങി വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിലായി മാത്രം ഏതാണ്ട് 5,784 കോടി രൂപയാണ് സംസ്ഥാനത്തിന് കിട്ടാനുള്ള കുടിശ്ശിക.
ഇത്ര വലിയ സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചിട്ടും കേരളം വികസനപാതയിൽ കരുത്തോടെ മുന്നേറുകയാണ്. സംസ്ഥാന സർക്കാരിന്റെ സൂക്ഷ്മവും കാര്യക്ഷമവുമായ ധനമാനേജ്‌മെന്റ് ആണ് ഇതിന് കാരണം. കേന്ദ്രത്തിന്റെ തന്നെ കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ തനത് വരുമാനം 2015-16 കാലഘട്ടത്തിലെ 54,000 കോടി രൂപയിൽ നിന്ന് 1,03,240 കോടി രൂപയായി നാം ഉയർന്നിട്ടുണ്ട്. ആളോഹരി വരുമാനം 2016-ലെ 1,66,246 രൂപയിൽ നിന്ന് 3,08,338 രൂപയായി വർദ്ധിച്ചു. സംസ്ഥാനത്തിന്റെ ആകെ കടം ആഭ്യന്തര ഉൽപാദനത്തിന്റെ 24.88 ശതമാനം മാത്രമാണ്; ഇത് ദേശീയ ശരാശരിയായ 26.11 ശതമാനത്തേക്കാൾ താഴെയാണ്.
ഈ നേട്ടങ്ങളുടെ കരുത്തിൽ മുന്നേറുന്ന കേരളത്തെ പിന്നോട്ടടിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം രാഷ്ട്രീയപ്രേരിതമാണ്. ജനകീയ വികസന പദ്ധതികൾ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന് കൈവന്ന സ്വീകാര്യതയെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നത്. നാടിനെ മുന്നോട്ടു നയിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതി, കണക്ട് ടു വർക്ക് സ്കോളർഷിപ്പ് തുടങ്ങിയ ഇടപെടലുകളെയും ക്ഷേമ പെൻഷൻ വിതരണം പോലുള്ള നടപടികളെയും തടസ്സപ്പെടുത്തുന്ന കേന്ദ്ര നീക്കങ്ങളെ കേരളം ചെറുക്കുക തന്നെ ചെയ്യും.














































