തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത നൽകിയ സൈബറാക്രമണ കേസിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. താൻ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പരാതിയിൽ പറഞ്ഞത് തെറ്റാണെന്നും വീഡിയോ ചെയ്യുന്നതിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിലും തനിക്ക് കോടതിയിൽ വിലക്കില്ലെന്നും രാഹുൽ ഈശ്വർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“അവർ പരാതിക്കാരി ആണ്, അതിജീവിത അല്ല. ഞാൻ ഫോട്ടോ ഷെയർ ചെയ്തിട്ടില്ല, ഐഡന്റിറ്റി ഡിസ്ക്ലോസ് ചെയ്തിട്ടില്ല. സ്ത്രീസുരക്ഷ എന്ന ആശയത്തെ ഇവർ ദുരുപയോഗം ചെയ്യുകയാണ്. പരാതിക്കാരി പറയുന്ന പീഡനാരോപണം നിലനിൽക്കില്ല എന്ന് രാഹുലിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പതിനാലാമത്തെ പേജിൽ പറയുന്നുണ്ട്. പിന്നെ എങ്ങനെയാണ് അവർ അതിജീവിത ആകുന്നത്”- രാഹുൽ ചോദിച്ചു.
അതുപോലെ ഡ്രഗ്സും റേപ്പ് കേസും ഉണ്ടായിട്ടും വേടൻ ജയിലിൽ കിടന്നിട്ടില്ല, താൻ 16 ദിവസമാണ് കിടന്നത്. അതിജീവിത എന്ന് പറയുന്ന പെൺകുട്ടിയുടെ ഭർത്താവാണ് ശരിക്കും അതിജീവിതൻ. അവനെ സപ്പോർട്ട് ചെയ്ത് കൊടുത്ത വീഡിയോ ആണ് ആ പെൺകുട്ടിയെ പ്രകോപിപ്പിച്ചത്. അയാൾക്കെതിരെ അവർക്കു പരാതി കൊടുക്കാൻ പറ്റാത്തത് കൊണ്ടാണ് തനിക്കെതിരെ പരാതി കൊടുത്തതെന്നും രാഹുൽ പറഞ്ഞു.
“മാധ്യമങ്ങൾ അവളോടൊപ്പവും അവനോടൊപ്പവും അല്ല നിൽക്കേണ്ടത്, സത്യത്തിനൊപ്പം നിൽക്കണം. ദിലീപിനെ കള്ളക്കേസിൽ ജയിലിൽ ഇടാൻ സാധിക്കുമെങ്കിൽ പിന്നെ ആരാണ് ഇവിടെ സേഫ്. എനിക്ക് ശക്തമായ എതിർപ്പ് ഉള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പക്ഷെ അദ്ദേഹത്തിന് എതിരെ ഞാൻ കള്ളം പറയില്ല. ആളുകളെ പെടുത്തുന്ന പരിപാടി നിർത്തണം. ഇല്ലാത്ത പരാതിയുടെ പേരിലാണ് എന്നെ ക്രൂശിക്കുന്നത്. അങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിൽ നിന്ന് അറിഞ്ഞത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിൽ അപേക്ഷ കൊടുത്തിട്ടുണ്ട്- രാഹുൽ വ്യക്തമാക്കി.
അതുപോലെ ഞാനും രാഹുൽ മാങ്കൂട്ടത്തിലും സുഹൃത്തുക്കൾ അല്ല. ഞങ്ങളുടെ പുരുഷകമ്മിഷനെ എതിർത്തത് രാഹുലാണ്. ഞങ്ങൾ വ്യത്യസ്ത രാഷ്ട്രീയം ഉള്ളവരാണ്. പോക്സോ കേസിന്റെ പേരിൽ സ്കൂളിലെ പരിപാടിയ്ക്ക് പങ്കെടുത്തത് വിവാദമായി. പക്ഷേ അതിനുശേഷം വിദ്യാഭ്യാസ മന്ത്രിയുടെ പാർട്ടിക്കാർ ഒരു പ്രൊമോഷൻ വീഡിയോ ചെയ്യാനായി സമീപിച്ചു. കേസ് വ്യാജമാണെന്ന് തെളിഞ്ഞല്ലോ എന്നായിരുന്നു അവരുടെ വിശദീകരണം. പക്ഷെ ഞാൻ വീഡിയോ ചെയ്ത് കൊടുത്തില്ല”- രാഹുൽ കൂട്ടിച്ചേർത്തു.
















































