ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കർ ദാസിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി. കേസിൽ ശങ്കർദാസിനെ എന്തുകൊണ്ടാണ് പ്രതി ചേർക്കാത്തതെന്ന് ഹൈക്കോടതി നേരത്തെ എസ്‌ഐടിയോട് ചോദിച്ചിരുന്നു. ഈ പരാമർശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശങ്കർ ദാസ് നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
ഈ കൊള്ളയിൽ ശങ്കർ ദാസിനും ഉത്തരവാദിത്തമുണ്ടെന്നും പ്രായത്തിന്റെ കാര്യത്തിൽ മാത്രം അനുകമ്പയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം വാദം കേൾക്കുന്നതിന് മുമ്പ് തന്നെ സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു. ശബരിമലയിലേത് വലിയ ക്രമക്കേടാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിങ്ങൾ ദൈവത്തെപ്പോലും വെറുതെവിട്ടില്ലെന്നും സുപ്രീം കോടതി വിമർശിച്ചു. ജാമ്യം വേണമെങ്കിൽ പരിഗണിക്കുന്ന കോടതിയെ സമീപിക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ ബോർഡ് അംഗമെന്ന നിലയിൽ മാത്രമാണ് താൻ ഒപ്പുവെച്ചതെന്നായിരുന്നു ശങ്കർ ദാസിന്റെ വാദം.
കേസിൽ ശങ്കർദാസിനെ എന്തുകൊണ്ടാണ് പ്രതി ചേർക്കാത്തതെന്ന ഹൈക്കോടതിയുടെ പരാമർശം തന്റെ ഭാഗം കേൾക്കാതെയാണെന്ന് കാട്ടിയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം കൊല്ലം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള അപേക്ഷ കെ പി ശങ്കർദാസ് നൽകിയിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്.
















































