മലപ്പുറം: യുഡിഎഫ് അധികാരം പിടിക്കുന്നത് മുസ്ലിം സമുദായത്തിന് നഷ്ടപ്പെട്ടത് വീണ്ടെടുക്കാനാണെന്ന കെഎം ഷാജിയുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കെടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ഒൻപതര വർഷത്തെ എൽഡിഎഫ് ഭരണത്തിൽ മുസ്ലിം സമുദായത്തിന് എന്ത് മണ്ണാങ്കട്ടയാണ് നഷ്ടപ്പെട്ടതെന്ന് അക്കമിട്ട് നിരത്താൻ ലീഗ് നേതൃത്വം തയ്യാറാവണമെന്ന് ജലീൽ പറഞ്ഞു. മതവർഗീയതയും സമുദായ വിഭാഗീയതയും വായിൽ നിന്ന് വീണുപോകാതിരിക്കാൻ ലീഗ് നേതൃത്വം ജാഗ്രത പുലർത്തട്ടെയെന്നു കെടി ജലീൽ കുറിച്ചു.
കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
UDF ഭരണം എന്ത് ‘മണ്ണാങ്കട്ട’യാണ് മുസ്ലിങ്ങൾക്ക് വീണ്ടെടുത്ത് കൊടുക്കുക?
ലീഗ് ഭരണം പിടിക്കുന്നത് മുസ്ലിങ്ങൾക്കു വേണ്ടിയാണെങ്കിൽ ഹൈന്ദവർക്കും ക്രൈസ്തവർക്കും വേണ്ടി യു.ഡി.എഫിൽ ഭരണം പിടിക്കാൻ അണിയറയിൽ കച്ച മുറുക്കുന്നത് ഏതൊക്കെ പാർട്ടികളാണ്?അതറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട്. വെളിപ്പെടുത്താൻ ഐക്യജനാധിപത്യ മുന്നണി തയ്യാറാവണം. കഴിഞ്ഞ ഒൻപതരക്കൊല്ലം മുസ്ലിം സമുദായത്തിന് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനാണ് ലീഗ് ഉൾകൊള്ളുന്ന യു.ഡി.എഫ് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കേണ്ടത് എന്നാണ് ലീഗ് സംസ്ഥാന ഭാരവാഹി കെ.എം ഷാജി വളച്ചു കെട്ടില്ലാതെ പരസ്യമായി വെളിപ്പെടുത്തിയത്!
എന്തൊക്കെയാണ് മുസ്ലിങ്ങൾക്ക് പിന്നിട്ട ഒൻപതര വർഷത്തിനിടയിൽ നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കാൻ ഷാജിയും ലീഗും തയ്യാറാവണം. അക്കമിട്ട് അവരത് തുറന്നു വ്യക്തമാക്കട്ടെ.
2025 അദ്ധ്യായന വർഷത്തിൽ മലപ്പുറത്ത് പത്താം ക്ലാസ് പാസ്സായ എല്ലാവർക്കും പ്ലസ് വൺ പഠനത്തിന് അവസരമൊരുക്കിയതാണോ ഇടതുപക്ഷ സർക്കാർ മുസ്ലിങ്ങളോട് ചെയ്ത കൊടിയ അനീതി? ഈ അദ്ധ്യായന വർഷം മലപ്പുറം ജില്ലയിലെ പല ഹയർ സെക്കന്ററി സ്‌കൂളിലും ഏതാണ്ടെല്ലാ ബാച്ചിലും ഒന്നോ രണ്ടോ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. മലബാറിലെ എല്ലാ ജില്ലകളിലെയും സ്ഥിതി ഭിന്നമല്ല. 2015-ൽ യു.ഡി.എഫ് അധികാരം വിടുമ്പോൾ മലപ്പുറം ജില്ലയിൽ മാത്രം +1 ന് പ്രവേശനം ലഭിക്കാത്തവരുടെ എണ്ണം 32,000 ആയിരുന്നു എന്നു കൂടി ഇതോടൊപ്പം ചേർത്തു വായിക്കണം. പത്ത് കൊല്ലം കൊണ്ട് ആ വലിയ അന്തരമാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ പൂജ്യത്തിൽ എത്തിച്ചത്.
പിന്നിട്ട പത്തു വർഷത്തിനിടയിൽ കേരളത്തിൽ ഒരൊറ്റ വർഗീയ കലാപങ്ങളും നടക്കാതെ നോക്കിയതാണോ എൽ.ഡി.എഫ് ഭരണം മുസ്ലിങ്ങളോട് കാണിച്ച മഹാപരാധം? പതിനൊന്നാളുകൾ മരിച്ചു വീണ ഒന്നും രണ്ടും മാറാട് കലാപങ്ങൾ അരങ്ങേറിയത് ലീഗ് ഭരണത്തിലായിരുന്നപ്പോഴല്ലേ? ആലപ്പുഴയിൽ ലജ്നത്തുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ നടന്ന നബിദിന ഘോഷയാത്രക്കു നേരെ പോലീസ് വെടിവെച്ച് രണ്ടു പേരെ കൊന്നത് ലീഗ് ഭരണ പങ്കാളിത്തം വഹിച്ചിരുന്ന സമയത്തല്ലേ? എൽ.കെ അദ്വാനി ഉത്തരേന്ത്യയിൽ നടത്തിയ രഥയാത്രയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളത്തിൽ നടന്ന സംഘ്പരിവാർ യാത്ര പാലക്കാട്ടെത്തിയപ്പോഴല്ലേ പ്രശ്നമുണ്ടാക്കാൻ വന്നു എന്ന പേരിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന സിറാജുന്നിസ എന്ന ഒൻപതു വയസ്സുകാരിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്? അന്ന് കേരള ഭരണം നടത്തിയിരുന്നത് ലീഗ് അടങ്ങുന്ന സർക്കാരല്ലേ? ചാല കത്തിയെരിഞ്ഞപ്പോൾ ലീഗായിരുന്നില്ലേ അധികാരത്തിൽ?
കേരള ഹജ്ജ് കമ്മിറ്റിക്കു കീഴിൽ കരിപ്പൂർ എയർപോർട്ടിനടുത്ത് നിർമ്മിച്ച ഹജ്ജ് ഹൗസും അതിനോട് അനുബന്ധമായുള്ള ലേഡീസ് ബ്ലോക്കും നിർമ്മിച്ചതാണോ ഇടതു സർക്കാരുകൾ ചെയ്തതായി ലീഗു കരുതുന്ന മുസ്ലിം വിരുദ്ധത?
ക്ഷേമ പെൻഷൻ വാങ്ങുന്ന 62 ലക്ഷത്തിലധികം വരുന്ന മനുഷ്യരിൽ എല്ലാ ജാതിമതസ്ഥരുമില്ലെ? പെൻഷൻ തുക 2000 രൂപയാക്കിയാണ് പിണറായി വിജയൻ ഉയർത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് മുസ്ലിം സഹോദരി സഹോദരൻമാർ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലില്ലേ? ഏതെങ്കിലും സമുദായത്തിൽ പെട്ടുപോയി എന്ന കാരണത്താൽ എന്തെങ്കിലും ആനുകൂല്യം ഏതെങ്കിലും മത സമൂഹങ്ങൾക്ക് എൽ.ഡി.എഫ് സർക്കാർ നിഷേധിച്ചിട്ടുണ്ടോ?
ഇനി ലഭിക്കാൻ പോകുന്ന വീട്ടമ്മമാർക്കുള്ള സ്ത്രീ സുരക്ഷാ പെൻഷൻ അർഹരായ എല്ലാ 35 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്കും ലഭിക്കും. ഏതെങ്കിലും സമുദായക്കാർ അതിൽ നിന്ന് മാറ്റി നിർത്തപ്പെട്ടതായി ലീഗിന് അറിവുണ്ടോ? പിന്നെ എന്ത് ‘മണ്ണാങ്കട്ട’ മുസ്ലിങ്ങൾക്ക് നഷ്ടപ്പെട്ടുവെന്നാണ് ലീഗ് പറയുന്നത്? നഷ്ടപ്പെട്ട എന്തു തിരുച്ചു പിടിക്കാനാണ് ലീഗ് ഉൾകൊള്ളുന്ന മന്ത്രിസഭ കേരളത്തിൽ വരണമെന്ന് ലീഗ് നേതാവ് പ്രസംഗിച്ചത്?
മുസ്ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും പള്ളി കയ്യേറ്റങ്ങളും തമ്മിലടിയും കൊലപാതകവും ഇല്ലാതാക്കി സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചതാണോ പിണറായി ഗവ: മുസ്ലിങ്ങളോട് ചെയ്ത കൊടിയ അനീതി? സമുദായത്തിനകത്തെ പ്രബലമായ എല്ലാ അവാന്തര വിഭാഗങ്ങൾക്കും വഖഫ് ബോർഡിലും ഹജ്ജ് കമ്മിറ്റിയിലും ഓർഫനേജ് ബോർഡിലും മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡിലും പ്രാതിനിദ്ധ്യം ഉറപ്പാക്കിയതാണോ ഇടതുപക്ഷ ഗവൺമെന്റ് മുസ്ലിം സമുദായത്തോട് ചെയ്ത പാതകം? ലീഗിനോട് വിധേയപ്പെടാത്ത ഒറ്റക്കാരണത്താൽ വഖഫ് ബോർഡിൽ റജിസ്ട്രേഷൻ നിഷേധിച്ചിരുന്ന നിരവധി സ്ഥാപനങ്ങൾക്ക് റജിസ്ട്രേഷൻ നൽകിയതാണോ മുസ്ലിങ്ങളോട് LDF പ്രവർത്തിച്ചതായി ലീഗ് കരുതുന്ന അനീതി?
പിന്നിട്ട പത്തു വർഷത്തിനിടയിൽ ഏത് രംഗത്താണ് മററു സമുദായ വിഭാഗങ്ങളെക്കാൾ മുസ്ലിങ്ങൾ പിന്നോക്കം പോയത്? ഇതര സമുദായങ്ങൾക്ക് കിട്ടിയത് എന്താണ് ഈ കാലയളവിൽ മുസ്ലിങ്ങൾക്ക് നിഷേധിക്കപ്പെട്ടത്? സഹോദര സമുദായങ്ങൾക്കൊപ്പം നിൽക്കുമ്പോൾ ഏത് മേഖലയിലാണ് ഇടതു ഭരണത്തിൽ മുസ്ലിങ്ങൾ അവഗണിക്കപ്പെട്ടത്? കൈക്കൂലി കൊടുക്കാതെ വ്യവസായ സംരംഭങ്ങൾ എല്ലാവരെയും പോലെ മുസ്ലിങ്ങൾക്കും തുടങ്ങാനായത് ലീഗിന് പിടിച്ചില്ലെന്നുണ്ടോ? പൊതു വിദ്യാലയങ്ങൾ സ്വപ്ന സമാന നേട്ടങ്ങൾ കൈവരിച്ചപ്പോൾ സർവ്വ സമുദായങ്ങളിലെയും സാധാരണക്കാരായ കുട്ടികൾക്ക് സർക്കാർ ചെലവിൽ ഇംഗ്ലീഷ് മീഡിയം ബാച്ചുകളിൽ പഠിക്കാനായത് എങ്ങിനെ മുസ്ലിം സമുദായ താൽപര്യങ്ങൾക്ക് വിരുദ്ധമാകും?
ലീഗിലെ നാലഞ്ച് പ്രമാണിമാർക്ക് മന്ത്രിമാരാകാൻ കഴിയാത്തതാണ് സമുദായത്തിന്റെ നഷ്ടപ്പട്ടികയിൽ ലീഗ് എണ്ണുന്നതെങ്കിൽ അത് സമുദായം കാണുന്നത് നഷ്ടമായല്ല, നേട്ടമായാണ്. 2011-16 കാലയളവിലെ ലീഗ് മന്ത്രിമാരിൽ സാധാരണക്കാരനായ മന്ത്രി എന്നു പറയാൻ ആരാണുണ്ടായിരുന്നത്? അധികാര പദവികൾ, പണവും തറവാടും ആഭിജാത്യവും നോക്കി വീതം വെക്കാനല്ലാതെ മറ്റെന്താണ് ലീഗിന് അറിയുക? ദയവായി ആൾക്കൂട്ടം കാണുമ്പോൾ സമുദായ വികാരം ആളിക്കത്തിക്കാൻ ലീഗ് നേതാക്കൾ തുനിയരുത്. പ്രസംഗകരുടെ സൂക്ഷ്മതക്കുറവ് സമുദായത്തെ പൊതു സമൂഹത്തിൽ ഒറ്റപ്പെടുത്തുകയേ ചെയ്യൂ. ലീഗ് രാഷ്ട്രീയം പറയട്ടെ. മതവർഗീയതയും സമുദായ വിഭാഗീയതയും വായിൽ നിന്ന് വീണുപോകാതിരിക്കാൻ ലീഗ് നേതൃത്വം ജാഗ്രത പുലർത്തട്ടെ!
















































