തിരുവനന്തപുരം: പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് അടിച്ചത് വമ്പൻ ലോട്ടറി. ദിനം പ്രതി വെള്ളമടിക്കാരുടെയെണ്ണം കുത്തനെ കൂടിയതോടെ 16.93 കോടി രൂപയുടെ അധിക വിൽപന. ഔട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണു ഡിസംബർ 31നു വിറ്റത്. 2024 ഡിസംബർ 31ന്റെ വിൽപന 108.71 കോടിയുടേതായിരുന്നു.
അതേസമയം കടവന്ത്ര ഔട്‌ലെറ്റ് 1.17 കോടിയുടെ മദ്യം വിറ്റ് ഏക കോടീശ്വരനായി. രണ്ടാം സ്ഥാനത്തു പാലാരിവട്ടവും (95.09 ലക്ഷം) മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം). 4.61 ലക്ഷം രൂപയുടെ കച്ചവടവുമായി തൊടുപുഴ കഞ്ഞിക്കുഴി ഔട്‌ലെറ്റ് ഏറ്റവും പിന്നിലായി.
വിദേശമദ്യവും ബീയറും വൈനുമായി 2.07 ലക്ഷം കെയ്സാണ് ഈ ഡിസംബർ 31നു വിറ്റുപോയത്. കഴിഞ്ഞ ഡിസംബർ 31ന് ഇത് 1.84 ലക്ഷം കെയ്സായിരുന്നു. ഈ സാമ്പത്തികവർഷം (2025–26) ഇതുവരെ 15,717.88 കോടി രൂപയുടെ മദ്യമാണു ബവ്കോ വിറ്റത്. കഴിഞ്ഞ സാമ്പത്തികവർഷം (2024–25) ഡിസംബർ 31 വരെ 14,765.09 കോടി രൂപയുടേതായിരുന്നു വിൽപന.


















































