കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ പാനൂരിൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള സഖാക്കളുടെ കൊലവിളി തുടരുന്നു. ബോംബെറിയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് ഇടത് സൈബർ പേജുകൾ സമൂഹ മാധ്യമത്തിൽ കൊലവിളി പ്രചാരണം നടത്തുന്നത്. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ സ്തൂപം തകർത്തതിനു പിന്നാലെയാണ് ഇത്.
‘പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല’, ‘കുഴി നിങ്ങൾ കുഴിച്ചു വച്ചോ ഇവൻ എന്നെന്നേക്കുമായി ഉറങ്ങാനുള്ള ഏർപ്പാടുകൾ ഞങ്ങൾ ചെയ്തു തരാം’ തുടങ്ങിയ വാചകങ്ങൾ ചേർത്ത് നൂഞ്ഞമ്പ്രം സഖാക്കൾ, റെഡ് ആർമി തുടങ്ങിയ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് കൊലവിളി പ്രചാരണങ്ങൾ നടക്കുന്നത്.
കൂടാതെ കോടിയേരി ബാലകൃഷ്ണൻ നേരത്തെ നടത്തിയ പ്രസംഗത്തിന്റെ കൂടെ ലീഗ് പ്രവർത്തകരുടെ ചിത്രം വച്ചും സൈബർ സഖാക്കൾ പ്രചാരണം നടത്തുന്നു. ‘ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ കണക്ക് തീർത്ത് കൊടുത്തു വിട്ടേക്കുക’ എന്നു പ്രസംഗിക്കുന്ന ദൃശ്യം ഉൾപ്പെടുത്തിയാണ് ലീഗ് പ്രവർത്തകരുടെ ചിത്രം പ്രചരിപ്പിക്കുന്നത്. ലീഗ് പ്രവർത്തകന്റെ ഫോട്ടോ വച്ച് ‘ആദരാഞ്ജലികൾ, കബർ അടക്കാൻ പോലും ബാക്കി വയ്ക്കില്ല’ എന്നും തകർക്കപ്പെട്ട സിപിഎം സ്തൂപത്തിന്റെ ചിത്രം ചേർത്ത് ‘എല്ലാ പ്രവർത്തികൾക്കും പ്രതിപ്രവർത്തനം ഉണ്ടാകും’ എന്നും കുറിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം കുന്നോത്തുപറമ്പിൽ യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎമ്മിന്റെ സ്തൂപം അടിച്ചു തകർത്തിരുന്നു. പാറാട്– കുന്നോത്തുപറമ്പ് റോഡിൽ സർവീസ് സെന്ററിനു സമീപമുള്ള സ്തൂപമാണ് തകർത്തത്. തകർക്കാൻ ഉപയോഗിച്ച ചുറ്റിക സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിനു പിന്നിൽ യുഡിഎഫ് ആണെന്ന് സിപിഎം ആരോപിച്ചു. ഇതിനു പിന്നാലെയാണ് സിപിഎമ്മിന്റെ സമൂഹ മാധ്യമ പേജുകളിൽ കൊലവിളി പ്രചാരണം രൂക്ഷമായത്.



















































