കോട്ടയം: യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി കേരള കോൺഗ്രസ് എം നേതൃത്വം. നിലവിൽ എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളെ അറിയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.അതുപോലെ നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തും. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടില്ലെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജും പറഞ്ഞു.
യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ടാണ്. എൽഡിഎഫിൽ എത്തിയ ശേഷമാണ് പാർട്ടിയുടെ ശക്തി യുഡിഎഫിന് ബോധ്യമായത്. അതുപോലെ പിജെ ജോസഫ് യുഡിഎഫിൽ തെറ്റിധാരണയുണ്ടാക്കുകയായിരുന്നു. പിജെ ജോസഫ് ഇപ്പോൾ നടത്തുന്നത് അപക്വമായ പ്രസ്താവനകളാണെന്നും സ്റ്റീഫൻ ജോർജ് വിമർശിച്ചു. പരാജയം ഉണ്ടായാൽ പാർട്ടി തകരുമെങ്കിൽ ജോസഫ് ഗ്രൂപ്പ് കേരളത്തിലുണ്ടാകില്ലായിരുന്നുവെന്നും സ്റ്റീഫൻ ജോർജ് പരിഹസിച്ചു.
അതുപോലെ മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ല, അങ്ങനെയെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ മുന്നണി വിടാമായിരുന്നു. മുന്നണി മാറ്റ ചർച്ചകൾക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















































