തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സിപിഐ നേതൃയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം. മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. ശബരിമല സ്വർണക്കൊളളയടക്കം വിധിയെഴുത്തിൽ പ്രതിഫലിച്ചെന്ന് സിപിഐ പറയുമ്പോൾ ബിജെപി നേടിയ വോട്ട് കണക്ക് നിരത്തി തിരുത്തുകയാണ് സിപിഎം.
അതുപോലെ മുഖ്യമന്ത്രി മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാൾ പട്ടാളം പോലെ പെരുമാറുന്നുവെന്ന് സിപിഐ യോഗത്തിൽ വിമർശനമുണ്ടായി. പിഎം ശ്രീ അതിന് ഉദാഹരണമാണ്. പിഎം ശ്രീയും വെള്ളാപ്പള്ളി നടേശന്റെ സമുദായ വിരുദ്ധ നിലപാടും മുസ്‌ലിം ന്യൂനപക്ഷത്തെ എൽഡിഎഫിൽ നിന്നകറ്റിയെന്നും യോഗം വിലയിരുത്തി. എന്നാൽ ഇതിനെ ഖണ്ഡിച്ച് ഭരണം മികച്ചതെന്നും, പിണറായി സർക്കാറിൻറെ പ്രവർത്തനങ്ങളിൽ ജനം തൃപ്തരെന്നുമാണ് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തൽ. ശബരിമല സ്വർണക്കൊളള ഏറ്റിട്ടില്ലെന്നും കുറ്റം തെളിയാതെ ജയിലിൽ കഴിയുന്ന സിപിഎം നേതാക്കൾക്കതിരെ നടപടി എടുക്കാനാകില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം ശക്തികേന്ദ്രങ്ങളിൽ പോലും തിരിച്ചടി ഉണ്ടായെന്ന് സിപിഎം സമ്മതിക്കുന്നുണ്ട്. കൊല്ലത്ത് ഞെട്ടിയതും മധ്യകേരളത്തിൽ വോട്ട് പോയതുമെല്ലാം പ്രത്യേകം പഠിക്കും എന്നാണ് പാർട്ടി നിലപാട്. തിരുവനന്തപുരം നഗരസഭ ബിജെപി കൊണ്ട് പോയതിന് പിന്നിൽ യുഡിഎഫ് ബിജെപി അഡ്ജസ്റ്റ്മെൻറെന്നും ആരോപണം ഉയർത്തുന്നുണ്ട്. അതുപോലെ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരം കാരണമായില്ലെന്നാണ് സിപിഎമ്മിന്റെ പക്ഷം. ഉണ്ടെന്ന് സിപിഐയും വിലയിരുത്തുന്നു. മാത്രമല്ല മുന്നണിയിൽ കൂട്ടായ ചർച്ചയില്ലെന്നും സിപിഐ വിമർശനം ഉയർത്തി.
ജില്ലാ പഞ്ചായത്തുകളിൽ പോൾ ചെയ്ത രാഷ്ട്രീയ വോട്ടുകളെടുത്താൽ പകുതിയിലധികം മണ്ഡലങ്ങളും ഇടതുമേൽക്കൈ എന്നാണ് സിപിഎം കണക്ക്. എങ്കിലും മുതിർന്ന നേതാക്കൾ നേരിട്ടെത്തി തോൽവി പഠിക്കാൻ തന്നെയാണ് തീരുമാനം.
















































