കണ്ണൂർ/ കോഴിക്കോട്/തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങൾ. ഊരിപ്പിടിച്ച വടിവാളുകളുമായി എൽഡിഎഫ് പ്രവർത്തകരുടെ അഴിഞ്ഞാട്ടം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാനൂർ പാറാട് വടിവാളുമായി യുഡിഎഫ് പ്രവർത്തകരെ ആക്രമിച്ച് എൽഡിഎഫ് പ്രവർത്തകർ. കൂടാതെ നാട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഘം സ്ഫോടക വസ്തുക്കൾ എറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. പാറാട് ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഇവിടെ നടന്ന കല്ലേറിൽ നിരവധി പേർക്ക് പരുക്കേറ്റു. സംഘർഷം തടയാൻ പോലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ ഓടിച്ചത്.
അതേസമയം യുഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകനായ ശരത്ത് കാറിൽ എത്തിയപ്പോൾ പ്രവർത്തകർ കാർ തടഞ്ഞ് അസഭ്യം പറഞ്ഞതാണ് സംഘർഷം തുടങ്ങാൻ കാരണമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇതോടെ ആയുധങ്ങളുമായി സിപിഎം പ്രവർത്തകർ സംഘടിച്ച് പാഞ്ഞെത്തി. ഇവർ വടിവാൾ വീശി ആളുകൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. മുഖം മൂടിക്കെട്ടിയാണ് ചിലർ എത്തിയത്.
ഇതിനിടെ സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികൾ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കല്ലേറിൽ പോലീസ് ബസിന്റെ ചില്ലുതകർന്നു. പാറാട്ടെ ആച്ചാന്റവിട അഷ്റഫിന്റെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും സ്കൂട്ടറും തകർത്തു. സ്ത്രീകളടക്കമുള്ളവരെ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി.
പാറാട്ടെ ലീഗ് ഓഫിസിനു നേരെയും ആക്രമണമുണ്ടായി. ഇവിടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി ലാത്തി വീശിയതോടെയാണ് അക്രമികൾ പിരിഞ്ഞുപോയത്. സംഘർഷത്തിൽ ആരിഫ്, ഷമീൽ, ശാമിൽ, മുഹമ്മദ് ഫാൻസിൻ എന്നിവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ തോൽവിക്ക് പിന്നാലെയാണ് എൽഡിഎഫ് അക്രമം നടത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നു.
അതേസമയം കോഴിക്കോട് വടകര ഏറാമല പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയുണ്ടായ ബോംബേറിൽ പ്രതിമയുടെ കൈകൾ തകർന്നു. കോൺഗ്രസ് ഓഫീസായ ഇന്ദിരാഭവന്റെ കെട്ടിട ഭാഗങ്ങളും ആക്രമകാരികൾ തകർത്തു. ജനകീയ മുന്നണി സ്ഥാനാർത്ഥി ഇവിടെ മൂന്നാം വാർഡിൽ 9 വോട്ടിന് ജയിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയുടെ അപരൻ 30ലേറെ വോട്ട് പിടിച്ചിരുന്നു. ഇതാണ് അക്രമത്തിനുള്ള പ്രകോപനമെന്നാണ് പോലീസ് പറയുന്നത്.
അതുപോലെ കാസർകോട് ബേഡകത്ത് ആഹ്ലാദപ്രകടനത്തിനിടയിലും സിപിഎം പ്രവർത്തകരുടെ ആക്രമണം. കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. തടയാൻ ശ്രമിച്ച പോലീസുകാർക്കും പരുക്കേറ്റു.
നെയ്യാറ്റിൻകരയിൽ സിപിഎം-ബിജെപി സംഘർഷം രണ്ടുപേർക്ക് പരുക്കേറ്റു. മഞ്ചവിളാകം മുട്ടക്കാവത്ത് വച്ചാണ് സംഘർഷമുണ്ടായത്. കൊല്ലയിൽ പഞ്ചായത്തിൽ ബിജെപിയുടെ വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. ഒരു സംഘം സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ബിജെപി പ്രവർത്തകരെ ആക്രമിക്കുകയിരുന്നെന്ന് ബിജെപി ആരോപിക്കുന്നു. അനീഷ്, മണികണ്ഠൻ എന്ന രണ്ട് ബിജെപി പ്രവർത്തകർക്കാണ് പരുക്കേറ്റത്.


















































