കൊച്ചിലെ മുതൽ സുനിൽകുമാർ എൻ.എസിന്റെ കണ്ണ് എപ്പോഴും നിരത്തിൽകൂടി പായുന്ന ബജാജ് പൾസർ ബൈക്കുകളിൽ, മോഷ്ടിച്ച ബൈക്കുകളിൽ മിക്കതും പൾസറായിരുന്നു. മറ്റു പല മോഷണങ്ങൾക്കായി ആശ്രയിച്ചതും പൾസർതന്നെ. 10ാം ക്ലാസിൽ പഠിക്കുമ്പോൾ പൾസർ ബൈക്ക് മോഷ്ടിച്ചതിനെതിന് പിടികൂടിയതോടെ നാട്ടുകാർ ഇട്ട ഇരട്ടപ്പേരാണ് പൾസർ സുനി എന്നത്. കൗമാരത്തിലേ ലഹരി, മോഷണം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ക്വട്ടേഷൻ, കുഴൽപണം എന്നിങ്ങനെ പല കേസുകളിൽ പ്രതിയായിരുന്നു സുനി. കോടനാട് പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലും ഇയാളുടെ പേരുണ്ട്.
അകേസമയം സിനിമാക്കാർക്കിടയിലെ സുനിക്കുട്ടൻ, അടുപ്പക്കാരുടെ സുനി, പൊതുജന മധ്യത്തിലെ പൾസർ സുനി… എന്നിങ്ങനെ വിളിപ്പേരുകൾ പലതാണ്. അതിനാൽ അങ്ങനെയാണ് സുനി, പൾസർ സുനിയാവുന്നത്. പോലീസുകാർക്കിടയിലടക്കം പെട്ടെന്ന് തിരിച്ചറിയാനായി ഈ പേരാണ് വ്യാപകമായി ഉപയോഗിച്ചത്. ചെറുപ്പംതൊട്ടേ വീട്ടിൽനിന്ന് അകന്നുനിന്ന സുനിൽ, സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻപോലും എത്തിയിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. അപ്പോഴും സെറ്റിലെ സൗമ്യനായ ഡ്രൈവറായിട്ടാണ് സുനിയെ പലർക്കും പരിചയം. എന്നാൽ നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷനെടുത്ത സുനിൽ, സിനിമാ സെറ്റുകളിൽ കയറിപ്പറ്റി മനഃപൂർവം സൗമ്യതയുടെ മൂടുപടമണിയുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ഐമുറി നടുവിലേക്കുടി വീട്ടിൽ സുരേന്ദ്രൻ-ശോഭന ദമ്പതിമാരുടെ മകനാണ് സുനി. കുറ്റകൃത്യങ്ങൾക്കിടയിലും നടൻ മുകേഷ് ഉൾപ്പെടെയുള്ള പ്രമുഖരുടെ ഡ്രൈവറായി പ്രവർത്തിച്ചു. അതിനാൽത്തന്നെ 46-ാം കേസിലെ 46-ാം സാക്ഷിയാണ് മുകേഷ്. സുനി പ്രശ്‌നക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ ജോലിയിൽനിന്ന് ഒഴിവാക്കിയെന്നാണ് മുകേഷ് മൊഴിനൽകിയത്.
പൾസർ സുനി കേരളത്തരയുടെ ചർച്ചകളിലെത്തിയത് 2017ൽ
ഒരു സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി നടിയെ തൃശ്ശൂരിലെ വീട്ടിൽനിന്ന് എറണാകുളത്തെത്തിക്കണം. പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ നിർദേശിച്ചത് പ്രകാരം മാർട്ടിനായിരുന്നു കൊണ്ടുവരാനുള്ള ആ ചുമതല. ഇതിനിടെ നടിയെ അപായപ്പെടുത്താൻ മാസങ്ങളായി പല വഴികൾ നോക്കിയിരുന്ന പൾസർ സുനി ഈ അവസരം മുതലെടുക്കാൻതന്നെ തീരുമാനിച്ചു. മാർട്ടിനുമായി കൂട്ടുചേർന്ന്, പദ്ധതി തയ്യാറാക്കി. അങ്ങനെ മാർട്ടിൻ നടിയെയുമായി കാറിൽ 2017 ഫെബ്രുവരി 17ന് എറണാകുളത്തേക്ക്…
നടിയുമായുള്ള കാർ അങ്കമാലിക്കടുത്ത് അത്താണിയിൽ എത്തിയപ്പോൾ കാറിന് പിന്നിൽ ഒരു ട്രാവലറിടിച്ചു. പിന്നാലെ, ട്രാവലറിലെത്തിയ പൾസർ സുനിയുടെ നേതൃത്വത്തിൽ ഒരു സംഘം നടിയെ തട്ടിക്കൊണ്ടുപോയി. രണ്ടുമണിക്കൂറോളം നടിയേയുംകൊണ്ട് സംഘം കൊച്ചി നഗരത്തിലൂടെ സഞ്ചരിച്ചു. ഇതിനിടെ, നടിയെ ലൈംഗികമായി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തി. അതിക്രമത്തിന് ശേഷം നടിയെ സംവിധായകനും നടനുമായ ലാലിന്റെ വീട്ടിൽ എത്തിച്ചു. നടി ലാലിനോട് സംഭവിച്ച കാര്യങ്ങൾ വിശദമായി പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്നു നിർമാതാവ് ആന്റോ ജോസഫിന്റേയും പി.ടി. തോമസിന്റേയും ലാലിന്റേയും സഹായത്താൽ നടി പോലീസിൽ പരാതി നൽകി. ഇത് പിന്നീട് നടൻ ദിലീപിലേക്കടക്കമുള്ളവരിലേക്ക് എത്തിച്ച ഏറെ കോളിളക്കം സൃഷ്ടിച്ച കേസായി മാറി.
അതേസമയം നടിയെ ആക്രമിക്കാൻ സുനി പലവട്ടം ശ്രമം നടത്തിയതായി ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നുണ്ട്. നടിയുടെ ഡ്രൈവറാവാൻ പല ലൊക്കേഷനുകളിൽവെച്ചും ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഇതിനിടെ നടി അന്യഭാഷാ ചിത്രങ്ങളിലേക്ക് പോയി. ഗോവയിൽവച്ചടക്കം നടിയെ വീണ്ടും അപായപ്പെടുത്താൻ സുനി ശ്രമിച്ചു. പിന്നീട് തിരികെ കേരളത്തിലെത്തിയതോടെയാണ് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്. ഗോവയിൽ എയർപോട്ടിൽനിന്ന് നടിയെ ഹോട്ടലിലെത്തിച്ചിരുന്നത് സുനിയാണ്. അതിനാൽ മാർട്ടിന് പകരക്കാരനായി സുനി ഡ്രൈവറായി കാറിൽ കയറിയപ്പോഴും നടിക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. കേസിൽ പിന്നീട് സുനി ഒന്നാം പ്രതിയായി. സംഭവത്തിനുശേഷം ഒളിവിലായിരുന്ന സുനി കോടതിയിൽ കീഴടങ്ങാനെത്തിയ നേരം നാടകീയമായി പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം നടന്ന് എട്ട് വർഷങ്ങൾക്കിപ്പുറം സുനിയും മറ്റു അഞ്ച് പ്രതികളും കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ഓരോരുത്തർക്കും 20 വർഷംവീതം തടവുശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ഓരോ പ്രതികളിൽ നിന്നും 50000 രൂപ വീതം ഈടാക്കാനും കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ഐടി ആക്ട് പ്രകാരം മൂന്ന് വർഷം തടവും കോടതി വിധിച്ചു.















































