തിരുവനന്തപുരം: അടുത്തിടെ സിപിഎം– സിപിഐ ബന്ധത്തെ പോലും ഉലച്ച പിഎം ശ്രീ കരാർ ഒപ്പിടലിനു പിന്നിൽ ഇടനിലക്കാരനായത് സിപിഎം കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായ ജോൺ ബ്രിട്ടാസ് എംപിയെന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി തന്നെ തുറന്നുപറച്ചിലിൽ വീണ്ടും വെട്ടിലായി സിപിഎം. പുതിയ വെളിപ്പെടുത്തലോടെ പാർട്ടിയിലും മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ രഹസ്യമായുള്ള ഒപ്പിടലിനു ബ്രിട്ടാസ് പാലമായത് ആരുടെ താൽപര്യപ്രകാരമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
മാത്രമല്ല കേരളം പിഎം ശ്രീ കരാറിൽ ഒപ്പിട്ട ഘട്ടത്തിൽ തന്നെ മന്ത്രി പ്രധാൻ നന്ദി പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനും ജോൺ ബ്രിട്ടാസിനുമാണ്. ആ ഇടനിലയാണ് അദ്ദേഹം രാജ്യസഭയിലും സാക്ഷ്യപ്പെടുത്തിയത്. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയത്തിനെതിരെയും അതു സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപിക്കാനുള്ള ശ്രമത്തിനെതിരെയും രാജ്യസഭയിലടക്കം ഘോരഘോരം പ്രസംഗിച്ചിട്ടുള്ളയാളാണ് ബ്രിട്ടാസ്. ആ ആളുതന്നെ അതേ നയത്തിനു സംസ്ഥാനത്തേക്കു വാതിൽ തുറന്നുകൊടുക്കുന്ന പദ്ധതിയായ പിഎം ശ്രീക്കു വഴിവെട്ടാനാണ് അദ്ദേഹം രഹസ്യ ഇടനിലക്കാരനായത്. കേരളം രഹസ്യമായി ധാരണാപത്രത്തിൽ ഒപ്പിട്ടശേഷവും പിഎം ശ്രീയെയും എൻഇപിയെയും ശക്തമായി എതിർക്കുന്ന സമീപനമാണ് സിപിഎം കേന്ദ്ര കമ്മിറ്റിയും പൊളിറ്റ്ബ്യൂറോയും സ്വീകരിച്ചത്. എന്നാൽ, അതേ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായ ബ്രിട്ടാസാണ് ഒപ്പിടലിനു ചരടുവലിച്ചതെന്നു വ്യക്തമാകുമ്പോൾ പാർട്ടി ഇനിയെന്തു നിലപാട് സ്വീകരിക്കുമെന്നതും കാത്തിരുന്നു കാണേണ്ടതാണ്.
പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായി പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞത്. ഇക്കാര്യത്തിൽ ബ്രിട്ടാസിനെ താൻ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ പറഞ്ഞു. സർവ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും മന്ത്രി വെളിപ്പെടുത്തി.
ഇക്കാര്യത്തിൽ കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് തനിക്കു അറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 10നു മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഒപ്പിടാനുള്ള രഹസ്യ തീരുമാനമുണ്ടായത്. ഒരാഴ്ചയ്ക്കകം ധാരണാപത്രത്തിന്റെ കരടുരേഖ തയാറായി. ഒക്ടോബർ 23നു ഡൽഹിയിൽ ഒപ്പിട്ടു. അതേസമയം സിപിഎം–ബിജെപി, നരേന്ദ്ര മോദി–പിണറായി വിജയൻ രഹസ്യ സഖ്യങ്ങളുണ്ടെന്ന യുഡിഎഫ് ആരോപണം ബലപ്പെടുത്തുന്നതാണ് പുതിയ വെളിപ്പെടുത്തൽ.
പിഎംശ്രീ കരാറിൽ ഇടനിലക്കാരൻ സിപിഎം എംപിയാണെന്നു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമായി പറഞ്ഞുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറയുന്നു. മാത്രമല്ല ഇക്കാര്യത്തിൽ സിപിഎമ്മും സിപിഐയും നിലപാട് വ്യക്തമാക്കണം. കേരള സർക്കാരും ബിജെപിയും തമ്മിലുള്ള ഡീലുകൾ കുറച്ചുനാളായി നാം കാണുകയാണ്. ധനമന്ത്രി നിർമല സീതാരാമന്റെ വീട്ടിലെ പ്രാതലും അമിത് ഷായുടെ വീട്ടിലെ കൂടിക്കാഴ്ചയുമൊക്കെ കൂട്ടിവായിച്ച് പിഎം ശ്രീയിലും ലേബർ കോഡിലുമെല്ലാം ഒത്തുകളിയാണെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാണ്– വേണുഗോപാൽ പറഞ്ഞു. ഇതിനിടെ ജോൺ ബ്രിട്ടാസ് ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ആളല്ലെന്ന് മന്ത്രി ജി.ആർ. അനിൽ പറയുന്നു. അങ്ങനെ പറഞ്ഞത് ബിജെപി മന്ത്രിയാണ്. പിഎം ശ്രീ അടഞ്ഞ അധ്യായമാണെന്നും മന്ത്രി പറഞ്ഞു.


















































